തിരുവല്ലത്ത് അനിയനെ കൊന്ന് കുഴിച്ചു മൂടി; ചേട്ടൻ കസ്റ്റഡിയിൽ

അമ്മയുടെ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് കൊലപാതകം പുറത്തുവന്നത്.

0
6469

തിരുവനന്തപുരം: തിരുവല്ലം വണ്ടിത്തടത്ത് അനിയനെ കൊന്നു കുഴിമൂടിയ സംഭവത്തിൽ ചേട്ടനെ പൊലീസ് കസ്റ്റഡിയിലെടുത്തു. രാജ് (36 ) എന്നയാളാണ് മരിച്ചത്. സംഭവത്തിൽ സഹോദരൻ ബിനുവിനെ കസ്റ്റഡിയിലെടുത്തു. മകനെ കാണാനില്ലെന്ന് അമ്മ നൽകിയ പരാതിയിലാണ് അന്വേഷണം തുടങ്ങിയത്. അന്വേഷണത്തിൽ വീടിന്റെ പിൻഭാഗത്ത് നിന്നും അനിയന്റെ മൃതദേഹം കണ്ടെടുക്കുകയായിരുന്നു. മദ്യലഹരിയിൽ ഉത്രാടദിനത്തിലാണ് കൊല നടത്തിയതെന്ന് പൊലീസ് പറഞ്ഞു. കൊന്നശേഷം മൃതദേഹം കുഴിച്ചിടുകയായിരുന്നു.

ഓണത്തിന് രാജിന്റെ അമ്മ ബന്ധുവീട്ടിലേക്ക് പോയിരുന്നു. തിരിച്ചുവന്നപ്പോൾ മകൻ രാജിനെ കാണാനില്ലായിരുന്നു. ഓണം കഴിഞ്ഞിട്ടും രാജ് വീട്ടിൽ എത്താതിരുന്നതോടെ മകനെ കാണാനില്ലെന്ന് കാണിച്ച് രാജിന്റെ അമ്മ പൊലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിലാണ് രാജിന്റെ സഹോദരൻ ബിനുവിനെ പൊലീസ് ചോദ്യം ചെയ്യുന്നത്. നിരന്തരം ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് സത്യം പുറത്തുവരുന്നത്. സഹോദരനെ കൊന്ന് വീടിന്റെ പിറകിൽ കുഴിച്ച് മൂടിയെന്ന് ബിനു പൊലീസിന് മൊഴി നൽകി. ഇന്ന് രാവിലെയാണ് ബിനു കുറ്റസമ്മതം നടത്തിയത്. സ്ഥലത്ത് പരിശോധന നടത്തിവരികയാണ്. കുഴിച്ചിട്ട മൃതദേഹം കണ്ടെത്തി.

രാജിന് മാനസിക പ്രശ്നങ്ങൾ ഉള്ളതായി പൊലീസ് പറയുന്നു. അമ്മ ബന്ധുവീട്ടിലേക്ക് പോയ സമയത്ത് സഹോദരങ്ങൾ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഇരുവരും തമ്മിൽ തർക്കമുണ്ടാവുകയും രാജിനെ ബിനു തലയ്ക്കടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. സംഭവത്തിൽ ബിനു പൊലീസ് കസ്റ്റഡിയിലാണ്. ഇയാളെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.