2021 ജനുവരി 31 നാണ് തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറിനെ അധികാരത്തിലെത്തുന്നത് തടയാനായി മ്യാന്മാര്‍ സൈന്യം രാജ്യത്തെ ജനപ്രതിനിധികളെ അറസ്റ്റ് ചെയ്ത് തുടങ്ങിയത്. ഫെബ്രുവരി ഒന്നിന് മ്യാന്മാറിലെ ഏറ്റവും ജനകീയയായ നേതാവ് ഓങ് സാങ് സൂചിയെയും സൈന്യം വീട്ട് തടങ്കലിലേക്ക് മാറ്റി. ഇതേതുടര്‍ന്ന് മ്യാന്മാരില്‍ ജനങ്ങള്‍ തെരുവുകളില്‍ പ്രതിഷേധവുമായി രംഗത്തെത്തി.
ഒന്നരമാസത്തെ പ്രതിഷേധത്തിനിടെ ഏതാണ്ട് നൂറോളം പ്രതിഷേധക്കര്‍ സൈന്യത്തിന്‍റെ വെടിവെപ്പില്‍ മരിച്ചെന്നാണ് പുറത്ത് വരുന്നത്. അതിനിടെയാണ് കഴിഞ്ഞ രണ്ട് ദിവസത്തിനിടെ 100 പേര്‍ കൊല്ലപ്പെട്ടെന്ന വാര്‍ത്തകളും മ്യാന്മാറില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.
മ്യാന്മാറില്‍ കഴിഞ്ഞ ദിവസം ചൈനീസ് ധനസഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഫാക്ടറിക്ക് അജ്ഞാതര്‍ തീയിട്ടതിനെ തുടര്‍ന്ന് 39 പേര്‍ കൊല്ലപ്പെട്ടെന്നും നിരവധി ചൈനീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തെന്ന് ചൈനീസ് എംബസി അറിയിച്ചു. രാജ്യത്തെ വിവിധ പ്രദേശങ്ങളില്‍ നടന്ന മറ്റ് പ്രക്ഷോഭങ്ങളില്‍ 16 പേര്‍ കൂടി കൊല്ലപ്പെട്ടതായി അസിസ്റ്റൻസ് അസോസിയേഷൻ ഫോർ പൊളിറ്റിക്കൽ പ്രിസൺസ് (എഎപിപി), ഒരു പോലീസുകാരൻ പറഞ്ഞതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.