രാജസ്ഥാനിൽ കോൺഗ്രസ് നേതാക്കൾ ബിജെപിയിൽ ചേർന്നു; രാജി വെച്ചത് മുൻ എംപിയടക്കം രണ്ടുപേർ

രാഷ്ട്ര നിർമാണത്തിനായാണ് താൻ ബിജെപിയിൽ ചേരുന്നതെന്ന് മുൻ കോൺഗ്രസ് നേതാവ്.

0
135

ജയ്‌പൂർ: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ, രാജസ്ഥാനിൽ രണ്ട് കോൺഗ്രസ് നേതാക്കൾ കൂടി ബിജെപിയിൽ ചേർന്നു. കോൺഗ്രസിന്റെ മുൻ ലോക്സഭാംഗം ജ്യോതി മിർധ, സവായ് സിംഗ് ചൗധരി എന്നിവരാണ് തിങ്കളാഴ്ച ബിജെപിയിൽ ചേർന്നത്. ജാട്ട് വിഭാഗത്തിൽ നിന്നുള്ള പ്രബല നേതാവാണ് ജ്യോതി മിർധ. ഡൽഹിയിൽ ബിജെപി ആസ്ഥാനത്ത് ഇരുവരും രാജസ്ഥാനിലെ ചുമതലയുള്ള ജനറൽ സെക്രട്ടറി അരുൺ സിങ്ങിൽ നിന്ന് ബിജെപി അംഗത്വം സ്വീകരിച്ചു. സംസ്ഥാന ബിജെപി സംസ്ഥാന അധ്യക്ഷൻ സിപി ജോഷിയുടെ സാന്നിധ്യത്തിലായിരുന്നു ഇരുവരും കോൺഗ്രസ് വിട്ട് ബിജെപി അംഗത്വം എടുത്തത്.

നാഗൗറിൽ നിന്നുള്ള മുൻ ലോകസഭാംഗമാണ് ജ്യോതി മിർധ. മുൻ കർഷക നേതാവും മുൻ എംപിയും എംഎൽഎയും സ്വാതന്ത്ര്യ സമരസേനാനിയുമായ നാഥുറാം മിർധയുടെ ചെറുമകളാണ് ജ്യോതി മിർധ. സർവീസിൽ നിന്നും വിരമിച്ച മുതിർന്ന ഐ പി എസ് ഓഫീസറാണ് സവായ് സിംഗ് ചൗധരി. രാജസ്ഥാനിൽ ബിജെപിയെ ശക്തിപ്പെടുത്താൻ ഇരുവർക്കും കഴിയുമെന്ന് ബിജെപി ജനറൽ സെക്രട്ടറി അരുൺ സിംഗ് പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കോൺഗ്രസിന് കനത്ത തിരിച്ചടിയാണ് ഇരുവരുടെയും രാജി.

രാഷ്ട്ര നിർമാണത്തിനായാണ് താൻ ബിജെപിയിൽ ചേരുന്നതെന്ന് പറഞ്ഞ ജ്യോതി മിർധ പ്രധാനമന്ത്രി നരേന്ദ്രമോഡിയെ അഭിനന്ദിക്കുകയും ചെയ്തു. താൻ ഒരു കോൺഗ്രസ് എംപിയായാണ് തുടങ്ങിയത്. ലോകത്തിന് മുന്നിൽ ഇന്ത്യയുടെ പേര് ഉയർത്തുന്നതിൽ നരേന്ദ്രമോഡി നിർണായക പങ്കാണ് വഹിക്കുന്നത്. അതേസമയം കോൺഗ്രസ് പാർട്ടി അതിന് വിപരീതമാണ് പ്രവർത്തിക്കുന്നത്. എനിക്ക് അവിടെ അവസരങ്ങൾ കുറവായിരുന്നു. രാജസ്ഥാനിൽ തൊഴിലാളികൾ അവഗണിക്കപ്പെടുകയാണ്. ക്രമസമാധാന നില മോശമാണ്. ബിജെപിയെ ശക്തിപ്പെടുത്തുകയാണ് തന്റെ ലക്ഷ്യമെന്നും ജ്യോതി മിർധ പറഞ്ഞു.

English Summary: Big blow for Congress ahead of Rajasthan polls.