കാഴ്ചപരിമിതിയുള്ള അധ്യാപകനോടുള്ള അനാദരം പരിഷ്കൃത വിദ്യാർത്ഥി സമൂഹത്തിൽ നിന്ന് ഉണ്ടായിക്കൂടാത്ത പ്രവൃത്തി: മന്ത്രി ആർ ബിന്ദു

0
78

മഹാരാജാസ് കോളേജിൽ അധ്യാപകനെ അപമാനിച്ച സംഭവത്തിൽ പ്രതികരിച്ച് ഉന്നത വിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ആർ ബിന്ദു. കാഴ്ച പരിമിതിയുള്ള അധ്യാപകനോട് പരിഷ്കൃത വിദ്യാർത്ഥി സമൂഹത്തിൽ നിന്ന് ഉണ്ടായിക്കൂടാത്ത പ്രവൃത്തിയാണ് സംഭവിച്ചതെന്ന് മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. അനുകമ്പയല്ല, വ്യത്യസ്തതകളോടുള്ള ബഹുമാനവും അവയെ അംഗീകരിക്കാനുള്ള സന്നദ്ധതയുമാണ് ഭിന്നശേഷിസമൂഹം ആവശ്യപ്പെടുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു. പൊതുസമൂഹം ഭിന്നശേഷി ജീവിതത്തോട് പുലർത്തുന്ന അവബോധമില്ലായ്മയെ കുറിച്ച് വലിയ ചർച്ച ഉയർത്തിക്കൊണ്ടുവരാൻ കൂടി മഹാരാജാസ് സംഭവം നിമിത്തമാകണമെന്നും മന്ത്രി കുറിച്ചു.

വ്യത്യസ്തതകളോടുള്ള ബഹുമാനവും അവയെ അംഗീകരിക്കാനുള്ള സന്നദ്ധതയുമാണ് ഭിന്നശേഷിസമൂഹം ആവശ്യപ്പെടുന്നതെന്നും മന്ത്രി
കാഴ്ച പരിമിതിയുള്ള അധ്യാപകനോടുള്ള അനാദരം വിദ്യാർഥികളുടെ അവബോധമില്ലായ്മ: മന്ത്രി ആർ ബിന്ദു

മന്ത്രി ആർ ബിന്ദുവിന്റെ കുറിപ്പ് ഇങ്ങനെ.

കാഴ്ചപരിമിതിയുള്ള അധ്യാപകനോട് പരിഷ്കൃത വിദ്യാർത്ഥി സമൂഹത്തിൽ നിന്ന് ഉണ്ടായിക്കൂടാത്ത പ്രവൃത്തി ചെയ്ത വിദ്യാർത്ഥികൾക്കെതിരെ കോളേജ് അധികൃതർ നടപടി കൈക്കൊണ്ടിട്ടുണ്ട്.
ഉൾക്കൊള്ളൽ സമൂഹത്തെ (inclusive society) പറ്റി ഏറ്റവുമധികം ചർച്ചയുയരുന്ന ഇക്കാലത്ത് അത്തരമൊരു സമൂഹസൃഷ്ടിക്ക് മുൻനിന്നു പ്രവർത്തിക്കേണ്ടവരാണ് കലാലയ സമൂഹം. അതിൽ ചിലർക്കായാൽ പോലും ആ അവബോധമില്ലാതെ പോയത് ഏറ്റവും അപലപനീയമാണ്.
അനുകമ്പ അല്ല, വ്യത്യസ്തതകളോടുള്ള ബഹുമാനവും അവയെ അംഗീകരിക്കാനുള്ള സന്നദ്ധതയുമാണ് ഭിന്നശേഷിസമൂഹം ആവശ്യപ്പെടുന്നത്.
ഭാഷ തൊട്ട് ദൈനംദിന ജീവിതവ്യവഹാരങ്ങളിലെല്ലാം തന്നെ പൊതുസമൂഹം ഭിന്നശേഷി ജീവിതത്തോടു പുലർത്തുന്ന അവബോധമില്ലായ്മയെ കുറിച്ച് വലിയ ചർച്ച ഉയർത്തിക്കൊണ്ടുവരാൻ കൂടി മഹാരാജാസ് സംഭവം നിമിത്തമാകണം.