ഉമ്മൻചാണ്ടിയുടെ കല്ലറയിൽ നടക്കുന്നത് പ്രഹസനം; പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് വരെ തിരികളിങ്ങനെ കത്തുമെന്ന് വിമർശനം

0
129

വാഴ്ത്തു പാട്ടുകളും മെഴുകുതിരി കൊളുത്തിയുള്ള പ്രാർത്ഥനകളും മധ്യസ്ഥത അപേക്ഷകളും ആവര്‍ത്തിക്കുകയാണ് പുതുപ്പള്ളി പള്ളിയിലെ ഉമ്മന്‍ചാണ്ടിയുടെ കല്ലറയില്‍. പൊടുന്നനെയുള്ള ഈ പ്രഹസന നാടകത്തിന് തുടക്കം കുറിച്ചതിനുപിന്നിൽ മറ്റു ചില കാര്യങ്ങൾ ഉണ്ടെന്നാണ് പരക്കെയുള്ള ആക്ഷേപം. കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ഉമ്മൻചാണ്ടി അന്തരിച്ചതിനുശേഷം കൃത്യം നാല് ദിവസം കഴിഞ്ഞാണ് മെഴുകുതിരി പ്രാർത്ഥനക്ക് തുടക്കമാകുന്നത്. അവസാനകാലങ്ങളിൽ പോലും ഉമ്മൻചാണ്ടിയെ ആക്ഷേപിക്കുകയും അധിക്ഷേപിക്കുകയും ചെയ്ത ഷാജൻ സ്കറിയ വരെ ഉമ്മൻചാണ്ടിയുടെ വാഴ്ത്തുപാട്ടുകളുമായി രംഗത്തുവന്നിരിക്കുകയാണ്. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് കഴിയുന്നതുവരെ ഈ തിരികളിങ്ങനെ കത്തുമെന്ന വിമർശനം ഉയർന്നിട്ടുണ്ട്.

കൃത്യമായ അജണ്ടയോടെയാണ് ഈ പ്രഹസനത്തിന് തുടക്കം കുറിച്ചിട്ടുള്ളത്. ഉമ്മന്‍ചാണ്ടിയെ അമാനുഷികനായും ദൈവമായും ചിത്രീകരിക്കാൻ ശ്രമിക്കുകയാണെന്ന വിമർശനങ്ങളും ശക്തമാണ്. ഇതിനകം സമൂഹത്തിന്റെ പല കോണുകളിൽ നിന്നും ഇത്തരം വിമർശനം ഉയർന്നുകഴിഞ്ഞു. കുടുംബം ഇടപെട്ട് ഉമ്മന്‍ചാണ്ടിയുടെ കല്ലറയ്ക്കു മുന്നിലെ പ്രാര്‍ഥനകളും മധ്യസ്ഥത അപേക്ഷകളും തടയണമെന്ന് നവമാധ്യമങ്ങളിലടക്കം ഒരു വിഭാഗം ആളുകള്‍ വാദിക്കുന്നു. വിമര്‍ശനങ്ങളെ അവഗണിക്കാനാണ് ഓര്‍ത്തഡോക്സ് സഭയുടെയും തീരുമാനം. എല്ലാ മതസ്ഥരും കല്ലറയിലെത്തി പ്രാര്‍ത്ഥിക്കുന്നുണ്ടെന്ന് ഓര്‍ത്തഡോക്സ് സഭയും പ്രതികരിക്കുന്നു.

ഉമ്മൻചാണ്ടിയുടെ മരണശേഷം ഏതാനും ചില മാധ്യമങ്ങളാണ് ഇത്തരമൊരു പ്രഹസനത്തിന് തിരി കൊളുത്തിയത്. ഓരോ ദിവസം കല്ലറ കാണാൻ എത്തുന്നവരുടെ വൈകാരികവും അല്ലാത്തതുമായ പ്രതികരണങ്ങൾ എടുത്തുചാർത്തി മുഖ്യധാരാ മാധ്യമങ്ങൾ വലിയ തോതിൽ കല്ലറ നാടകത്തെ കൊണ്ടാടി. ഇതിനുപിന്നാലെ ആറ്റിങ്ങലിലെ ഒരു ട്രാവൽ ഏജൻസി ടൂർ പാക്കേജ് കൂടി പ്രഖ്യാപിച്ചതോടെ സംഗതി കൊഴുത്തു. എത്രകാലം ഈ നാടകം തുടരുമെന്നാണ് ഇനി കണ്ടറിയേണ്ടത്.

