തിരുവനന്തപുരം: കാട്ടാക്കടയിൽ പത്താം ക്ലാസ് വിദ്യാർഥി ആദി ശേഖറിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി പ്രിയരഞ്ജൻ പിടിയിൽ. തമിഴ്നാട് അതിർത്തിയിൽ നിന്നാണ് തിരുവനന്തപുരം റൂറൽ എസ്പിയുടെ നേതൃത്വത്തിലുള്ള സംഘം പ്രിയരഞ്ജനെ കസ്റ്റഡിയിലെടുത്തത്. തമിഴ്നാട് കളിയിക്കാവിളയിലെ ബന്ധുവീട്ടിൽ ഒളിവിൽകഴിയവെയായിരുന്നു ഇയാൾ പിടിയിലായത്. ക്ഷേത്ര പരിസരത്ത് പ്രിയരഞ്ജൻ മൂത്രം ഒഴിച്ചത് ആദിശേഖർ ചോദ്യം ചെയ്തതാണ് ക്രൂരമായ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു.
കഴിഞ്ഞ 30നാണ് പുളിങ്ങോട് ക്ഷേത്രത്തിന് സമീപം ആദി ശേഖർ വാഹനമിടിച്ച് മരിച്ചത്. വാഹനാപകടമാണ് എന്നായിരുന്നു ആദ്യം കരുതിയിരുന്നത്. പിന്നീട് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നാണ് കൊലപാതകമെന്ന് തെളിഞ്ഞത്. ആദി ശേഖർ സൈക്കിളെടുത്ത് പോകാൻ തുടങ്ങുന്നതിനിടെ റോഡ് സൈഡിൽ നിർത്തിയിട്ടിരുന്ന കാർ കുട്ടിയുടെ ശരീരത്തേക്ക് ഓടിച്ചു കയറ്റുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യം പുറത്തുവന്നതോടെ പ്രിയരഞ്ജൻ വിദ്യാർത്ഥിയെ ബോധപൂർവം കാറിടിപ്പിച്ച് കൊല്ലുകയായിരുന്നുവെന്ന് തെളിഞ്ഞു. ഇതിനെത്തുടർന്ന് കൊലക്കുറ്റം ചുമത്തി. പിന്നാലെ ഇയാൾ ഒളിവിൽ പോവുകയായിരുന്നു.
പൂവച്ചൽ സ്വദേശിയാണ് പ്രതിയായ പ്രിയരഞ്ജൻ. വിദേശത്ത് ജോലി ചെയ്തിരുന്ന ഇയാൾ ഓണം പ്രമാണിച്ചാണ് നാട്ടിൽ വന്നത്. ക്ഷേത്രപരിസരത്ത് പ്രിയരഞ്ജൻ മൂത്രമൊഴിച്ചത് ആദിശേഖർ ചോദ്യം ചെയ്തിരുന്നു. ഇതിന്റെ വൈരാഗ്യത്തിൽ മകനെ കൊലപ്പെടുത്തിയതാണെന്ന് ആദിശേഖറിന്റെ മാതാപിതാക്കൾ പൊലീസിൽ മൊഴി നൽകിയിരുന്നു. ഒളിവിൽപോയ പ്രതിയെ കണ്ടെത്താനായി പൊലീസ് നാലുസംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം നടത്തിയിരുന്നത്. വിദ്യാര്‍ഥിയുടെ മരണത്തിന് പിന്നാലെ പ്രതി മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് വാഹനം ഉപേക്ഷിച്ച് മുങ്ങിയതും കൊലപാതകമാണെന്ന സംശയത്തിന് ആക്കംകൂട്ടി.
English Summary: Kattakkada Adisekhar Accident.