സൗദി അറേബ്യയിൽ അരങ്ങേറി നെയ്‌മർ: ഗോളിൽ ആറാടി അൽ ഹിലാൽ

മനോഹര നീക്കങ്ങളിലൂടെ കാണികളെ ത്രസിപ്പിക്കാനും അസിസ്റ്റ് നൽകാനും കഴിഞ്ഞ നെയ്മറിന്‌ പക്ഷെ വലകുലുക്കാനായില്ല..

0
191

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പാത പിന്തുടർന്ന്‌ സൗദി ലീഗിലെത്തിയ ബ്രസീൽ താരം നെയ്മർ അൽ ഹിലാലിനായി അരങ്ങേറി. ബ്രസീൽ സുൽത്താന്റെ അരങ്ങേറ്റം കാണാൻ നീല ജഴ്സിയണിഞ്ഞ് പതിനായിരങ്ങൾ സ്‌റ്റേഡിയത്തിലേക്ക്‌ ഒഴുകിയെത്തി. എന്നാൽ, ആദ്യ പതിനൊന്നിൽ താരമുണ്ടായിരുന്നില്ല. 64-ാം മിനിറ്റിൽ സൂപ്പർ താരം ഗ്രൗണ്ടി​ലെത്തിയപ്പോൾ സ്റ്റേഡിയം അക്ഷരാർഥത്തിൽ ഇളക്കി മറിഞ്ഞു. ബ്രസീലിന്റെ എക്കാലത്തെയും ടോപ് സ്കോറർ എന്ന്‌ എഴുതിയ കൂറ്റൻ ഫ്ലക്സ് ഉയർത്തിയാണ് ആരാധകർ നെയ്‌മറെ വരവേട്ടത്‌.

സൗദി പ്രോ ലീഗിൽ തങ്ങളുടെ സൂപ്പർ താരത്തെ അവതരിപ്പിച്ച മത്സരത്തിൽ അൽ ഹിലാൽ അൽ റിയാദിനെ ഒന്നിനെതിരെ ആറ് ഗോളിനാണ് ജയിച്ചത്‌. മനോഹര നീക്കങ്ങളിലൂടെ കാണികളെ ത്രസിപ്പിക്കാനും അസിസ്റ്റ് നൽകാനും കഴിഞ്ഞ നെയ്മറിന്‌ പക്ഷെ വലകുലുക്കാനായില്ല.

മത്സരത്തിലെ ആദ്യ ഗോൾ 30-ാം മിനിറ്റിൽ പെനാൽറ്റിയിലൂടെയായിരുന്നു. അലക്സാണ്ടർ മിത്രോവിച്ച് തുടക്കമിട്ട ഗോൾ വേട്ട രണ്ടാം പകുതിയുടെ പരുക്ക്‌ സമയത്താണ്‌ അവസാനിച്ചത്‌. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിന്റെ നാലാം മിനിറ്റിൽ യാസർ അൽ ഷെഹ്റാനി ലീഡ് ഇരട്ടിയാക്കി. 64-ാം മിനിറ്റിൽ നെയ്മർ കൂടി എത്തിയതോടെ അൽ ഹിലാലിന്റെ ആക്രമണങ്ങൾ ശരവേഗതിലായി. 68-ാം മിനിറ്റിൽ നാസർ അൽ ദവാസാരിയും 83-ാം മിനിറ്റിൽ മാൽക്കമും നെയ്മറിന്റെ അസിസ്റ്റിൽ ഗോൾ നേടി.

87-ാം മിനിറ്റിൽ അൽ ഹിലാലിന് അനുകൂലമായി വീണ്ടും പെനാൽറ്റി ലഭിച്ചപ്പോൾ നെയ്മർ കിക്കെടുക്കാനെത്തുമെന്ന് ആരാധകർ പ്രതീക്ഷിച്ചെങ്കിലും എത്തിയത് സലിം അൽ ദവാസാരി ആയിരുന്നു. താരം പിഴവില്ലാതെ അത് ഗോളാക്കുകയും ചെയ്തു. രണ്ടാം പകുതിയുടെ ഇഞ്ചുറി സമയത്തിന്റെ ആറാം മിനിറ്റിൽ ഗോൾ നേടാൻ നെയ്മറിന് സുവർണാവസരം ലഭിച്ചെങ്കിലും താരത്തിന്റെ ഷോട്ട് എതിർ ഗോളി തട്ടിത്തെറിപ്പിച്ചു. ഇത് നേരെയെത്തിയത് ദവാസാരിയുടെ കാലിൽ. പന്ത് വലയിലാക്കി പട്ടിക പൂർത്തിയാക്കി. ഒരു മിനിറ്റിന് ശേഷം അലി അൽ സഖാൻ അൽ റിയാദിന്റെ ആശ്വാസ ഗോൾ കണ്ടെത്തി.

കളിച്ച ആറ് മത്സരങ്ങളിൽ അഞ്ച് ജയവും ഒരു സമനിലയുമായി 16 പോയന്റോടെ അൽ ഹിലാൽ ലീഗിൽ ഒന്നാമതാണ്. ഇത്രയും കളികളിൽ 15 പോയന്റുള്ള അൽ ഇത്തിഹാദാണ് രണ്ടാമത്.