പുതുപ്പള്ളി വിധിയെഴുതുന്നു; വോട്ടെടുപ്പ് ആരംഭിച്ചു; പുലർച്ചെ തന്നെ വോട്ടർമാരുടെ നീണ്ട നിര

182 ബൂത്തുകളിലായി വോട്ടിങ് ആരംഭിച്ചു

0
339

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് ആരംഭിച്ചു. 25 ദിവസത്തെ പൊടിപാറുന്ന പ്രചരണങ്ങൾക്കും പിന്നീടുള്ള നിശബ്ദ പ്രചരണങ്ങൾക്കും ശേഷമാണ് പുതുപ്പള്ളി ഇന്ന് പോളിം​ഗ് ബൂത്തിലെത്തുന്നത്. രാവിലെ ഏഴു മുതലാണ് വോട്ടെടുപ്പ് ആരംഭിച്ചത്. 6 മണി വരെയാണ് വോട്ടെടുപ്പ്. 182 ബൂത്തുകളിലായാണ് വോട്ടെടുപ്പ് നടക്കുന്നത്. 90,281 സ്ത്രീകളും 86,132 പുരുഷന്മാരും നാല്‌ ട്രാൻസ്‌ജെൻഡറുകളും അടക്കം 1,76,417 വോട്ടർമാരാണ്‌ മണ്ഡലത്തിലുള്ളത്‌. 957 പുതിയ വോട്ടർമാരുമുണ്ട്. വെബ്കാസ്റ്റിങ് ഉൾപ്പെടെയുള്ള ശക്തമായ സുരക്ഷകൾ തെരഞ്ഞെടുപ്പിന് ഒരുക്കിയിട്ടുണ്ട്‌. 675 അംഗ പൊലീസ് സേനയെയും നിയോഗിച്ചു.

ഏഴ് സ്ഥാനാർഥികളാണ് മത്സരരം​ഗത്തുള്ളത്. എൽഡിഎഫ് സ്ഥാനാർഥി ജെയ്ക് സി തോമസ് മണർകാട് ​ഗവൺമെന്റ് സ്കൂളിലും യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ ജോർജിയൻ സ്കൂളിലും വോട്ട് രേഖപ്പെടുത്തും. എൻഡിഎ സ്ഥാനാർഥി ലിജിൻ ലാലിന് പുതുപ്പള്ളിയിൽ വോട്ടില്ല. മന്ത്രി വി.എൻ വാസവൻ രാവിലെ 9.30 ന് പാമ്പാടി എം.ജി.എം ഹയർ സെക്കൻഡറി സ്കൂളിലെത്തി വോട്ട് രേഖപെടുത്തും.

പുതുപ്പള്ളിക്കൊപ്പം അഞ്ചു സംസ്ഥാനത്തെ ആറു നിയമസഭാ സീറ്റുകളില്‍ കൂടി ചൊവ്വാഴ്ച ഉപതെരഞ്ഞെടുപ്പ് നടക്കും. ധനാപുര്‍, ബോക്സാന​ഗര്‍(ത്രിപുര), ധുമ്രി (ജാര്‍ഖണ്ഡ്), ഭാ​ഗേശ്വര്‍ (ഉത്തരാഖണ്ഡ്), ഘോസി (യുപി), ദൂപ്​ഗുരി (പശ്ചിമബം​ഗാള്‍) എന്നിവിടങ്ങളിലാണ് വോട്ടെടുപ്പ്. ഇതില്‍ അഞ്ചിടത്തും സിറ്റിങ് എംഎല്‍എമാരുടെ നിര്യാണത്തെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. എംഎല്‍എമാര്‍ രാജിവച്ചതോടെയാണ് മറ്റ് രണ്ടിടത്തെ തെരഞ്ഞെടുപ്പ്.