വീണ്ടും മിന്നിതിളങ്ങി മിന്നുമണി; 4 ഓവറിൽ 9 റൺസ് മാത്രം

0
201

ബംഗ്ലാദേശിനെതിരായ രണ്ടാം ട്വൻറി 20 മത്സരത്തിൽ ഇന്ത്യക്കായി തകർപ്പൻ പ്രകടനവുമായി മലയാളി താരം മിന്നു മണി. നാല് ഓവർ ബോൾ ചെയ്ത മിന്നു 9 റൺസ് മാത്രം വഴങ്ങി നിർണായകമായ രണ്ട് വിക്കറ്റുകളും നേടി. ഒരു മെയ്ഡൻ ഓവർ അടക്കമായിരുന്നു മലയാളി താരത്തിൻറെ ഉജ്വല പ്രകടനം. ഇന്ത്യൻ വനിതകൾ ഉയർത്തിയ 98 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ബംഗ്ലാദേശ് ടീം 87 റൺസ് എടുത്ത് പുറത്തായി. ഇതോടെ 8 റൺസിന് ഇന്ത്യ വിജയം സ്വന്തമാക്കി.തുടർച്ചയായ രണ്ടാം ജയത്തോടെ മൂന്ന് മത്സരങ്ങളുള്ള പരമ്പരയും ഇന്ത്യ നേടി.

ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യൻ വനിത ടീമിന് 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 95 റൺസ് നേടാനെ സാധിച്ചുള്ളു. 14 പന്തിൽ 19 റൺസെടുത്ത ഷെഫാലി വർമയാണ് ഇന്ത്യയുടെ ടോപ് സ്കോറർ. മൂന്ന് പന്തുകൾ നേരിട്ട മിന്നു മണി ഒരു ഫോറടക്കം അഞ്ചു റൺസെടുത്തു പുറത്താകാതെനിന്നു. 33 റൺസെടുത്തു നിൽക്കെ ആദ്യ വിക്കറ്റ് നഷ്ടമായ ഇന്ത്യയ്ക്ക് തൊട്ടുപിന്നാലെ രണ്ടു വിക്കറ്റുകൾ കൂടി നഷ്ടമായത് റൺവേട്ടയിൽ തിരിച്ചടിയായി.

ക്യാപ്റ്റൻ ഹർമൻ പ്രീത് കൗർ നേരിട്ട ആദ്യ പന്തിൽ തന്നെ പുറത്തായി. സ്മൃതി മന്ഥന (14 പന്തിൽ 19), യാസ്തിക ഭാട്യ (13 പന്തിൽ 11), ദീപ്തി ശർമ (14 പന്തിൽ 10), അമൻജ്യോത് കൗർ (17 പന്തിൽ 14) എന്നിവരാണ് ഇന്ത്യക്കായി റൺസ് നേടി മറ്റ് താരങ്ങൾ.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശിനെ പ്രതിരോധിക്കുക എന്ന ലക്ഷ്യത്തോടയാണ് ഇന്ത്യൻ വനിതകൾ പന്തെറിഞ്ഞത്. പൂജ വസ്ത്രകാർ ഇന്ത്യയ്ക്കായി ആദ്യ ഓവർ എറിഞ്ഞു. ഈ ഓവറിൽ താരം പത്ത് റൺസ് വഴങ്ങിയതോടെ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ മലയാളി താരം മിന്നു മണിയെ രണ്ടാം ഓവർ പന്തെറിയാൻ ഏൽപ്പിച്ചു. രണ്ടാം പന്തിൽ തന്നെ ബംഗ്ലദേശ് ഓപ്പണർ ഷമീമ സുൽത്താനയെ പുറത്താക്കി മിന്നു ബംഗ്ലാദേശിനെ ഞെട്ടിച്ചു. മിന്നുവിന്റെ പന്തിൽ ഷെഫാലി വർമ ക്യാച്ചെടുത്താണ് സുൽത്താനയെ പുറത്താക്കിയത്. ഈ ഓവറിൽ ബംഗ്ലാദേശ് താരങ്ങൾക്ക് ഒരു റൺ പോലും നേടാനായില്ല.

4-ാം ഓവറിൽ 2 റൺസും, 6-ാം ഓവറിലും 8-ാം ഓവറിലും 4 വീതം റൺസുമാണു മിന്നു വിട്ടുകൊടുത്തത്. എട്ടാം ഓവറിലെ അവസാന പന്തിൽ ഋതു മോനിയെ വിക്കറ്റിന് മുന്നിൽ കുടുക്കി മിന്നു രണ്ടാം വിക്കറ്റും സ്വന്തമാക്കി. ഷെഫാലി വർമയെറിഞ്ഞ 20–ാം ഓവറിൽ ബംഗ്ലദേശിന് ജയിക്കാൻ വേണ്ടിയിരുന്നത് 10 റൺസായിരുന്നു. ഈ ഓവറിൽ മൂന്നു വിക്കറ്റുകൾ വീഴ്ത്തി ഷെഫാലി ഇന്ത്യയെ വിജയത്തിലെത്തിച്ചു. പരമ്പരയിലെ അവസാന മത്സരം 13ന് മിർപൂരിൽ നടക്കും.