തമിഴ്നാട് കൃഷ്ണഗിരിയിലെ പടക്കക്കടയിൽ തീപിടിത്തം: 9 മരണം; 20ലേറെ പേർക്ക് പരിക്ക്

0
88

തമിഴ്നാട്ടിലെ കൃഷ്ണഗിരിയിലെ സ്വകാര്യ പടക്കക്കടയിലുണ്ടായ തീപിടിത്തത്തിൽ ഒൻപത് പേർ മരിച്ചു. 20 പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. ശനിയാഴ്ച കൃഷ്ണഗിരി പഴയപേട്ട മുരുകൻ ക്ഷേത്രത്തിലേക്കുള്ള റോഡിലെ സ്വകാര്യ പടക്കക്കടയിലാണ് അപകടം. പഴയപ്പേട്ടയിൽ ശനിയാഴ്ച രാവിലെ ഒൻപത് മണിയോടെയുണ്ടായ അപകടത്തിൽ 20 പേർക്ക് പരുക്കേറ്റു. ഗോഡൗൺ ഉടമയും കുടുംബവും പരിസരത്തുള്ള കടകളിലും മറ്റും ജോലി ചെയ്തിരുന്നവരുമാണ് മരിച്ചത്.

ഗോഡൗൺ ഉടമസ്ഥൻ രവി, ഭാര്യ ജയശ്രീ, ഇവരുടെ മക്കളായ ഋതിക, ഋതിഷ് എന്നിവരും ഗോഡൗണിന് അടുത്തുള്ള സ്ഥാപനങ്ങളില്‍ ജോലി ചെയ്തിരുന്ന രാജേശ്വരി, ഇബ്രാഹിം, ഇംറാന്‍, സരസു, ജെയിംസ് എന്നിവരുമാണ് മരിച്ചത്. പരിക്കേറ്റ എല്ലാവരെയും കൃഷ്ണഗിരി സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പടക്കങ്ങൾ പൊട്ടിത്തെറിച്ച് സമീപത്തെ മൂന്നിലധികം വീടുകൾക്കും കേടുപാടുകൾ സംഭവിച്ചു. റോഡിലൂടെ പോയ വാഹനങ്ങള്‍ക്കടക്കം സ്‌ഫോടനത്തിൽ കേടുപാടുകൾ ഉണ്ടായി. കെട്ടിടങ്ങൾക്കിടയിൽ ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം. പലർക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. മരണസംഖ്യ ഉയരാൻ സാധ്യതയുണ്ട്.

ചുറ്റും ആളിപ്പടരുന്ന തീ അണയ്ക്കാനുള്ള ശ്രമത്തിലാണ് അഗ്നിശമന സേനാംഗങ്ങൾ. ജനവാസ മേഖലയ്ക്കിടയില്‍ സ്ഥിതി ചെയ്യുന്ന സ്വകാര്യവ്യക്തിയുടെ ഗോഡൗണിലാണ് സ്ഫോടനമുണ്ടായത്. അരക്കിലോമീറ്റര്‍ ചുറ്റളവില്‍ പുക പടർന്നു. ആളുകള്‍ കുടുങ്ങിക്കിടപ്പുണ്ടോ എന്നതിൽ വ്യക്തതയില്ല. അപകടകാരണം വ്യക്തമല്ല.