ഉപതെരഞ്ഞെടുപ്പിൽ പരമാവധി സഹതാപതരംഗം ഉണ്ടാക്കിയെടുക്കുക എന്നത് കോൺഗ്രസിന്റെ ആവശ്യമാണ്. സ്ഥാനാർഥി നിർണയം സംബന്ധിച്ച് കടുത്ത തർക്കം ഉടലെടുക്കുമെന്ന ഘട്ടത്തിൽ പ്രത്യേകിച്ചും. ഉമ്മൻചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മനാണ് സാധ്യത ഏറെയെങ്കിലും അത്ര പെട്ടന്ന് നടപ്പാക്കാൻ കഴിയുമെന്ന് ഉറപ്പില്ല. പുതുപ്പള്ളിയിൽ ഇക്കുറി ഉമ്മൻ ചാണ്ടിയുടെ മകളെ മത്സരിപ്പിക്കണമെന്ന ആവശ്യവും ചില നേതാക്കളും നാട്ടുകാരും ഉയർത്തിയിട്ടുണ്ട്. എന്നാൽ, താൻ സജീവ രാഷ്ട്രീയത്തിലേക്കില്ലെന്നും തന്റെ പേരിനെ ചുറ്റിപ്പറ്റിയുള്ള ചർച്ചകൾ അവസാനിപ്പിക്കണമെന്നും മകൾ അച്ചു ഉമ്മൻ പ്രതികരിച്ചിരുന്നു. ഉമ്മൻ ചാണ്ടിയുടെ പിൻഗാമി ആരാകണമെന്ന് അദ്ദേഹത്തിന്റെ കുടുംബം തീരുമാനിക്കട്ടെയെന്നാണ് കെപിസിസി പ്രസിഡന്റ് കെ സുധാകരനും പറഞ്ഞത്. ഇതെല്ലം ചേർത്തുവായിക്കുമ്പോൾ പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർഥി നിർണയം കോൺഗ്രസിനെ സംബന്ധിച്ച് അത്രയെളുപ്പമല്ല എന്നുതന്നെയാണ്. ഈ സാഹചര്യത്തിലാണ് കല്ലറയിലെ പ്രാർത്ഥനയും ടൂർ പാക്കേജുമൊക്കെ സജീവമായത്.

യുഡിഎഫിന് അത്ര വലിയ ഭൂരിപക്ഷമുള്ള മണ്ഡലമാണ് പുതുപ്പള്ളിയെന്ന് തെരഞ്ഞെടുപ്പ് കണക്കുകൾ പറയുന്നില്ല. 2011 മുതൽ ഇങ്ങോട്ട് പുതപ്പള്ളി മണ്ഡലത്തിലെ വോട്ടിങ് നില പരിശോധിച്ചാൽ തന്നെ ഇക്കാര്യം വ്യക്തമാകും. സാക്ഷാൽ ഉമ്മൻ‌ചാണ്ടി ഇടതടവില്ലാതെ മത്സരിച്ചിട്ടും ഓരോ തെരഞ്ഞെടുപ്പിലും വോട്ടിങ് ശതമാനവും ഭൂരിപക്ഷവും കുത്തനെ കുറയുകയാണ് ഉണ്ടായിട്ടുള്ളത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഉമ്മൻചാണ്ടി വിജയിച്ചത് 9044 വോട്ടിനാണ്. 2011ൽ ഉമ്മൻചാണ്ടിയുടെ ഭൂരിപക്ഷം 33,255 ആയിരുന്നു. ഉമ്മൻചാണ്ടിക്ക് ലഭിച്ചത് 69,992 വോട്ട്. ആകെ പോൾ ചെയ്ത വോട്ടിന്റെ 59.74 ശതമാനം. അന്ന് ഇടതുമുന്നണി സ്ഥാനാർഥി സുജ സൂസൻ ജോർജ് 36667 വോട്ട് നേടി. 31.33 ശതമാനം വോട്ട് എൽഡിഎഫിന് ലഭിച്ചു.

