പാലക്കാട് മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. സിപി പ്രമോദിന്‍റെ പ്രചാരണം ശക്തമാക്കാൻ ആവേശത്തോടെ അഭിഭാഷക സംഘം. ആള്‍ ഇന്ത്യ ലോയേഴ്സ് യൂണിയനിലെ വനിതാ അഭിഭാഷകരുടെ സംഘമാണ് പാലക്കാട് മണ്ഡലത്തില്‍ പ്രചാരണത്തിനിറങ്ങിയത്.
പാലക്കാട് മണ്ഡലത്തില്‍ വിജയക്കൊടി പാറിക്കാനുറപ്പിച്ച് പ്രചാരണരംഗത്ത് ഏറെ മുന്നിലാണ് ഇടതുപക്ഷ സ്ഥാനാര്‍ത്ഥി അഡ്വ. സിപി പ്രമോദ്. ആള്‍ ഇന്ത്യ ലോയേഴ്സ് യൂണിയന്‍ സംസ്ഥാന സെക്രട്ടറിയായ സിപി പ്രമോദിന്‍റെ വിജയമുറപ്പിക്കാന്‍ വനിതാ അഭിഭാഷകരുടെ സംഘമാണ് മണ്ഡലത്തില്‍ പ്രചാരണത്തിനിറങ്ങിയത്.
എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ വികസന പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ച് വിവിധ സ്ക്വാഡുകളായി വീടുകള്‍ കയറിയിറങ്ങുകയും മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളില്‍ സ്ഥാനാര്‍ത്ഥിക്കൊപ്പം റോഡ് ഷോയില്‍ പങ്കെടുക്കുകയും ചെയ്തു. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്നുള്ള 40പേരടങ്ങുന്ന സംഘമാണ് രണ്ട് ദിവസം മണ്ഡലത്തില്‍ പ്രചാരണം നടത്തിയത്.