തർക്കങ്ങൾക്കും ആശങ്കകൾക്കും പരിഹാരം കാണാതെ ഗ്രൂപ്പ് നേതാക്കളുടെ താല്പര്യത്തിന് തയ്യാറാക്കിയ പേരുകളുടെ കോൺഗ്രസ് സ്ഥാനാർത്ഥിപ്പട്ടിക. 93 സീറ്റിലേക്ക് മത്സരിക്കുന്ന കോൺഗ്രസ് സ്ഥാനാർഥികളിൽ 86 പേരുടെ പട്ടികയാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. കൽപ്പറ്റ, നിലമ്പൂർ, തവനൂർ, പട്ടാമ്പി, കുണ്ടറ, വട്ടിയൂർക്കാവ് എന്നിവിടങ്ങളിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല. അണികളുടെയും ജനങ്ങളുടെയും വികാരം മനസിലാക്കാതെ ഗ്രൂപ്പ് നേതാക്കൾ തയ്യാറാക്കിയ ലിസ്റ്റിൽ പരാജയസാധ്യതയുള്ള മണ്ഡലനങ്ങളിൽ യുവ നേതാക്കളെ ബലിയാടാക്കുകയാണ്. തോൽവി ഭീഷണിയെത്തുടർന്ന് പ്രമുഖ നേതാക്കൾ പിന്മാറിയ ഇടത്താണ് പുതുമുഖങ്ങൾക്ക് അവസരം ലഭിച്ചിരിക്കുന്നത്.
ഇരിക്കൂറിൽ പ്രവർത്തകരുടെ പ്രതിഷേധം കണക്കിലെടുക്കാതെ സജി ജോസഫിനെ സ്ഥാനാർഥിയാക്കിയിരിക്കുകയാണ് കോൺഗ്രസ് നേതൃത്വം. പാലക്കാട് ഡി സി സി നേതാവിന്റെയും അണികളുടെയും പരസ്യമായ പ്രതിഷേധം അവഗണിച്ച് ഷാഫി പറമ്പിലിനെ വീണ്ടും മത്സരിപ്പിക്കുകയാണ്. ഷാഫിയെ മത്സരിപ്പിച്ചാൽ പരസ്യമായി രംഗത്ത് വരുമെന്ന് ഡി സി സി അംഗം എ വി ഗോപിനാഥ് വ്യക്തമാക്കിയിരുന്നു.ഇത് പോലും കണക്കിലെടുക്കാതെയാണ് വീണ്ടും ഷാഫിയെ മത്സരിപ്പിക്കാൻ തീരുമാനിച്ചത്.
ലൈഫ് മിഷൻ അട്ടിമറിക്കാൻ ശ്രമിച്ച എം എൽ എ അനിൽ അക്കരയെ വീണ്ടും മത്സരത്തിനിരക്കി ജനങ്ങളെ വെല്ലുവിളിക്കുകയാണ് കോൺഗ്രസ് വടക്കാഞ്ചേരിയിൽ ചെയ്യുന്നത്.പെരുമ്പാവൂരിൽ സംഘ്പരിവാർ അനുകൂലിയയായ എൽദോസ് കുന്നപ്പള്ളിയെ സ്ഥാനാർത്ഥിയാക്കി കോൺഗ്രസ് അജണ്ട വ്യക്തമാക്കുന്നു.മൂവാറ്റുപുഴയിൽ മാത്യു കുഴൽനാടനെയും, കാഞ്ഞിരപ്പളിയിൽ ജോസഫ് വാഴക്കനേയും മത്സരിപ്പിക്കാനുള്ള തീരുമാനത്തിനെതിരെ നേരത്തെ തന്നെ പ്രവർത്തകർ രംഗത്ത് വന്നിരുന്നു എന്നാൽ ഈ എതിർപ്പ് അവഗണിച്ചാണ് ഇപ്പോൾ സ്ഥാനാർഥി പ്രഖ്യാപനം നടത്തിയിരിക്കുന്നത്.
മലയോര മേഖലയിൽ സമാന അവസ്ഥയാണ് ഉള്ളത്. പീരുമേട്ടിൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെയും പ്രവർത്തകരുടെയും മറികടന്ന് സിറിയക് തോമസിനെ മത്സര രംഗത്ത് ഇറക്കിയിരിക്കുന്നത്.തൃപ്പുണിത്തറയിൽ ബാർ കോഴ കേസിൽ അകപ്പെട്ട കെ.ബാബുവിനെ വീണ്ടും മത്സരിപ്പിക്കാൻ തീരുമാനിച്ചത്, ഉമ്മൻചാണ്ടിയുടെ സമ്മർദത്തെ തുടർന്നാണ് തീരുമാനം എങ്കിലും, പ്രവർത്തകരുടെ പോസ്റ്റർ പ്രതിഷേധവും, ജനങ്ങളുടെ എതിർപ്പും മറികടന്നാണ് തീരുമാനം.
കൊല്ലം മണ്ഡലത്തിൽ അഡ്വ.ബിന്ദു കൃഷ്ണയെ സ്ഥാനാർത്ഥിയാക്കി കോൺഗ്രസ് നാടിനെ പരിഹസിക്കുകയാണ്. തദ്ദേശ തെരഞ്ഞെടുപ്പിൽ തന്നെ ബിന്ദു കൃഷ്ണ ബി ജെ പി ഏജന്റ് ആണെന്നും മത്സര രംഗത്ത് ഇറക്കരുതെന്നും കോൺഗ്രസ് പ്രവർത്തകർ ആവശ്യപ്പെട്ടത്. സ്ഥാനാർത്ഥിപട്ടികയിൽ നിന്നും പുറത്ത് പോയ ബിന്ദു കൃഷ്ണയെ തിരിച്ച് കൊണ്ട് വന്നത് ഈ എതിർപ്പുകളെ മറികടന്നാണ്. തിരുവനന്തപുരത്ത് വി എസ് ശിവകുമാറിന്റെയും,നെയ്യാറ്റിൻകരയിലെ ആർ ശെൽവരാജിന്റെയും സ്ഥാനാര്ഥിത്വത്തെ ചൊല്ലിയും തർക്കം ഉയരുകയാണ്.
ഇരിക്കൂറിൽ സ്ഥാനാർത്ഥിപ്രഖ്യാപനത്തിന് പിന്നാലെ കോൺഗ്രസ് നേതാക്കളും, അണികളും കൂട്ടമായി രാജി വെച്ചു.മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷ ലതിക സുഭാഷ് സ്ഥാനം രാജി വെച്ച് തല മുണ്ഡനം ചെയ്തു പ്രതിഷേധം രേഖപ്പെടുത്തി. കോൺഗ്രസിൽ നിന്നും അപമാനിതയായിട്ടാണ് താൻ മടങ്ങുന്നതെന്നും, വനിതകളെ വ്യക്തികളായി പരിഗണിക്കാത്ത പാർട്ടിയാണ് കോൺഗ്രസ്സെന്നും ലതിക സുഭാഷ് വ്യക്തമാക്കി.