അമേരിക്കന്‍ നടിയും മോഡലുമായ മെര്‍ലിന്‍ മണ്‍റോയ്ക്ക് ഇന്നും ആരാധകരുടെ മനസിൽ വലിയൊരു സ്ഥാനമുണ്ട്. മെര്‍ലിന്‍ മണ്‍റോയെപ്പറ്റി എന്തെങ്കിലും കുറിപ്പുകൾ വന്നാൽ അത് സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയും ചെയ്യും. 1950-1960 കാലഘട്ടത്തിൽ ഹോളിവുഡിൽ ജനപ്രിയ നടിയായി. അതിനൊപ്പം യുഗത്തിലെ ലൈംഗിക വിപ്ലവത്തിന്റെ ചിഹ്നമായും പോപ്പ് സംസ്കാരത്തിന്റെ പ്രതീകമായും വിശേഷിപ്പിക്കപ്പെട്ടു. ഹോളിവുഡിന്റെ സുവർണ്ണ കാലഘട്ടത്തിൽ ആറാമത്തെ മികച്ച സ്ത്രീ സ്‌ക്രീൻ ഇതിഹാസമാണ് മെര്‍ലിന്‍ മണ്‍റോ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
ഇപ്പോൾ മെര്‍ലിന്‍ മണ്‍റോയുടെ ലോസ് ഏഞ്ചല്‍സിലെ വീട് പൊളിക്കാനൊരുങ്ങുന്നു എന്ന വാർത്തയാണ് പരക്കെ ചർച്ച ചെയ്യപ്പെടുന്നത്. വീടിന്റെ പുതിയ ഉടമസ്ഥന്‍ വീടുപൊളിക്കുന്നത് സംബന്ധിച്ച് തീരുമാനമെടുത്തുവെന്നാണ് ന്യൂയോര്‍ക്ക് പോസ്റ്റ് തങ്ങളുടെ റിപ്പോർട്ടിൽ പറയുന്നത്. ബ്രെന്റ് വുഡിലാണ് മെര്‍ലിന്റെ ബംഗ്ലാവ് സ്ഥിതി ചെയ്യുന്നത്. 1962-ല്‍ താരം ആത്മഹത്യ ചെയ്യുന്നതും ഇവിടെയാണ്.
മെര്‍ലിന് സ്വന്തമായുളള ഏക വസതി കൂടിയാണിത്. ആറുദശാബ്ദത്തോളം ലോസ് ഏഞ്ചല്‍സ് പട്ടണത്തിലെ അതിപ്രധാനപ്പെട്ട ലാന്‍ഡ്മാര്‍ക്കുകളിലൊന്നായി മാറാനും ഈ വീടിന് സാധിച്ചു. ലാറ്റിന്‍ ഭാഷയില്‍ ‘എന്റെ യാത്ര ഇവിടെ അവസാനിക്കുന്നു’, എന്ന് അര്‍ത്ഥം വരുന്ന ഒരു ബോര്‍ഡും വീടിന്റെ മുന്‍വശത്തായി മെര്‍ലിന്‍ സ്ഥാപിച്ചിരുന്നു.
1962ല്‍ വീട് നിലനിന്ന അതേപടി തന്നെയാണ് അതിന്റെ പുറം ഭാഗങ്ങള്‍ ഇപ്പോഴുമുള്ളത്. അകത്തളങ്ങളില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. വലിയൊരു നീന്തല്‍കുളം, അതിമനോഹരമായ പൂന്തോട്ടം എന്നിവയെല്ലാം വീടിന്റെ പ്രത്യേകതകളാണ്. രണ്ട് കാറുകള്‍ ഇടാവുന്ന തരത്തിലുള്ള ഗ്യാരേജും വീട്ടിലുണ്ട്