കൊവിഡ് – പ്രളയ ധനസഹായം; ദേവസ്വം ബോർഡുകൾക്ക് സർക്കാർ നൽകിയത് 518.58 കോടി രൂപ; ‘നേരറിയാൻ’ അന്വേഷണം

0
168

തിരുവനന്തപുരം: കേരളത്തിലെ എൽഡിഎഫ് സർക്കാർ ഹിന്ദു ക്ഷേത്രങ്ങൾ നശിപ്പിക്കുന്നുവെന്നും ക്ഷേത്ര ഫണ്ട് തട്ടിയെടുക്കുന്നുവെന്നുമുള്ള ബിജെപി നേതാക്കളുടെ വിദ്വേഷ പരാമർശങ്ങൾക്ക് പിന്നിൽ വസ്തുത മറച്ചുവക്കാനുള്ള ഗൂഢനീക്കം. എൻഎസ്എസിനെയും സംഘപരിവാറിന്റെ പോഷക സംഘടനകളെയും ഉപയോഗിച്ചാണ് ഇപ്പോഴത്തെ കള്ളപ്രചാരണം. ഏറ്റവുമൊടുവിൽ കഴിഞ്ഞ ദിവസം ബിജെപി വക്താവ് ബി രാധാകൃഷ്ണൻ മേനോൻ ഒരു ചാനൽ ചർച്ചയിൽ ഈ പച്ചക്കള്ളം ആവർത്തിക്കുകയും ചെയ്തു. എന്നാൽ, നാളിതുവരെ ഒരു സർക്കാരും നൽകാത്ത തരത്തിലാണ് പിണറായി സർക്കാർ ദേവസ്വം ബോർഡുകൾക്ക് സാമ്പത്തിക സഹായം അനുവദിച്ചത്. ശമ്പളം, ശമ്പളേതരം, കാവുകളുടെയും കുളങ്ങളുടെയും സംരക്ഷണം, വാർഷിക സഹായം, ആചാര സ്ഥാനികർക്കും കോലധാരികൾക്കും പ്രതിമാസ ധനസഹായം, കൊവിഡ് – പ്രളയ ധനസഹായം എന്നിങ്ങനെയായി 518.58 കോടി രൂപയാണ് കൈമാറിയത്. ശബരിമല വികസനത്തിനും തിരുവിതാംകൂർ, മലബാർ, കൂടൽമാണിക്യം, കൊച്ചി ദേവസ്വം ബോർഡുകൾക്കുമായാണ്‌‌ വകയിരുത്തൽ. ഇതിനുപുറമെ കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിനും കോടികൾ വകയിരുത്തി.

തിരുവിതാംകൂർ ദേവസ്വം ബോർഡിന് വാർഷിക സഹായം, പ്രളയ-കൊവിഡ് ധനസഹായം എന്നീയിനങ്ങളിൽ 144.8 കോടി രൂപ അനുവദിച്ചു. കൊച്ചിൻ ദേവസ്വം ബോർഡിന് കൊവിഡ് ധനസഹായമായി അനുവദിച്ചത് 25 കോടി രൂപയാണ്. മലബാർ ദേവസ്വം ബോർഡിന് അനുവദിച്ചതാകട്ടെ 222.68 കോടി രൂപ. ശമ്പളം, ശമ്പളേതരം, വാർഷിക സഹായം, ആചാര സ്ഥാനികർക്കും കോലധാരികൾക്കും പ്രതിമാസ ധനസഹായം, കൊവിഡ്-പ്രളയ ധനസഹായം, ക്ഷേത്ര കല അക്കാദമികൾക്കായുള്ള ധനസഹായം എന്നിവയ്ക്കുവേണ്ടിയാണ് ഈ തുക അനുവദിച്ചത്.

കൂടൽമാണിക്യം ദേവസ്വത്തിന് കൊവിഡ് ധനസഹായമായി അനുവദിച്ചത് 15 ലക്ഷം രൂപ. കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന് ശമ്പളം, ശമ്പളേതരം എന്നിവയ്ക്കായി 16.29 കോടി രൂപ അനുവദിച്ചു. ശബരിമല മാസ്‌റ്റർ പ്ലാനായി ‌82.96 കോടി രൂപ വകയിരുത്തി അനുവദിക്കുകയും ചെയ്തു. പത്തനംതിട്ട, കോട്ടയം ജില്ലാ ഭരണകൂടങ്ങൾക്ക് ശബരിമല ശുചീകരണപദ്ധതികൾക്കുള്ള ധനസഹായമായി 19.11 കോടി രൂപ അനുവദിച്ചു. തിരുവനന്തപുരം ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിന് 3.38 കോടി രൂപ അനുവദിച്ചു. പലിശ രഹിത വായ്പയായ രണ്ടുകോടി രൂപയടക്കമാണിത്. ഒപ്പം വാർഷിക സഹായം, പുരാവസ്തുക്കളുടെയും ശില്പങ്ങളുടെയും ആർക്കൈവിങ് എന്നിവയ്ക്കായാണ് ഈ തുക അനുവദിച്ചത്. കാവുകൾ, കുളങ്ങൾ, ആൽത്തറകൾ എന്നിവയുടെ സംരക്ഷണത്തിനുവേണ്ടി മാത്രം 4.18 കോടി രൂപയാണ് എൽഡിഎഫ് സർക്കാർ അനുവദിച്ചത്.

വിശ്വാസ സംരക്ഷണം തങ്ങളുടെ കുത്തകയാണെന്ന മട്ടിൽ രംഗത്തുവരുന്ന ബിജെപിയും അവർക്ക് ഒത്താശ ചെയ്യുന്ന ചില സംഘടകളും ഈ വസ്തുതകളും കണക്കുകളുമൊന്നും ഒരിക്കലും പുറത്തുപറയില്ല. ഇല്ലാക്കഥകൾ വാർത്തയാക്കിയും വ്യാജവാർത്തകൾ പടച്ചുണ്ടാക്കിയും ഈ വസ്തുതകൾ മറച്ചുവെക്കുകയാണ് ബിജെപിയും സംഘപരിവാറും ചെയ്യുന്നത്. ക്ഷേത്ര ഫണ്ട് സർക്കാർ തട്ടിയെടുക്കുകയാണെന്ന വ്യാജ ആരോപണം ഇക്കൂട്ടർ ഒരു മടിയും മറയുമില്ലാതെ ആവർത്തിക്കുകയും ചാനലുകൾ വഴി വാർത്ത കൊടുപ്പിക്കുകയുമാണ് ചെയ്യുന്നത്. പ്രതിപക്ഷമായ കോൺഗ്രസാകട്ടെ ഇതിന്‌ എല്ലാ പിന്തുണയും കൊടുക്കുന്നു.