മെറ്റ സ്മാർട്ട് വാച്ചുകൾക്കായുള്ള വാട്ട്‌സ്ആപ്പ് അവതരിപ്പിച്ചു

0
76

ഒരു മിനി സ്മാർട്ട്ഫോൺ എന്ന് വിശേഷിപ്പിക്കാൻ കഴിയുന്ന ഫീച്ചറുകൾ ഇന്ന് സ്മാർട്ട് വാച്ചുകളിൽ ലഭ്യമാണ്. ഗൂഗിൾ മാപ്പും, യൂട്യൂബ് മ്യൂസിക്കും ഉൾപ്പടെയുള്ള ആപ്ലിക്കേഷനുകൾ പല സ്മാർട്ട് വാച്ചുകളിലുണ്ട്. എന്നാൽ പല ഉപയോക്താക്കളും പറയുന്ന ഒരു പരാതിയാണ് തങ്ങളുടെ വാച്ചിൽ വാട്ട്‌സ്ആപ്പ് ഇല്ലെന്നത്. ആ പരാതിയ്ക്ക് പരിഹാരവുമായി എത്തിയിരിക്കുകയാണ് മെറ്റ.

മെറ്റ കഴിഞ്ഞ ദിവസം സ്മാർട്ട് വാച്ചുകൾക്കായുള്ള വാട്ട്‌സ്ആപ്പ് അവതരിപ്പിച്ചു. ഇത് Wear OS 3 അല്ലെങ്കിൽ അതിനുമുകളിൽ പ്രവർത്തിക്കുന്ന സ്മാർട്ട് വാച്ചുകളിൽ ഉപയോഗിക്കാൻ കഴിയും. ആപ്പിലൂടെ ടെക്സ്റ്റ് മെസ്സേജും വോയ്‌സ് മെസ്സേജും ചെയ്യാനുള്ള സൗകര്യമുണ്ട്. കൂടാതെ സ്മാർട്ട് വാച്ചിൽ നിന്ന് നേരിട്ട് വാട്ട്‌സ്ആപ്പ് കോളുകൾ ചെയ്യാനും വരുന്ന കോളുകൾക്ക് മറുപടി നൽകാനും സാധിക്കും.

സാംസങ്, ഗൂഗിൾ, ഫോസിൽ, മറ്റ് പ്രീമിയം സ്മാർട്ട് വാച്ചുകൾ എന്നിവയിൽ ഈ ഓപ്പറേറ്റിംഗ് സിസ്റ്റം ലഭ്യമാണ്. Wear OS ഉള്ള വാച്ചുകളിൽ മാത്രമേ വാട്ട്‌സ്ആപ്പ് ഉപയോഗിക്കാൻ സാധിക്കുകയുള്ളു. ആപ്പിൾ വാച്ചിൽ ഈ സേവനം ലഭ്യമല്ല.

Wear OS-നുള്ള വാട്ട്‌സ്ആപ്പ് എങ്ങനെ ഡൗൺലോഡ് ചെയ്യാം:

പ്ലേ സ്റ്റോറിലേക്ക് പോയി ‘ആപ്പ്സ് ഓൺ ഫോൺ’ തിരഞ്ഞെടുക്കുക.

വാച്ചിലൂടെ വാട്ട്‌സ്ആപ്പ് ഇൻസ്റ്റാൾ ചെയ്യുക (വാട്ട്‌സ്ആപ്പ്-ലിങ്ക് ചെയ്‌ത സ്‌മാർട്ട്‌ഫോൺ, സ്‌മാർട്ട് വാച്ചുമായി പെയർ ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കുക).

സ്മാർട്ട് വാച്ചിൽ ആപ്പ് തുറക്കുക ഒരു 8 ക്യാരക്ടർ കോഡ് പ്രത്യക്ഷപ്പെടും. നിങ്ങളുടെ ഫോണിൽ അറിയിപ്പ് ലഭിച്ചതിന് ശേഷം, ഓൺ-സ്ക്രീൻ നിർദ്ദേശങ്ങൾ പാലിച്ച് ഈ കോഡ് നൽകുക.

ഈ പ്രക്രിയ പൂർത്തിയാക്കിക്കഴിഞ്ഞാൽ, വാട്ട്‌സ്ആപ്പ് സ്മാർട്ട് വാച്ചിൽ ദൃശ്യമാകും.

രണ്ട് കാര്യങ്ങൾ കൂടി ശ്രദ്ധിക്കേണ്ടതുണ്ട്. ഐഫോൺ വഴി ലിങ്കിംഗ് ലഭ്യമല്ല. കൂടാതെ, വാട്ട്‌സ്ആപ്പ് ബിസിനസ് അക്കൗണ്ട് സ്‌മാർട്ട് വാച്ചിലേക്ക് ലിങ്ക് ചെയ്യാനും സാധിക്കില്ല.