അംഗഡിമുഗറിലെ വിദ്യാർത്ഥിയുടെ മരണം; പൊലീസിന് വീഴ്ചയില്ലെന്ന് ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോർട്ട്

ഫർഹാസിന്റെ കുടുംബത്തിന്റെ പരാതിയും കാറിലുണ്ടായിരുന്ന മറ്റ് വിദ്യാർത്ഥികളുടെ മൊഴിയും തമ്മിൽ വൈരുധ്യമുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.

0
345

കാസർകോട്: കുമ്പള അംഗഡിമുഗറിലെ പ്ലസ് ടു വിദ്യാർത്ഥി ഫർഹാസിൻ്റെ മരണത്തിൽ പൊലീസിന് വീഴ്ചയുണ്ടായിട്ടില്ലെന്ന് ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട്. പൊലീസുകാരുടെ ഭാഗത്ത് നിന്ന് മോശം പെരുമാറ്റം ഉണ്ടായിട്ടില്ല. ഫർഹാസിന്റെ കുടുംബത്തിന്റെ പരാതിയും കാറിലുണ്ടായിരുന്ന മറ്റ് വിദ്യാർത്ഥികളുടെ മൊഴിയും തമ്മിൽ വൈരുധ്യമുണ്ടെന്നും ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. പ്രാഥമിക അന്വേഷണ റിപ്പോർട്ട് കാസർകോട് ജില്ലാ പൊലീസ് മേധാവി വൈഭവ് സക്സേനക്ക് കൈമാറി.

അപകടത്തിൽപ്പെട്ട വാഹനത്തിന് പൂർണ ഫിറ്റ്‌നസ് ഉണ്ടായിരുന്നില്ല. കാറിലുണ്ടായിരുന്നത് വിദ്യാർത്ഥികളാണെന്ന് അറിഞ്ഞത് അപകടത്തിൽപ്പെട്ടതിന് ശേഷമാണെന്ന് ആരോപണം നേരിട്ട പൊലീസുകാർ മൊഴി നൽകിയിട്ടുണ്ട്. കേസിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കി.

കഴിഞ്ഞമാസം 26നാണ് നാണ് പൊലീസ് പിന്തുടരുന്നതിനിടെ വിദ്യാർത്ഥികൾ സഞ്ചരിച്ച കാർ മറിഞ്ഞത്. ഗുരുതരമായി പരുക്കേറ്റ ഫർഹാസ് മംഗളൂരുവിലെ ആശുപത്രിയിലാണ് മരിച്ചത്. സ്കൂളിലെ ഓണാഘോഷ പരിപാടികൾക്ക് ശേഷം മടങ്ങിയ വിദ്യാർഥികളുടെ കാർ കുമ്പള പൊലീസ് പരിശോധനക്കായി നിർത്തിച്ചെങ്കിലും പരിഭ്രാന്തരായ വിദ്യാർഥികൾ കാർ നിർത്താതെ പോയി. പൊലീസ് പിന്തുടർന്നതോടെ അമിതവേഗത്തിൽ ഓടിച്ച കാർ മതിലിൽ ഇടിച്ചു തലകീഴായി മറിയുകയായിരുന്നു. ഗുരുതര പരിക്കേറ്റ ഫർഹാസിനെ പൊലീസ് വാഹനത്തിലാണ് വിദ്യാർഥിയെ ആശുപത്രിയിലെത്തിച്ചത്.

സംഭവത്തിൽ ആരോപണവിധേയരായ പൊലീസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയെന്ന് ആദ്യം വാർത്ത വന്നെങ്കിലും ഇത് പൊലീസ് തള്ളി. എസ്‌ഐ ഉൾപ്പെടെ മൂന്നു ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയെന്നായിരുന്നു പുറത്തുവന്ന വാർത്ത. ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ പൊലീസിന്‍റെ ഭാഗത്ത് വീഴ്ച കണ്ടെത്തിയാല്‍ കര്‍ശന നടപടി എടുക്കുമെന്നാണ് ജില്ലാ പൊലീസ് മേധാവി നൽകിയിട്ടുള്ള ഉറപ്പ്.

കുറ്റക്കാരെ സംരക്ഷിക്കില്ലെന്നും ജില്ലാ പൊലീസ് മേധാവി വൈഭവ് സക്സേന വ്യക്തമാക്കിയിട്ടുണ്ട്. ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോര്‍ട്ടിന് ശേഷമായിരിക്കും കൂടുതല്‍ നടപടി വേണോ എന്നത് സംബന്ധിച്ച് ജില്ലാ പൊലീസ് മേധാവി തീരുമാനമെടുക്കുക. ഫർഹാസിൻ്റെ മരണത്തിൽ പൊലീസിനെതിരെ പ്രതിഷേധവുമായി മുസ്ലിംലീഗും യുഡിഎഫും എസ് ഡി പി ഐയും രംഗത്തുവന്നിരുന്നു. രാഷ്ട്രീയ മുതലെടുപ്പ് ലക്ഷ്യമിട്ടായിരുന്നു പ്രതിഷേധം.