യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ഇന്ത്യയിലേക്ക് പുറപ്പെടാനിരിക്കെ ഭാര്യക്ക് കൊവിഡ്

0
330

യു.എസ്. പ്രസിഡന്റ് ജോ ബൈഡൻെറ ഭാര്യ ജിൽ ബൈഡന് കൊവിഡ് സ്ഥിരീകരിച്ചു. അതേസമയം, പ്രസിഡന്റ് ജോ ബൈഡന്റെ കൊവിഡ് പരിശോധന ഫലം നെ​ഗറ്റീവാണെന്നും വൈറ്റ് ഹൗസ് അധികൃതർ അറിയിച്ചു. നേരിയ രോ​ഗ ലക്ഷണമുള്ള ജിൽ ബൈഡൻ വീട്ടുനീരിക്ഷണത്തിൽ തുടരുകയാണ്. ജി20 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി ഇന്ത്യയിലേക്ക് ജോ ബൈഡൻ വരാനിരിക്കെയാണ് ഭാര്യ ജിൽ ബൈഡന് കൊവിഡ് സ്ഥിരീകരിക്കുന്നത്. 72കാരിയായ ജിൽ ബൈഡന് കഴിഞ്ഞ വർഷം ആ​ഗസ്റ്റിലും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. 2022 ജൂലൈയിൽ ജോ ബൈഡനും കൊവിഡ് പോസിറ്റീവായിരുന്നു.

യു.എസിന്റെ പ്രഥമ വനിത കൊവിഡ് പോസിറ്റീവായെന്നും ഡെലവെറിലെ റെഹോബോത്ത് ബീച്ചിലെ വസതിയിൽ അവർ തുടരുമെന്നുമാണ് ജിൽ ബൈഡന്റെ കമ്യൂണിക്കേഷൻ ഡയറക്ടർ എലിസബത്ത് അലക്സാണ്ടർ മാധ്യമങ്ങളെ അറിയിച്ചത്. തിങ്കളാഴ്ച വൈകിട്ട് ഡെലവെറിൽനിന്ന് ബൈഡൻ തനിച്ചാണ് യാത്ര തിരിച്ചത്. പ്രസിഡന്റ് ജോ ബൈഡനും കൊവിഡ് പരിശോധന നടത്തിയെന്നും ഫലം നെ​ഗറ്റീവാണെന്നും ഈ ആഴ്ച കൃത്യമായ ഇടവേളകളിൽ പരിശോധന നടത്തുമെന്നും രോ​ഗ ലക്ഷണമുണ്ടോയെന്ന് നിരീക്ഷിക്കുമെന്നും വൈറ്റ് ഹൗസ് അധികൃതർ അറിയിച്ചു.