നിപ സംശയം: കോഴിക്കോട് ജില്ലയിൽ ആരോഗ്യ ജാഗ്രത; ഉന്നതതല യോഗം തുടങ്ങി

സമ്പർക്കപട്ടിക തയ്യാറാക്കി തുടങ്ങി; ഇന്ന് പ്രാദേശിക അവധി.

0
111

കോഴിക്കോട്: രണ്ട്‌ നിപാ മരണങ്ങൾ സംശയിക്കുന്ന സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിൽ ആരോഗ്യ ജാഗ്രത പ്രഖ്യാപിച്ചു. പരിശോധനാഫലം വരുംവരെ മുൻകരുതൽ എന്ന നിലയിലാണ് ആരോഗ്യവകുപ്പ് ജില്ലയിൽ ജാഗ്രതാ നിർദേശം നൽകിയിരിക്കുന്നത്. സ്വകാര്യ ആശുപത്രിയിൽ പനി ബാധിച്ച് രണ്ടുപേർ മരിക്കുകയും ഒരാൾ സമാന ലക്ഷണങ്ങളോടെ ചികിത്സയിലാവുകയും ചെയ്തതോടെയാണ് ജാ​ഗ്രത.

ഇതിന്റെ ഭാഗമായി ആയഞ്ചേരി,മരുതോങ്കര പഞ്ചായത്തുകളിൽ സ്കൂളുകൾക്കും അങ്കണവാടികൾക്കും അവധി നൽകി. കുറ്റ്യാടി, നാദാപുരം മണ്ഡലങ്ങളിൽ ഉൾപ്പെട്ട 15 കിലോമീറ്റർ ചുറ്റളവിലും പ്രത്യേക ജാഗ്രത പുലർത്തുന്നുണ്ട്. പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് പരിശോധനാഫലം വന്നതിന് ശേഷമെ നിപ പ്രോട്ടോക്കോളിലേക്ക് മാറുന്നതിൽ ആരോഗ്യവകുപ്പ് തീരുമാനം കൈക്കൊള്ളുകയുള്ളു.

രോഗലക്ഷണങ്ങളോടെ ചികിത്സയിലുള്ളവരെ ക്വാറന്റീനിലാക്കിയിട്ടുണ്ട്. രണ്ട് സ്വകാര്യ ആശുപത്രികളിൽ ചികിത്സ നൽകിയ ആരോഗ്യ പ്രവർത്തകരെ ഐസൊലേറ്റ് ചെയ്തു. പനിബാധിച്ചവരുടെ സമ്പർക്ക പട്ടിക ശേഖരണം വേഗത്തിലാക്കിയിട്ടുണ്ട്. നിപ എന്നത് സംശയം മാത്രമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും എന്നാല്‍ ജാഗ്രത വേണമെന്നുമാണ് നിര്‍ദേശം. ചികിത്സയിലുള്ളവരുടെ സ്രവ പരിശോധനയുടെ ഫലം ഉച്ചയോടെ ലഭിക്കും. അതിനുശേഷമേ കാര്യങ്ങളിൽ വ്യക്തത വരികയുള്ളുവെന്നും ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു.

നിപാ മരണങ്ങൾ സംശയിക്കുന്ന സാഹചര്യത്തിൽ കോഴിക്കോട് കലക്ടറേറ്റിൽ ഉന്നതതല യോഗം തുടങ്ങി. മന്ത്രിമാരായ വീണാ ജോർജും പി എ മുഹമ്മദ്‌ റിയാസും ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കുന്നു. അസ്വാഭാവിക മരണങ്ങൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ജില്ലയിൽ കൈക്കൊള്ളേണ്ട പ്രതിരോധ മാർഗങ്ങളും തീരുമാനങ്ങളും യോഗം കൈക്കൊള്ളും. സമ്പർക്ക പട്ടിക അടിയന്തിരമായി തയ്യാറാക്കി നൽകാൻ മന്ത്രി വീണാ ജോർജ് യോഗത്തിൽ നിർദ്ദേശിച്ചു. നിയമസഭാ സമ്മേളനം നടക്കുന്നതിനിടെയാണ്‌ എല്ലാ പരിപാടികളും റദ്ദാക്കി മന്ത്രിമാർ കോഴിക്കോട്ട്‌ എത്തിയത്‌.

സ്വകാര്യ ആശുപത്രികളിൽ റിപ്പോർട്ട് ചെയ്യപ്പെട്ട രണ്ട് മരണങ്ങളിലും നിപ ലക്ഷണങ്ങൾ കണ്ടെത്തിയിരുന്നു. ഒരാൾ ആഗസ്ത് 30-നും രണ്ടാമത്തെയാൾ തിങ്കളാഴ്ച രാത്രിയോടെയുമാണ് മരിച്ചത്. ആദ്യത്തെ മരിച്ചയാളുമായി സമ്പർക്കത്തിലുണ്ടായിരുന്ന വ്യക്തിയാണ് തിങ്കളാഴ്ച മരിച്ചത്. മരിച്ചവരുടെ സാമ്പിളുകൾ പുണെയിലേക്ക് പരിശോധനയ്‌ക്ക് അയച്ചിട്ടുണ്ട്. നിപ ബാധയുണ്ടെന്നാണ് സംശയം. ഇവരുമായി സമ്പർക്കം പുലർത്തിയ നാലുപേർ സമാന ലക്ഷണങ്ങളോടെ ചികിത്സയിലുണ്ട്. ഇതിൽ ഒമ്പതു വയസുകാരന്റെ നില ഗുരുതരമാണ്.

കുറ്റ്യാടിയിലും വടകരയിലുമുള്ളവരാണ് മരിച്ചത്. 40 വയസുള്ള ഓരാളും 49 വയസുള്ള മറ്റൊരാളുമാണ് മരിച്ചത്. രണ്ട് പേര്‍ക്കും ഒരേ രോഗ ലക്ഷണങ്ങള്‍ ആയിരുന്നു. പനി ബാധിച്ച് മരിച്ച ഒരാളുടെ ബന്ധുക്കളും ഇപ്പോള്‍ തീവ്ര പരിചരണവിഭാഗത്തില്‍ ചികിത്സയിലാണ്. വവ്വാലില്‍ നിന്ന് നിപ പകരുമെന്നതിനാല്‍ പക്ഷികള്‍ ഭക്ഷിച്ച പഴങ്ങള്‍ കഴിക്കരുതെന്ന് നിർദ്ദേശിച്ചിട്ടുണ്ട്.

English Summary: Kozhikode Nipah suspected: High level meeting.