ഏക സിവിൽ കോഡ്‌ ദേശീയ സെമിനാർ ഇന്ന്‌

0
90

ഏക സിവിൽ കോഡിന്റെ മറവിൽ രാജ്യത്തെ മതപരമായി വേർതിരിക്കുന്ന ബിജെപി സർക്കാരിന്റെ വർഗീയ അജൻഡക്കെതിരെ ശനിയാഴ്‌ച ദേശീയ സെമിനാർ. ആദിവാസികളുടെയും ന്യൂനപക്ഷങ്ങളുടെയും ജീവിതാവകാശങ്ങൾ നിഷേധിക്കുന്ന മതകോഡ്‌ നടപ്പാക്കരുതെന്നാവശ്യപ്പെട്ടാണ്‌ സെമിനാർ.

കോഴിക്കോട്‌ സ്വപ്‌നനഗരിയിലെ ട്രേഡ്‌സെന്ററിൽ വൈകിട്ട്‌ നാലിന്‌ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്‌ഘാടനം ചെയ്യും.

ഫാസിസ്റ്റ്‌ നീക്കത്തിനെതിരെ പ്രതിരോധാഹ്വാനവുമായി വിവിധ രാഷ്‌ട്രീയ–-സാംസ്‌കാരിക–-സാമൂഹ്യ സംഘടനകൾ അണിനിരക്കും.

ഫാസിസ്റ്റ്‌വിരുദ്ധ മുന്നേറ്റത്തിന്‌ അഭിവാദനമേകി പതിനായിരക്കണക്കിന്‌ ബഹുജനങ്ങളുമെത്തും.

മതനിരപേക്ഷമനസ്സ് ഒറ്റക്കെട്ടായി

ഇടതുപക്ഷത്തിന്റെ മുൻകൈയിൽ സംഘടിപ്പിക്കുന്ന സെമിനാറിൽ സാമൂഹ്യ–-സാംസ്‌കാരിക–-രാഷ്‌ട്രീയ സംഘടനാപ്രതിനിധികൾ പങ്കെടുക്കും. സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, സിപിഐ നേതാവ്‌ ഇ കെ വിജയൻ എംഎൽഎ, ജോസ്‌ കെ മാണി എംപി, എം വി ശ്രേയാംസ്‌കുമാർ, പ്രൊഫ. എ പി അബ്ദുൾ വഹാബ്, എളമരം കരീം എംപി, മന്ത്രിമാരായ പി എ മുഹമ്മദ് റിയാസ്, എ കെ ശശീന്ദ്രൻ, അഹമ്മദ് ദേവർകോവിൽ, സംസ്ഥാന വനിതാ കമീഷൻ ചെയർപേഴ്‌സൺ അഡ്വ. പി സതീദേവി, മേയർ ബീന ഫിലിപ്പ്‌ തുടങ്ങിയവർ പങ്കെടുക്കും.

താമരശേരി രൂപത ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ, റവ. ഡോ. ടി ഐ ജെയിംസ് (സിഎസ്ഐ), സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ സി മുഹമ്മദ്‌ ഫൈസി, കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി എൻ അലി അബ്ദുള്ള, സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമ (ഇകെ വിഭാഗം) സെക്രട്ടറി മുക്കം ഉമർ ഫൈസി, സമസ്‌ത കേന്ദ്ര മുശാവറ അംഗം പി എം അബ്ദുൾ സലാം ബാഖവി, കേരള നദ്‌വതുൽ മുജാഹിദ്ദീൻ പ്രസിഡന്റ്‌ ടി പി അബ്ദുള്ളക്കോയ മദനി, മർക്കസ്‌ ദുഅ്‌വ ജനറൽ സെക്രട്ടറി സി പി ഉമ്മർ സുല്ലമി, എംഇഎസ്‌ പ്രസിഡന്റ്‌ ഡോ. പി എ ഫസൽ ഗഫൂർ, ടി കെ അഷ്‌റഫ് (വിസ്ഡം ഗ്രൂപ്പ്), ഡോ. ഹുസൈൻ മടവൂർ, ഡോ. ഐ പി അബ്ദുൾ സലാം, ആദിവാസി ക്ഷേമസമിതി സംസ്ഥാന പ്രസിഡന്റ്‌ ഒ ആർ കേളു എംഎൽഎ, കെപിഎംഎസ്‌ ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ, കേരള ദളിത് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ്‌ പി രാമഭദ്രൻ തുടങ്ങിയവരും സെമിനാറിൽ പങ്കെടുക്കും.