നിപ; ‘വാർത്ത വളച്ചൊടിച്ച്‌ ആളുകളെ ഭയപ്പെടുത്തരുത്‌’: മനോരമയോട്‌ മന്ത്രി വീണാ ജോർജ്‌

തെറ്റായതോ വളച്ചൊടിച്ചതോ ആയ വാര്‍ത്തകള്‍ കൊടുക്കുന്നത് ഉത്തരവാദിത്വമുള്ള ഒരു മാധ്യമത്തിന് ഒരിക്കലും ചേരാത്ത പ്രവർത്തിയാണ്.

0
129

തിരുവനന്തപുരം: നിപ പ്രതിരോധത്തിന് ഒറ്റക്കെട്ടായി ശ്രമിക്കുമ്പോള്‍ ദയവായി ആളുകളെ ഭയചകിതരാക്കുന്ന വാര്‍ത്തകള്‍ കൊടുക്കരുതെന്ന് മനോരമ പത്രത്തോട് അഭ്യർത്ഥിക്കുന്നതായി മന്ത്രി വീണാ ജോർജ്‌. നിപ ഉണ്ടെന്ന് കണ്ടെത്തിയ ആരോഗ്യ പ്രവര്‍ത്തകന്‍ ആരോഗ്യ വകുപ്പിന്റെ സമ്പര്‍ക്കപ്പട്ടികയില്‍ ഉണ്ടായിരുന്ന ആളാണ്. ഈ വ്യക്തി ആരോഗ്യ പ്രവര്‍ത്തകനോ രോഗിയോ ആയിട്ടല്ല സമ്പര്‍ക്കസ്ഥലത്ത് വന്നത്. മറിച്ച് ഒരു രോഗിക്ക് തന്നെ ഉണ്ടാകാനിടയുള്ള പല കൂട്ടിരിപ്പുകാരില്‍ ഒരാളായിരുന്നുവെന്നും മന്ത്രി ഫെയ്‌സ്‌ബുക്ക്‌ കുറിപ്പിൽ പറഞ്ഞു.

മന്ത്രിയുടെ കുറിപ്പ് ഇങ്ങനെ.

മനോരമ ദിനപത്രം ഇന്ന് പ്രസിദ്ധീകരിച്ച ഒരു വാര്‍ത്ത സംബന്ധിച്ചാണ്…

കോഴിക്കോട് നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ പ്രതിരോധത്തിന് ഒറ്റക്കെട്ടായി (ഇന്നലെ സര്‍വകക്ഷി യോഗത്തില്‍ പങ്കെടുത്ത എല്ലാവരും ഒരുപോലെ സര്‍ക്കാര്‍ നടത്തിയ പ്രവര്‍ത്തനങ്ങളെയും ഇടപെടലുകളെയും അഭിനന്ദിക്കുകയാണ് ചെയ്‌തത്.) നാം ശ്രമിക്കുമ്പോള്‍ ദയവായി ആളുകളെ ഭയചകിതരാക്കുന്ന വാര്‍ത്തകള്‍ കൊടുക്കരുത് എന്ന് മനോരമ പത്രത്തോട് അഭ്യര്‍ത്ഥിക്കുന്നു. നിപ നിയന്ത്രണത്തിനായി അഹോരാത്രം പ്രവര്‍ത്തിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരുടെ ആത്മവീര്യം, തെറ്റായതോ വളച്ചൊടിച്ചതോ ആയ വാര്‍ത്തകള്‍ നല്‍കി കെടുത്താന്‍ ശ്രമിക്കരുത് എന്നും അഭ്യര്‍ത്ഥിക്കുന്നു. അത് ഉത്തരവാദിത്വമുള്ള ഒരു മാധ്യമത്തിന് ഒരിക്കലും ചേരാത്ത ഒരു പ്രവര്‍ത്തിയാണ് എന്ന് പറയട്ടെ.

“നിപ പ്രതിരോധം പാളി… സമ്പര്‍ക്ക പട്ടിക ഉണ്ടാക്കുന്നതില്‍ പോലും മെല്ലെ പോക്ക് എന്നാണ് വാര്‍ത്തയുടെ തലക്കെട്ട്‌’!

സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെടാത്ത ആള്‍ പോസിറ്റീവ് ആയി എന്നതാണ് ഒരു ആക്ഷേപം. സ്രവപരിശോധനയ്‌ക്ക്‌ സാമ്പിള്‍ അയച്ചതില്‍ പ്രോട്ടോക്കോള്‍ പാലിച്ചില്ല എന്നതാണ് രണ്ടാമത്തെ ആക്ഷേപം. അവസാനം പോസിറ്റീവായ വ്യക്തിക്ക് രോഗബാധയുണ്ടായത് ആരോഗ്യ വകുപ്പ് തയ്യാറാക്കിയ റൂട്ട് മാപ്പില്‍പ്പെട്ട സ്ഥലത്ത് നിന്ന് തന്നെയായിരുന്നു. പ്രസ്‌തുത സ്ഥലം ഒരു ആശുപത്രിയാണ്. അവിടയെുള്ള എല്ലാ ആരോഗ്യ പ്രവര്‍ത്തകരും രോഗികളും ആരോഗ്യ വകുപ്പിന്റെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നു. നിപ ഉണ്ട് എന്ന് കണ്ടെത്തിയ ആരോഗ്യ പ്രവര്‍ത്തകന്‍ പ്രസ്‌തുത പട്ടികയില്‍ ഉണ്ടായിരുന്ന ആളാണ്. മേൽപ്പറഞ്ഞ വ്യക്തി ഒരു ആരോഗ്യ പ്രവര്‍ത്തകനോ രോഗിയോ ആയിട്ടല്ല സമ്പര്‍ക്ക സ്ഥലത്ത് വന്നത്. മറിച്ച് ഒരു രോഗിക്ക് തന്നെ ഉണ്ടാകാനിടയുള്ള പല കൂട്ടിരിപ്പുകാരില്‍ ഒരാളായിരുന്നു. തിരക്കുള്ള ആശുപത്രിയില്‍ രോഗികളായി വന്ന ആളുകള്‍ ഓരോരുത്തരെയും ബന്ധപ്പെട്ട് കൂട്ടിരിപ്പുകാരുടെ വിവരങ്ങള്‍ ശേഖരിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് അതിലൊരാള്‍ പോസിറ്റീവായത്. രോഗം പകരാനിടയുള്ള സ്ഥലങ്ങള്‍ പൊതുമീഡിയയില്‍ പ്രസിദ്ധീകരിച്ചിരുന്നു. അവിടങ്ങളിലുണ്ടായിരുന്നവര്‍ നിപ കണ്‍ട്രോള്‍ റൂമില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് അപേക്ഷിച്ചിരുന്നു.

നിപ രോഗികളുടെ സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കുക എന്നത് അത്യന്തം ക്ലേശകരമായ പ്രവര്‍ത്തനമാണ്. കേരളത്തില്‍ സ്‌തുത്യര്‍ഹമായി മുന്‍കാലങ്ങളില്‍ നടന്ന നിപാ നിയന്ത്രണങ്ങളിലും രോഗബാധയുണ്ടായതായി കണ്ടെത്തിയത് അതിനകം സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവരായിരുന്നില്ല. രോഗബാധയുണ്ടായി എന്നറിഞ്ഞതിന് ശേഷം സമ്പര്‍ക്കം കണ്ടെത്തുകയായിരുന്നു. എന്നാല്‍ ഇത്തവണ രോഗ വ്യാപനം ശ്രദ്ധയില്‍പ്പെട്ടതിന് ശേഷം കണ്ടെത്തിയ രണ്ട് രോഗികളില്‍ ഒരാള്‍ ആരോഗ്യ വകുപ്പിന്റെ സമ്പര്‍ക്കപ്പട്ടികയില്‍ നിന്ന് തന്നെ ആയിരുന്നു. മാത്രമല്ല, ആദ്യ രോഗിക്ക് തന്നെ നിപയായിരുന്നു എന്ന് ഉറപ്പാക്കാനും കഴിഞ്ഞിട്ടുണ്ട്.

നിപ സ്ഥിരീകരിച്ച വ്യക്തിയുടെ സ്രവം പരിശോധനക്കായി വൈറോളജി ലാബിലേക്ക് അയച്ചതില്‍ പ്രേട്ടോക്കോള്‍ പാലിച്ചില്ല എന്ന വാര്‍ത്ത വസ്തുതാ വിരുദ്ധമാണ്. നിപ രോഗം ബാധിച്ച് മരണമടഞ്ഞ ആള്‍ ചികിത്സയ്‌ക്കായി എത്തിയ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരായ രണ്ടു പേരെ കോണ്ടാക്‌ട്‌ സര്‍വ്വേയിലൂടെ കണ്ടെത്തുകയും സ്രവം പരിശോധനയ്‌ക്കായി എടുക്കുകയും ചെയ്‌തു. നിപ കണ്‍ട്രോള്‍ സെല്ലില്‍ സ്രവപരിശോധനാ ചുമതലയുള്ള മെഡിക്കൽ കോളേജിലെ ഡോക്‌ടറായ ടീം ലീഡര്‍ നിയോഗിച്ച വാഹനത്തില്‍ സ്രവം എറണാകുളത്തെത്തിക്കുകയും അവിടെ നിന്നും വിമാനമാര്‍ഗ്ഗം12.09.2023 ചൊവ്വാഴ്‌ച രാത്രിയില്‍ ഐന്‍ഐവി പൂനയിലേക്ക് അയക്കുകയുമാണ് ചെയ്യത്. ഇതോടൊപ്പം നിര്‍ദ്ദിഷ്‌ട ഫോര്‍മാറ്റില്‍ റിക്വസ്റ്റ് പൂനയിലേക്ക് അയക്കുകയും അവിടെ നിന്നും പരിശോധനാ ഫലം 13.09.2023 ബുധനാഴ്‌ച തന്നെ ലഭിക്കുകയും ചെയ്‌തിട്ടുണ്ട്. ഇതില്‍ ഒരാളിന്റെ ഫലം പോസിറ്റീവും മറ്റേയാളിന്റേത് നെഗറ്റീവുമായിരുന്നു. സാമ്പിള്‍ അയക്കുന്നതില്‍ കാലതാമസമോ ആശയക്കുഴപ്പമോ ഉണ്ടായിട്ടില്ല.

English Summary: Nipah; ‘Don’t scare people’, Minister Veena George to Manorama.