‘മുഖ്യമന്ത്രി പദം കണ്ണുവെച്ച രണ്ട് മുൻ ആഭ്യന്തരമന്ത്രിമാർ ഉമ്മൻചാണ്ടിയെ താഴെയിറക്കാൻ കളിച്ചു; നന്ദകുമാര്‍

ഉമ്മൻചാണ്ടിക്കെതിരായ കത്ത് പുറത്തുവിടാൻ ഇരുവരുടെയും ദൂതന്‍മാര്‍ തന്നെ വന്ന് കണ്ടു.

0
108

കൊച്ചി: സോളാർ കേസിൽ കോൺഗ്രസ് നേതാക്കളായ ചെന്നിത്തലയ്ക്കും തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമെതിരെ ഒളിയമ്പുമായി ടി ജി നന്ദകുമാര്‍. സോളാര്‍ കത്ത് വിവാദത്തിന് പിന്നില്‍ യുഡിഎഫിലെ രണ്ട് മുന്‍ ആഭ്യന്തരമന്ത്രിമാരാണെന്ന് നന്ദകുമാര്‍ വെളിപ്പെടുത്തി. മുഖ്യമന്ത്രി പദം കണ്ണുവെച്ച രണ്ടുപേരും ഉമ്മൻചണ്ടിക്കെതിരെ കളിച്ചു. ഉമ്മന്‍ചാണ്ടിക്കെതിരായ കത്ത് പുറത്തുവരാന്‍ ഇരുവരും ആഗ്രഹിച്ചു. എന്നാല്‍ എല്‍ഡിഎഫ് നേതാക്കളാരും കത്ത് പുറത്തുവിടാന്‍ തന്നോട് നിര്‍ദേശിച്ചിട്ടില്ലെന്നും നന്ദകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.

സോളാര്‍ കേസുമായി ബന്ധപ്പെട്ട ലൈംഗിക പീഡനാരോപണത്തില്‍ പരാതിക്കാരിയെഴുതിയ കത്ത് പുറത്തുവിടണമെന്ന് ശക്തമായി ആഗ്രഹിച്ചത് രണ്ട് കോണ്‍ഗ്രസ് നേതാക്കളായിരുന്നുവെന്ന ഗുരുതര ആരോപണമാണ് ദല്ലാള്‍ നന്ദകുമാര്‍ ഉന്നയിച്ചത്. യുഡിഎഫ് ഭരണകാലത്തെ രണ്ട് മുന്‍ ആഭ്യന്തര മന്ത്രിമാരാണ് കത്ത് പ്രസിദ്ധീകരിക്കണമെന്ന് ആഗ്രഹിച്ചത്. ഉമ്മന്‍ചാണ്ടിയെ താഴെയിറക്കി മുഖ്യമന്ത്രിയാവാന്‍ ശ്രമിച്ചിരുന്നവരാണ് ഇരുവരും. കത്ത് പുറത്തുവിടുന്നതുമായി ബന്ധപ്പെട്ട് ഇരുവരുടെയും ദൂതന്‍മാര്‍ തന്നെ വന്ന് കണ്ടിരുന്നുവെന്നും നന്ദകുമാര്‍ വെളിപ്പെടുത്തി.

എല്‍ഡിഎഫിന്റെ ഒരു നേതാവും കത്ത് പുറത്തുവിടണമെന്ന് തന്നോട് നിര്‍ദേശിച്ചിട്ടില്ല. താനും പരാതിക്കാരിയും ചേര്‍ന്ന് മുഖ്യമന്ത്രിയെ കണ്ടുവെന്ന ആരോപണം തെറ്റാണ്. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ഇതുവരെ താന്‍ മുഖ്യമന്ത്രിയെ നേരില്‍ കണ്ടിട്ടില്ലെന്നും നന്ദകുമാര്‍ വ്യക്തമാക്കി. പരാതിക്കാരി എഴുതിയ 25 പേജുള്ള കത്തിലെ ആദ്യ പേജില്‍ത്തന്നെ ഉമ്മന്‍ചാണ്ടിയുടെ പേരുണ്ടെന്നും കത്ത് ഒറിജിനലാണെന്ന് പരാതിക്കാരി തന്നോട് വെളിപ്പെടുത്തിയിരുന്നുവെന്നും നന്ദകുമാര്‍ പറഞ്ഞു.

English Summary: Nandakumar against Chennithala and Thiruvanchoor on solar letter.