യൂത്ത് കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പ്: എ, ഐ ഗ്രൂപ്പുകൾ തമ്മിൽ സംഘർഷം; സ്ഥാനാർഥിക്ക് പരിക്ക്

0
66

യൂത്ത് കോൺഗ്രസ് സംഘടന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എറണാകുളത്ത് എ, ഐ ഗ്രൂപ്പുകൾ തമ്മിൽ സംഘർഷം. സംഭവത്തിൽ സ്ഥാനാർഥിക്ക് പരിക്കേറ്റു. എറണാകുളം കുന്നത്തുനാട്ടിലാണ് യൂത്ത് കോൺഗ്രസ് നേതാക്കൾ തമ്മിൽ ഏറ്റുമുട്ടിയത്.

സംഘർഷത്തിൽ കുന്നത്തുനാട് നിയോജകമണ്ഡലം പ്രസിഡന്റ് സ്ഥാനാർഥി സലീം മുഹമ്മദിനാണ് പരിക്കേറ്റത്. ഐ ഗ്രൂപ്പിന്റെ പ്രസിഡന്റ് സ്ഥാനാർത്ഥിയാണ് സലിം മുഹമ്മദ്.

യൂത്ത് കോൺഗ്രസ് എറണാകുളം ജില്ലാ പ്രസിഡണ്ട് സ്ഥാനാർഥിയും എ ഗ്രൂപ്പ് പ്രതിനിധിയുമായ അനൂപിന്റെ നേതൃത്വത്തിൽ ആക്രമിച്ചെന്നാണ് പരാതി. പരിക്കേറ്റ സലീം മുഹമ്മദിനെ പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

യൂത്ത് കോൺഗ്രസ് സംഘടനാ തെര‍ഞ്ഞെടുപ്പിന് കഴിഞ്ഞ ദിവസമാണ് തുടക്കമായത്. ഒരുമാസം നീണ്ടുനിൽക്കുന്ന ഓൺലൈൻ വോട്ടെടുപ്പിലൂടെയാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുന്നത്. തെരഞ്ഞെടുപ്പിൻറെ മുന്നോടിയായി ഗ്രൂപ്പ് യോഗങ്ങൾ സജീവമായതോടെ പാർട്ടിയിലെ ഐക്യം നഷ്ടമായെന്ന പരാതി ഒരു വിഭാഗം ഉന്നയിക്കുന്നുണ്ട്.

സംസ്ഥാന പ്രസി‍ഡൻറ് സ്ഥാനത്തേക്ക് എ ഗ്രൂപ്പിൽ നിന്ന് രാഹുൽ മാങ്കൂട്ടത്തിലും ഐ ഗ്രൂപ്പിൽ നിന്ന് അബിൻ വർക്കിയുമാണ് ഏറ്റുമുട്ടുന്നത്. ഇരു ഗ്രൂപ്പിൽ നിന്നും വിമതരും മത്സരരംഗത്തുണ്ട്.