Wednesday
17 December 2025
30.8 C
Kerala
HomeIndiaചീറ്റപ്പുലികൾ ചത്തൊടുങ്ങുന്ന സംഭവത്തിൽ കേന്ദ്രസർക്കാരിനെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി

ചീറ്റപ്പുലികൾ ചത്തൊടുങ്ങുന്ന സംഭവത്തിൽ കേന്ദ്രസർക്കാരിനെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി

മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിൽ ചീറ്റപ്പുലികൾ ചത്തൊടുങ്ങുന്ന സംഭവത്തിൽ കേന്ദ്രസർക്കാരിനെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി. ഇതൊരു പ്രസ്റ്റീജ് ഇഷ്യൂ ആക്കരുത്. ചീറ്റകളുടെ മരണത്തിൽ ആശങ്ക രേഖപ്പെടുത്തിയ കോടതി, വിഷയത്തിൽ സർക്കാരിന്റെ ഭാഗത്തുനിന്ന് പോസ്റ്റിറ്റീവായ നടപടി ഉണ്ടാകണമെന്നും ആവശ്യപ്പെട്ടു. കഴിഞ്ഞ നാല് മാസത്തിനിടെ മൂന്ന് കുഞ്ഞുങ്ങളടക്കം എട്ട് ചീറ്റകളാണ് കുനോ ദേശീയോദ്യാനത്തിൽ ചത്തത്.

ജസ്റ്റിസ് ബി.ആർ ഗവായ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റേതാണ് വിമർശനം. നമീബിയയിൽ നിന്നും ദക്ഷിണാഫ്രിക്കയിൽ നിന്നും അടുത്തിടെ ഇന്ത്യയിലെത്തിച്ച ചീറ്റപ്പുലികളെ കുനോ നാഷണൽ പാർക്കിൽ മാത്രം അയച്ചത് എന്തുകൊണ്ടാണെന്ന് അഡീഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടിയോട് സുപ്രീം കോടതി ചോദിച്ചു. കഴിഞ്ഞ ആഴ്‌ചയ്‌ക്കുള്ളിൽ രണ്ട് മരണങ്ങൾ, ഇതൊരു പ്രസ്റ്റീജ് ഇഷ്യൂ ആക്കരുത്. ചില പോസിറ്റീവ് നടപടികൾ ആവശ്യമാണ്. ചില ചീറ്റപ്പുലികളെ രാജസ്ഥാനിലേക്ക് മാറ്റാമെന്ന് കോടതി വാക്കാൽ നിർദ്ദേശിച്ചു.

20 ചീറ്റകളിൽ 8 എണ്ണം ചത്തു. ഒരു വർഷത്തിനുള്ളിൽ 40% മരണങ്ങൾ എന്നത് നല്ല സൂചനയില്ലെന്നും ബെഞ്ച് വ്യക്തമാക്കി. ചീറ്റാ ട്രാൻസ്‌ലോക്കേഷൻ പദ്ധതിക്കായി കേന്ദ്ര സർക്കാർ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്ന് അഡീഷണൽ സോളിസിറ്റർ ജനറൽ (എഎസ്ജി) ഐശ്വര്യ ഭാട്ടി പറഞ്ഞു. ഇത് പ്രതീക്ഷിച്ചിരുന്നതാണ്, ട്രാൻസ്‌ലോക്കേഷനിൽ 50% മരണങ്ങൾ സാധാരണമാണെന്നും ഭാട്ടി വ്യക്തമാക്കി. അങ്ങനെയെങ്കിൽ എന്തുകൊണ്ടാണ് മരണങ്ങൾ സംഭവിക്കുന്നതെന്ന് ജസ്റ്റിസ് പർദിവാല ചോദിച്ചു.

“അപ്പോൾ എന്താണ് പ്രശ്നം? കാലാവസ്ഥയുമായി പൊരുത്തപ്പെടുന്നില്ലേ? ചീറ്റകൾക്ക് കിഡ്നി അല്ലെങ്കിൽ ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടോ?” – ജസ്റ്റിസ് പർദിവാല ചോദിച്ചു. അണുബാധയാണ് മരണത്തിലേക്ക് നയിച്ചതെന്ന് എഎസ്ജി മറുപടി നൽകി. ഓരോ മരണത്തിന്റെയും വിശദമായ വിശകലനം നടക്കുന്നുണ്ടെന്നും എഎസ്ജി ബെഞ്ചിനെ അറിയിച്ചു. തുടർന്ന് ചീറ്റകളെ രാജസ്ഥാനിലേക്ക് മാറ്റുന്നത് പരിഗണിക്കുന്നതുൾപ്പെടെയുള്ള കാര്യത്തിൽ മറുപടി സമർപ്പിക്കാൻ കോടതി കേന്ദ്രത്തോട് ആവശ്യപ്പെടുകയായിരുന്നു. ഓഗസ്റ്റ് ഒന്നിന് കേസ് വീണ്ടും പരിഗണിക്കും.

RELATED ARTICLES

Most Popular

Recent Comments