2016 ൽ ഉമ്മൻചാണ്ടിയുടെ ഭൂരിപക്ഷം 27,092 ആയി കുറഞ്ഞു. വോട്ടിങ് ശതമാനത്തിലും വലിയ ഇടിവുണ്ടായി. 59.74 ശതമാനത്തിൽനിന്നും 53.42 ശതമാനം വോട്ടായി കുറഞ്ഞു. 6.32 ശതമാനത്തിന്റെ ഇടിവ്. എൽഡിഎഫിന്റെ വോട്ടാകട്ടെ 1.87 ശതമാനത്തിന്റെ വർധനയുണ്ടായി. ഉമ്മൻ‌ചാണ്ടി 71597 വോട്ട് നേടിയപ്പോൾ 44505 വോട്ടായി നില മെച്ചപ്പെടുത്താൻ ഇടതുമുന്നണിയുടെ ജെയ്ക് സി തോമസിന് കഴിഞ്ഞു.

2021ൽ ഉമ്മൻചാണ്ടി വിജയിച്ചത് 9044 വോട്ടിനാണ്. ഈ തെരഞ്ഞെടുപ്പിലും യുഡിഎഫിന് നല്ല തിരിച്ചടി നേരിടേണ്ടിവന്നു. 53.42 ശതമാനത്തിൽനിന്നും 48.08 ശതമാനമായി വോട്ട് വിഹിതം കുത്തനെ താഴ്ന്നു. 5.34 ശതമാനത്തിന്റെ ഇടിവ്. 633372 വോട്ടായി ഉമ്മൻചാണ്ടിക്ക് ലഭിച്ചത്. ഇടതുമുന്നണിക്കാകട്ടെ വോട്ടിങ് വിഹിതത്തിൽ വലിയ വർധന ഉണ്ടായി. 33.20 ൽ നിന്നും വോട്ട് വിഹിതം 41.22 ശതമാനമായി ഉയർത്താൻ ജെയ്ക്ക് സി തോമസിന് സാധിച്ചു. 8.02 ശതമാനം വോട്ട് വർധിപ്പിച്ച് 54328 എന്ന നിലയിലേക്ക് എൽഡിഎഫിന് നല്ല മുന്നേറ്റമുണ്ടാക്കാൻ കഴിഞ്ഞു എന്നതാണ് പുതുപ്പള്ളിയിലെ രാഷ്ട്രീയമാറ്റം.

പതിവുപോലെ സഹതാപ തരംഗം അനുകൂലമാക്കാൻ കഴിയുമെന്നാണ് കോൺഗ്രസ് കരുതുന്നതെങ്കിലും സ്ഥാനാർഥി നിർണയം, മറ്റു പ്രചാരണങ്ങൾ എന്നിവയൊക്കെ നേതാക്കളെ ആശങ്കയിലാക്കുന്നുണ്ട്. സോളാർ തന്നെ പുതുപ്പള്ളിയിൽ പ്രചാരണം ആകുമെന്ന കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ പ്രസ്താവനയും കോൺഗ്രസിനെ ഒട്ടൊന്നുമല്ല കുഴപ്പത്തിലാക്കുന്നത്. ഈ പ്രതിസന്ധികൾ മറികടക്കുന്നതിനുവേണ്ടിയാണ് ഇപ്പോഴത്തെ വാഴ്ത്തുപാട്ടും തിരി തെളിയിക്കലും മറ്റുമെന്നാണ് പരക്കെ ഉയർന്നിരിക്കുന്ന വിമർശനം. അതിനിടെ, ഉമ്മൻചാണ്ടിയുടെ കല്ലറയിലെ പ്രാർത്ഥനയും നിവേദനവും വലിയ വിമർശനങ്ങൾ ക്ഷണിച്ചുവരുത്തിയതോടെ പ്രതികരിച്ച് ഉമ്മൻചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ രംഗത്തുവന്നു. ആരുടെയും വിശ്വാസത്തെ ചോദ്യം ചെയ്യാനില്ലെന്ന് ചാണ്ടി ഉമ്മന്‍ പ്രതികരിച്ചു. ഉമ്മന്‍ചാണ്ടിയെ ആരാധിക്കുന്നത് ആളുകളുടെ വ്യക്തി സ്വാതന്ത്ര്യമാണ് എന്നായിരുന്നു ചാണ്ടി ഉമ്മന്റെ പ്രതികരണം.