വിശ്വാസികളുടെ അവകാശം സംരക്ഷിക്കാൻ തെരുവിൽ അടിയേറ്റവർ കമ്യൂണിസ്റ്റുകാർ; എ എൻ ഷംസീർ

0
78

വിശ്വാസികളുടെ അവകാശം സംരക്ഷിക്കാൻ തെരുവിൽ അടിയേറ്റവർ കമ്യൂണിസ്റ്റുകാരാണെന്ന് സ്പീക്കർ എ എൻ ഷംസീർ. അന്ന് അവർ തല്ലു കൊണ്ടതിന്റെ ഫലമായാണ് എല്ലാവർക്കും ക്ഷേത്ര പ്രവേശനം അടക്കം സാധിച്ചത്. കേരളത്തിന്റെ മണ്ണിനെ മലീമസമാക്കാൻ സംഘടിതമായ ശ്രമം നടക്കുന്നുണ്ട്. ഒരു രാഷ്ട്രീയ പാർട്ടി സംഘടിതമായി തന്നെ ആക്ഷേപിക്കുകയാണെന്നും ഷംസീർ‌ പറഞ്ഞു. പി വി കെ കടമ്പേരി അനുസ്മരണ സമ്മേളനത്തിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

ഞങ്ങൾക്ക് (സിപിഐ എം) ഞങ്ങളുടെ മനസാക്ഷിയെ ബോധ്യപ്പെടുത്തിയാൽ മതി. വെറുപ്പിന്റെ രാഷ്ട്രീയം പ്രചരിപ്പിക്കുന്നവരാണ് അവർ. തങ്ങൾക്ക് ഇഷ്ടമുള്ളത് മാത്രം പഠിച്ചാൽ മതിയെന്നാണ് അവർ പറയുന്നത്. ചരിത്രത്തെ വളച്ചൊടിക്കാനാണ് ശ്രമിക്കുന്നത്. പാഠപുസ്തകം എഡിറ്റ് ചെയ്യാൻ ശ്രമിക്കുന്നു. പാഠപുസ്തകത്തിലെ ഗാന്ധിവധം മാറ്റാൻ ശ്രമിക്കുന്നു. ഗാന്ധിയെയും ആസാദിനെയും പഠിക്കണ്ടേ? പിന്നെ ആരെയാണ് പഠിക്കേണ്ടത്. ചരിത്രത്തെ വക്രീകരിക്കാൻ ശ്രമിക്കുന്ന കാലമാണിത്- ഷംസീർ പറഞ്ഞു.

വിശ്വാസവും വർഗീയതയും രണ്ടാണ്. ശാസ്ത്രബോധമുള്ള തലമുറയെ ഭയക്കുന്നവരാണ് വെറുപ്പിന്‍റെ പ്രചാരകരെന്നും നിർമിത ബുദ്ധിയുടെ കാലത്ത് വർഗ്ഗീയതയുടെ കട ഏറെക്കാലം തുറന്ന് വയ്ക്കാനാകില്ലെന്നും ഷംസീര്‍ പറഞ്ഞു.

വെറുപ്പിന്‍റെ പ്രചാരകർ സംഘടിതമായി ആക്ഷേപം ചൊരിയുന്നു. കമ്യൂണിസ്റ്റുകാർ വിശ്വാസത്തിന് എതിരല്ല. കേരളത്തിന്‍റെ മണ്ണ് മലീനസമാക്കാൻ അനുവദിക്കില്ല എന്ന് പ്രതിജ്ഞയെടുക്കേണ്ട സമയം. ശാസ്ത്രബോധമുള്ള തലമുറയെ ഭയക്കുന്നവരാണ് വെറുപ്പിന്‍റെ പ്രചാരകർ. ചരിത്രത്തെയും ശാസ്ത്രത്തെയും തെറ്റായി വ്യാഖ്യാനിക്കുന്നതിനെ തുടർന്നും എതിർക്കും. ഒറ്റ തിരിഞ്ഞ് അക്രമിച്ചാലും എന്ത് വില കൊടുക്കേണ്ടി വന്നാലും സത്യം വിളിച്ച് പറഞ്ഞ് കൊണ്ടേയിരിക്കും. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്‍റെ, ചാറ്റ് ജിപിടി യുടെ കാലമാണിത്. കാലത്തിന്‍റെ മാറ്റം ഉൾക്കൊള്ളാൻ ചിലർക്ക് കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യ മതരാഷ്ട്രമല്ലെന്നും ഭിന്നിപ്പുണ്ടാക്കാൻ അനുവദിക്കരുതെന്നും ഷംസീർ നിലപാട് വ്യക്തമാക്കിയിരുന്നു. പാഠ്യപദ്ധതിയുടെ മറവിൽ കാവിവൽക്കരണമാണ് നടക്കുന്നത്. ഭരണഘടനയെന്തെന്ന് കുട്ടികളെ പഠിപ്പിക്കണം. അത് നമ്മുടെ ഉത്തരവാദിത്തമാണെന്നും മിത്ത് വിവാദങ്ങളിൽ നിലപാടിലുറച്ച് നിൽക്കുന്നുവെന്ന് വ്യക്തമാക്കി ഷംസീർ പറഞ്ഞിരുന്നു. ശാസ്ത്രം സത്യമാണ്. ശാസ്ത്രം പ്രചരിപ്പിക്കുക എന്നാൽ വിശ്വാസം തള്ളിപ്പറയുകയെന്നല്ല. മതനിരപേക്ഷവാദിയാവുകയെന്നതാണ് നാം എടുക്കേണ്ട പ്രതിജ്ഞ. എല്ലാ ജാതിമതസ്ഥർക്കും ഒന്നിച്ചിരിക്കാനും അഭിപ്രായം പറയാനും കഴിയണം. ഭിന്നിപ്പുണ്ടാക്കാൻ ഒരു ശക്തിയെയും അനുവദിക്കില്ല എന്ന പ്രഖ്യാപനമാണ് ഓരോ കുട്ടിയും ഇന്ന് നടത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞു.