ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള ഏകദിന പരമ്പരയിലെ രണ്ടാം മത്സരം ഇന്ന്

0
294

ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള ഏകദിന പരമ്പരയിലെ രണ്ടാം മത്സരം ഇന്ന്. കെൻസിംഗ്ടൺ ഓവലിൽ വൈകിട്ട് ഏഴ് മണി മുതലാണ് മത്സരം. ഏകദിന പരമ്പരയിലെ ആദ്യ മത്സരം ഇന്ത്യ ജയിച്ചിരുന്നു. ഇന്നത്തെ മത്സരവും ജയിച്ച് പരമ്പര സ്വന്തമാക്കാനാണ് ടീം ഇന്ത്യ ലക്ഷ്യമിടുന്നത്. അതേസമയം

പരമ്പരയിലെ ആദ്യ മത്സരം 5 വിക്കറ്റിന് ജയിച്ച ഇന്ത്യ നിലവിൽ 1-0ന് മുന്നിലാണ്. മത്സരം ജയിച്ചെങ്കിലും ഇന്ത്യൻ ബാറ്റിംഗ് നിര വളരെ മോശം പ്രകടനമാണ് കാഴ്ച്ച വെച്ചത്. വെസ്റ്റ് ഇൻഡീസ് ഉയർത്തിയ 115 റൺസ് വിജയലക്ഷ്യം മറികടക്കാൻ ഇന്ത്യക്ക് അഞ്ച് വിക്കറ്റുകൾ നഷ്ടപ്പെടേണ്ടി വന്നു. ചെറിയ സ്‌കോറായതിനാൽ വിരാട്‌ കോലി ബാറ്റിംഗിന് ഇറങ്ങിയിരുന്നില്ല. രോഹിത്‌ ശർമ ഏഴാമനായാണ്‌ എത്തിയത്‌. ബൗണ്ടറി പായിച്ച്‌ ക്യാപ്‌റ്റൻ ജയമൊരുക്കുകയായിരുന്നു. 22.5 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 118 റൺസാണ് ടീം നേടിയത്.

അതേസമയം ടി20 ക്രിക്കറ്റിൽ തന്റെ കഴിവ് തെളിയിച്ച സൂര്യകുമാർ യാദവ് ഇതുവരെ ഏകദിന ക്രിക്കറ്റിൽ തന്റെ മുദ്ര പതിപ്പിച്ചിട്ടില്ല. 50 ഓവർ ഫോർമാറ്റിൽ സൂര്യയുടെ പ്രകടനം തികച്ചും നിരാശാജനകമാണ്. മോശം റെക്കോർഡ് ഉണ്ടായിരുന്നിട്ടും, വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ഏകദിനത്തിൽ രോഹിത് ശർമ സൂര്യയ്ക്ക് അവസരം നൽകി. ഈ അവസരം മുതലെടുക്കാൻ ടി20യിലെ നമ്പർ-1 ബാറ്റ്സ്മാന് കഴിഞ്ഞില്ല.

ഇത്തരമൊരു സാഹചര്യത്തിൽ രണ്ടാം ഏകദിനത്തിൽ സഞ്ജുവിനെ കളിപ്പിക്കുമെന്ന അഭ്യൂഹങ്ങൾ പരക്കുന്നുണ്ട്. എന്നാൽ ഏകദിന ക്രിക്കറ്റ്‌ ലോകകപ്പ്‌ അടുത്തുനിൽക്കെ കൂടുതൽ പരീക്ഷണങ്ങളിലേക്ക്‌ ഇന്ത്യ കടന്നേക്കില്ലെന്നാണ് റിപ്പോർട്ടുകൾ. ടി20 ക്രിക്കറ്റിൽ സൂര്യ സാംസണേക്കാൾ മുന്നിലായിരിക്കാം, എന്നാൽ ഏകദിന ക്രിക്കറ്റിൽ സാംസണിന്റെ കണക്കുകൾ അദ്ദേഹത്തെക്കാൾ മികച്ചതാണ്. വേഗത കുറഞ്ഞ വെസ്റ്റ് ഇൻഡീസ് പിച്ചിൽ സ്പിന്നർമാരാണ് രോഹിത്തിന്റെ ആയുധം.

രണ്ടാം ഏകദിനത്തിൽ മൂന്നാം സ്പിന്നർക്ക് അവസരം ലഭിച്ചേക്കും. അങ്ങനെയെങ്കിൽ ശാർദുൽ താക്കൂറിനെ പുറത്തിരുത്തി യുസ്വേന്ദ്ര ചാഹലിന് അവസരം ലഭിക്കും. ആദ്യ ഏകദിനത്തിൽ മുഹമ്മദ് സിറാജിന്റെ അഭാവത്തിൽ മുകേഷ് കുമാറിനും ഉംറാൻ മാലിക്കിനുമൊപ്പം ഹാർദിക് പാണ്ഡ്യയും ഷാർദുൽ താക്കൂറും ചേർന്നാണ് ഇന്ത്യൻ പേസ് ആക്രമണം കൈകാര്യം ചെയ്തത്. ഇവരെല്ലാം ടീമിന് മികച്ച തുടക്കം നൽകിയെങ്കിലും സ്പിന്നർമാർ എത്തിയതോടെ വിൻഡീസിന്റെ ഇന്നിങ്‌സ് തകർച്ചയിൽ അവസാനിച്ചു. ജഡേജ മൂന്നും കുൽദീപ് നാലും വിക്കറ്റ് വീഴ്ത്തി.