‘സ്ഥാനാർഥി പ്രഖ്യാപനശേഷം പ്രതിഷേധിക്കുന്നത്‌ ശരിയല്ല’ ലതിക സുഭാഷിനെ തള്ളിപറഞ്ഞ് രമേശ് ചെന്നിത്തല

0
59

സീറ്റ്‌‌ കിട്ടാത്തതിൽ കോൺഗ്രസ് നേതിര്ത്വത്തോട് പൊട്ടിത്തെറിച്ചു രാജിവച്ച മഹിള കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ലതിക സുഭാഷിന്റെ പ്രതിഷേധം ശരിയല്ലെന്ന് പ്രതിപക്ഷ നേതാവ്‌ രമേശ് ചെന്നിത്തല. സ്ഥാനാർഥി പ്രഖ്യാപനത്തിന് ശേഷം കോൺഗ്രസിൽ കലഹം രൂക്ഷമായിരിക്കുകയാണ്.

സീറ്റ്‌‌ കിട്ടാത്തതിലുള്ള മഹിളാകോൺഗ്രസ്‌ സംസ്ഥാന പ്രസിഡന്റ്‌ ലതികാ സുഭാഷിന്റെ പ്രതിഷേധം ഒഴിവാക്കേണ്ടതായിരുന്നുവെന്നും സ്ഥാനാർഥി പ്രഖ്യാപനശേഷം പ്രതിഷേധിക്കുന്നത്‌ ശരിയല്ല.

സ്ഥാനമാനങ്ങൾ ആഗ്രഹിച്ചല്ല പ്രവർത്തിക്കേണ്ടത്‌. ലതിക ഏറ്റുമാനൂർ സീറ്റാണ്‌ ആവശ്യപ്പെട്ടത്‌. വൈപ്പിൻ ചോദിച്ചതായി തനിക്കറിയില്ല എന്നും രമേശ്‌ ചെന്നിത്തല പറഞ്ഞു.

സീറ്റ്‌ കിട്ടാത്തവരെ മറ്റ്‌ പദവികൾ നൽകി പരിഗണിക്കും. രണ്ട്‌ ദിവസത്തിനകം പാർടിക്കുള്ളിലെ പ്രശ്‌നങ്ങൾ പരിഹരിക്കും. ഗ്രൂപ്പ്‌ പരിഗണനയില്ലാതെയാണ്‌ സ്ഥാനാർഥികളെ നിശ്‌ചയിച്ചതെന്നും ചെന്നിത്തല അവകാശപ്പെട്ടു. അതേസമയം ലതിക സുഭാഷ്‌ മത്സരിക്കുന്നതിനെക്കുറിച്ച്‌ പ്രതികരിക്കാൻ ചെന്നിത്തല തയ്യാറായില്ല.

ലതിക സുഭാഷ് ഏറ്റുമാനൂരില്‍ സ്വതന്ത്രയായി മത്സരിക്കും.ഇന്ന് വൈകിട്ട് പ്രഖ്യാപനം ഉണ്ടായേക്കും. കോൺഗ്രസിൻ്റെ പ്രാഥമിക അംഗത്വം രാജി വയ്‍ക്കുമെന്നും ലതിക വ്യക്തമാക്കി.

കോൺഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയിൽ ഇടമില്ലെന്ന് ഉറപ്പായതോടെ അങ്ങേയറ്റം വൈകാരിക പ്രതികരണമാണ് ലതിക സുഭാഷ് ഇന്നലെ കെപിസിസി ഓഫീസിന് മുന്നില്‍ നടത്തിയത്.

തുടര്‍ന്ന് തന്റെ പ്രതിഷേധം രേഖപ്പെടുത്തി കെപിസിസി ആസ്ഥാനത്തിന് മുന്നിലിരുന്ന് തല മുണ്ഡനം ചെയ്യുകയും ചെയ്തു.പ്രതിഷേധങ്ങൾ പലവിധത്തിൽ ഏറെ കണ്ടിട്ടുണ്ടെങ്കിലും അസാധാരണമായ അനുഭവമാണ് കോൺഗ്രസ് നേതൃത്വത്തിന് മഹിളാ കോൺഗ്രസിന്റെ ഭാഗത്ത് നിന്ന് നേരിട്ടത്.