നെഹ്റു ട്രോഫി വള്ളംകളി; വീയപുരം ചുണ്ടൻ ജലരാജാവ്

0
328

പുന്നമടയുടെ കരയിൽ തടിച്ചുകൂടിയ ആയിരക്കണക്കിന് വള്ളംകളി പ്രേമികളെ ആവേശത്തിലാഴ്ത്തി വീയപുരം ചുണ്ടൻ നെഹ്റു ട്രോഫിയിൽ മുത്തമിട്ടു. പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ് തുഴഞ്ഞ വീയപുരം ചുണ്ടൻ തുടർച്ചയായി നാലാം തവണയാണ് നെഹ്റുട്രോഫി നേടുന്നത്. അലനും എയ്ഡൻ കോശിയും ക്യാപ്റ്റന്മാരായ വീയപുരം ആവേശം വാനോളമുയർത്തിയ മത്സരത്തിനൊടുവിലാണ് ജേതാക്കളായത്. യുബിസി-നടുഭാഗമാണ് ഫൈനലിൽ രണ്ടാമതായി ഫിനിഷ് ചെയ്തത്. പുന്നമടക്കായലിനെ ആവേശത്തിമിര്‍പ്പിലാക്കി നടന്ന ചുണ്ടന്‍ വള്ളങ്ങളുടെ ഫൈനലിൽ വീയപുരം, നടുഭാഗം, ചമ്പക്കുളം, കാട്ടിൽ തെക്കെതിൽ എന്നീ നാല് വള്ളങ്ങളാണ് മത്സരിച്ചത്.

ആദ്യ ഹീറ്റ്‌സില്‍ പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ വീയപുരം ചുണ്ടന്‍ ഒന്നാമതെത്തി. വെള്ളംകുളങ്ങര, ചെറുതന, ശ്രീമഹാദേവന്‍ വള്ളങ്ങളാണ് ഒപ്പം മല്‍സരിച്ചത്. രണ്ടാം ഹിറ്റ്‌സില്‍ യൂബിസി കൈനകരി തുഴഞ്ഞ നടുഭാഗം ചുണ്ടനും മൂന്നാം ഹീറ്റ്‌സില്‍ കേരള പൊലീസ് ക്ലബ് തുഴഞ്ഞ മഹാദേവി കാട് കാട്ടില്‍ തെക്കെതിലും നാലാം ഹിറ്റ്‌സില്‍ തലവടി ടൗണ്‍ ബോട്ട് ക്ലബ്ബ് തുഴഞ്ഞ തലവടി ചുണ്ടന്‍ അഞ്ചാം ഹീറ്റ്‌സില്‍ എൻസിഡിസി നിരണം ചുണ്ടന്‍ എന്നിവര്‍ ഒന്നാമതെത്തി. രണ്ടാം ഹീറ്റ്സിൽ രണ്ടാമതെത്തിയ ചമ്പക്കുളം മികച്ച സമയം കുറിച്ചതിനെ തുടർന്നാണ് ഫൈനലിന് യോഗ്യത നേടിയത്. 19 ചുണ്ടന്‍ വള്ളങ്ങളുള്‍പ്പടെ 72 വള്ളങ്ങളാണ് നെഹ്‌റു ട്രോഫി വള്ളംകളിയിൽ പങ്കെടുത്തത്.

മോശം കാലാവസ്ഥയെ തുടര്‍ന്ന് വള്ളം കളി ഉദ്ഘാടനം ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന് എത്തിച്ചേരാനായില്ല. ഹെലികോപ്റ്റര്‍ ഇറക്കാന്‍ കഴിയാഞ്ഞതിനാലാണ് മുഖ്യമന്ത്രിക്ക് ചടങ്ങിനെത്താഞ്ഞത്. മുഖ്യമന്ത്രിയുടെ അഭാവത്തില്‍ മന്ത്രി സജി ചെറിയാന്‍ ജലോല്‍സവം ഉദ്ഘാടനം ചെയ്തു. മന്ത്രിമാരായ പിഎ മുഹമ്മദ് റിയാസ്, പി പ്രസാദ്, എംബി രാജേഷ്, വി അബ്ദുറഹ്മാന്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.