കോൺഗ്രസിൽ വനിതകൾക്ക് തികഞ്ഞ അവഗണ, സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ മഹിളാ കോൺഗ്രസ് അധ്യക്ഷ സ്ഥാനം ലതികാ സുഭാഷ് രാജിവെച്ചു. തല മുണ്ഡനം ചെയ്താണ് അവര്‍ വൈകാരിക പ്രതിഷേധം പങ്കുവച്ചത്. നിയമസഭാ തെരഞ്ഞെടുപ്പിൽ ജൻമനാടായ ഏറ്റുമാനൂരിൽ മത്സരിക്കണമെന്ന ആഗ്രഹമാണ് തുടക്കം മുതൽ പ്രകടിപ്പിച്ചത്.
ഇക്കാര്യം ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും അടക്കം മുതിര്‍ന്ന നേതാക്കളെ എല്ലാം അറിയിക്കുകയും ചെയ്തിരുന്നു. എന്നാൽ തന്റെ കഴിഞ്ഞ കാലത്തെ പ്രവർത്തനങ്ങൾ പോലും പരിഗണിക്കാത്തെ മാറ്റി നിർത്തുകയാണെന്ന് ലതിക സുഭാഷ് പറഞ്ഞു. ഏറ്റുമാനൂരിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാനുള്ള ആവശ്യം ഉയരുന്നുണ്ടെന്നും ലതിക പറഞ്ഞു.
സ്ഥാനാര്‍ത്ഥി പട്ടികയിൽ ഏറെ ദുഖമുണ്ടെന്ന് ലതികാ സുഭാഷ് പറഞ്ഞു. പാര്‍ട്ടിക്ക് വേണ്ടി അലഞ്ഞ സ്ത്രീകളെ എല്ലാം അവഗണിച്ചു. മാധ്യമങ്ങൾക്ക് മുന്നിൽ കരയേണ്ടി വന്നു കൊല്ലം ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണക്ക് സീറ്റ് കിട്ടാൻ. മാധ്യമങ്ങൾക്ക് മുന്നിൽ തല മുണ്ഡനം ചെയ്താണ് ലതികാ സുഭാഷ് പ്രതിഷേധം പ്രകടിപ്പിച്ചത്.