ഷംസീറിനെതിരെ നാളെ നാമജപ പ്രതിഷേധം; ഗണപതിക്ഷേത്രങ്ങളിൽ വഴിപാട് നടത്താൻ എൻ എസ് എസ്

0
119

സ്പീക്കർ എ എൻ ഷംസീറിനെതിരെ തെരുവിലിറങ്ങി പ്രതിഷേധിക്കാനൊരുങ്ങി എൻഎസ്എസ്. ബുധനാഴ്ച തിരുവനന്തപുരത്ത് നാമജപ പ്രതിഷേധം നടത്തും. ഹിന്ദു വിശ്വാസങ്ങളെ അധിക്ഷേപിച്ച ഷംസീറിന്റെ രാജി ആവശ്യപ്പെട്ടതിന് പിന്നാലെയാണ് സമരവുമായി എൻഎസ്എസ് തെരുവിലിറങ്ങുന്നത്. വിശ്വാസികൾ ഗണപതിക്ഷേത്രങ്ങളിൽ വഴിപാട് നടത്തണമെന്ന് എൻഎസ്എസ് കരയോഗങ്ങൾക്കയച്ച സർക്കുലറിൽ നിർദ്ദേശിച്ചിട്ടുണ്ട്.

ഗണപതിയെ ഷംസീർ അവഹേളിച്ചുവെന്നു പറഞ്ഞാണ് എൻ എസ് എസ് നാമജപ പ്രതിഷേധത്തിന് ഇറങ്ങിയിട്ടുള്ളത്. എന്നാൽ, പ്രതിഷേധത്തിന്റെ പേരിൽ പ്രകോപനപരവും മതവിദ്വേഷജനകവുമായ യാതൊരു നടപടിയും ഉണ്ടാകുവാൻ പാടില്ല എന്ന് സർക്കുലറിൽ പ്രത്യേകം ഓർമ്മിപ്പിക്കുന്നു.

വിശ്വാസ സംരക്ഷണ ദിനമായി ആചരിക്കുന്ന നാളെ എല്ലാ വിശ്വാസികളും അടുത്തുള്ള ഗണപതി ക്ഷേത്രത്തിൽ ദർശനം നടത്തണമെന്ന് ജി സുകുമാരൻ നായർ പുറത്തിറക്കിയ സർക്കുലറിൽ ആവശ്യപ്പെട്ടു. സന്ദേശം എല്ലാ കരയോഗ ഭവനങ്ങളിലും എത്തിക്കണമെന്നും സർക്കുലറിൽ നിർദ്ദേശിച്ചിരിക്കുന്നു.

ഷംസീർ സ്പീക്കർ സ്ഥാനത്ത് തുടരാൻ അർഹനല്ലെന്നും സ്ഥാനം ഒഴിയാത്ത പക്ഷം സർക്കാർ നടപടി സ്വീകരിക്കാൻ തയ്യാറാകണമെന്നും എൻഎസ്എസ് കഴിഞ്ഞദിവസം ആവശ്യപ്പെട്ടിരുന്നു. ഷംസീർ നിരുപാധികം മാപ്പ് പറയണമെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ ആവശ്യപ്പെട്ടു.

ഷംസീർ പറഞ്ഞത് ശാസ്ത്രമാണെന്നും മിത്തുകളെ ചരിത്രവുമായി കൂട്ടിക്കലർത്തരുതെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ കഴിഞ്ഞദിവസം പ്രതികരിച്ചു. വിഷയത്തിൽ ഷംസീർ മാപ്പുപറയേണ്ട സാഹചര്യമില്ലെന്നും ഗോവിന്ദൻ വ്യക്തമാക്കിയിരുന്നു.