പൊതു വിദ്യാഭ്യാസ സംരക്ഷണ യജഞം: വളർച്ചയുടെ പാതയിൽ ഫോർട്ടുകൊച്ചി ഇഎംജിഎച്ച്‌എസ്എസ് ഒപ്പം വിനയ് ഫോർട്ടും

0
60

ഫോർട്ടുകൊച്ചി ഇഎംജിഎച്ച്‌എസ്എസും വിനയ്‌ ഫോർട്ടും അതിവേഗം വളർന്നിരിക്കുന്നു. ബാലസംഘം പ്രവർത്തകനായി യുവനടൻ വിനയ്‌ ഫോർട്ട്‌ അഭിനയകലയുടെ ആദ്യ ചുവടുകൾ വച്ചത്‌ ഈ സ്‌കൂൾ മുറ്റത്താണ്‌.

ആ സ്കൂളിന്റെ മാറ്റത്തിനെയാണ് വിനയ് ഫോർട്ട് അത്ഭുതത്തോടെ കാണുന്നത്.നൂറ്റാണ്ടു പിന്നിട്ട അക്ഷരമുത്തശ്ശി പുതിയ കെട്ടിടവും പത്രാസുമൊക്കെയായി മുഖം മിനുക്കി. കൊച്ചി മണ്ഡലത്തിലെ പ്രധാന വിദ്യാലയങ്ങളിലൊന്നാണ്‌ ഫോർട്ടുകൊച്ചി വെളിയിലെ ഇഎംജിഎച്ച്‌എസ്‌എസ്‌. ഫോർട്ടുകൊച്ചി, മട്ടാഞ്ചേരി പ്രദേശത്തെ തീരദേശ മേഖലയിൽ അറിവിന്റെ വെളിച്ചം പകർന്ന നൂറ്റാണ്ടിന്റെ നിറവ്‌.

പടിഞ്ഞാറൻ കൊച്ചിയുടെ ഗതകാല പ്രതാപം പേറുമ്പോഴും പുതിയ കാലത്തിനൊത്ത അടിസ്ഥാന സൗകര്യങ്ങൾ ഈ വിദ്യാലയത്തിന്‌ അന്യമായി തുടർന്നു. ഓടുമേഞ്ഞ പഴക്കംചെന്ന കെട്ടിടം തകർച്ചയുടെ ദിനങ്ങളെണ്ണി.

സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഇപ്പോൾ സ്‌കൂളിന്‌ പുതുജീവൻ കൈവരുന്നു. മൂന്നരക്കോടിരൂപ ചെലവിൽ ഹയർസെക്കൻഡറി വിഭാഗത്തിനുള്ള അതിമനോഹരമായ മന്ദിരത്തിന്റെ നിർമാണം പൂർത്തിയായി.

അടുത്തഘട്ടമായി ഹൈസ്‌കൂൾ വിഭാഗത്തിനുള്ള മന്ദിരംകൂടി വരുന്നതോടെ പുതിയ കൊച്ചിയുടെ മുഖമാകും ഇഎംജിഎച്ച്‌എസ്‌എസ്‌. കിഫ്‌ബിയിൽനിന്നുള്ള അഞ്ചുകോടി രൂപയും കെ ജെ മാക്‌സി എംഎൽഎയുടെ മണ്ഡലം വികസന ഫണ്ടിൽനിന്നുള്ള 1.45 കോടി രൂപയുമാണ്‌ ചെലവഴിക്കുന്നത്‌.

ഹയർസെക്കൻഡറി കെട്ടിടം ഉയർന്നതോടെതന്നെ സ്‌കൂളിന്റെ മുഖഛായ മാറിയെന്ന്‌ വിനയ്‌ ഫോർട്ട്‌. ‘എത്രയോ പ്രാവശ്യം ഈ മുറ്റത്ത്‌ ബാലസംഘം കൂട്ടുകാർക്കൊപ്പം ക്യാമ്പുകൾക്കായി ഒത്തുകൂടിയിട്ടുണ്ട്‌.

കലാജാഥയിൽ വേനൽത്തുമ്പിയായി നാടാകെ പറന്നുപാറി. ഇവിടെനിന്നാണ്‌ എന്റെയുള്ളിലെ അഭിനേതാവിനെ കണ്ടെടുത്തത്‌. കഴിവുകളെ സ്വയം തിരിച്ചറിഞ്ഞത്’–-വിനയ്‌ പറയുന്നു‌. പഠനമുറിക്കുപുറത്ത്‌ പലതും പഠിപ്പിച്ച വിദ്യാലയത്തിന്റെ പുതുകാല പ്രതാപം കാണാൻ വിളിപ്പാടകലെയുള്ള വീട്ടിൽനിന്ന്‌ എത്തിയതാണ്‌ വിനയ്‌ ഫോർട്ട്‌.

1912ൽ സ്ഥാപിതമായ സ്‌കൂളിന്‌ പുതിയകാല പഠനസൗകര്യങ്ങളെല്ലാമുണ്ട്‌. കംപ്യൂട്ടർ ലാബ്‌, സ്‌മാർട്ട്‌ ക്ലാസ്‌ റൂമുകൾ, എണ്ണായിരത്തോളം പുസ്‌തകങ്ങളുള്ള ലൈബ്രറി എന്നിവയും സ്‌കൂളിലുണ്ട്‌.