‘മത്സരം സംഘടിപ്പിക്കാന്‍ കേരളം തയ്യാർ’; അര്‍ജന്റീന ടീമിനെ കേരളത്തിലേക്ക് സ്വാഗതം ചെയ്ത് കായികമന്ത്രി

0
197

ഫുട്ബോൾ ലോകചാമ്പ്യന്മാരായ അര്‍ജന്റീന ദേശീയ ടീമിനെ സൗഹൃദ മത്സരത്തിനായി കേരളത്തിലേക്ക് സ്വാഗതം ചെയ്ത് കായിക മന്ത്രി വി. അബ്ദുറഹിമാന്‍. ടീമിനെ കേരളത്തിലേക്ക് ക്ഷണിച്ച് മന്ത്രി അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് ക്ലോഡിയോ ടാപിയക്ക് കത്തയച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

ഇന്ത്യന്‍ ഫുട്ബോള്‍ അസോസിയേഷന്‍ അർജന്റീനയുടെ ക്ഷണം നിരസിച്ചതിനെ വിമർശിച്ചുകൊണ്ടായിരുന്നു മന്ത്രിയുടെ കുറിപ്പ്. മത്സരത്തിന് ആതിഥേയത്വം വഹിക്കാനുള്ള ഉയര്‍ന്ന ചിലവ് കാരണമായിരുന്നു എഐഎഫ്എഫിന്റെ പിന്മാറ്റമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

അര്‍ജന്റീനയെ കേരളം എന്നും ഹൃദയപൂര്‍വ്വം സ്വാഗതം ചെയ്യുമെന്നും മത്സരം ഏറ്റെടുത്ത് നടത്താന്‍ തയ്യാറാകുമെന്നും മന്ത്രി വ്യക്തമാക്കി. ലോകജേതാക്കൾ വരാൻ തയ്യാറായാൽ അത് നമ്മുടെ ഫുട്ബോൾ വളർച്ചയ്ക്ക് നൽകാവുന്ന പ്രോത്സാഹനവും പ്രചോദനവുമായിരുന്നു ഈ ക്ഷണത്തിനു പ്രേരിപ്പിച്ചതെന്ന് മന്ത്രി പറഞ്ഞു.

2022-ലെ ലോകകപ്പ് വിജയത്തിനു പിന്നാലെ അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ കേരളത്തെയടക്കം പരാമര്‍ശിച്ച് നന്ദിയറിയിച്ചിരുന്നു. നമ്മുടെ ഫുട്ബോൾ ഭരണക്കാർ കുറേക്കൂടി ക്രിയാത്മകമായി ചിന്തിച്ചു തുടങ്ങേണ്ടിയിരിക്കുന്നു. ഇല്ലെങ്കിൽ ഫിഫ റാങ്കിങ്ങിലെ നൂറ്റിയൊന്നാം സ്ഥാനത്തിന് ചെറിയ മാറ്റം പോലും വരാനിടയില്ലെന്ന് മന്ത്രി കുറ്റപ്പെടുത്തി.

മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്

ഖത്തർ ലോകകപ്പിൽ ഫുട്ബോൾ ഇതിഹാസം ലയണൽ മെസിയുടെ ചിറകിലേറി അർജന്റീന കിരീടമുയർത്തിയ അവിസ്മരണീയ മുഹൂർത്തത്തിന് നേരിൽ സാക്ഷിയായതിന്റെ ആഹ്ലാദം ഇപ്പോഴും അടങ്ങിയിട്ടില്ല. കിരീടത്തിലേക്കുള്ള കഠിനപ്രയാണത്തിൽ മെസിക്കും സംഘത്തിനും ഊർജ്ജമായത് ഏഷ്യൻ മേഖലയുടെ അകമഴിഞ്ഞ പിന്തുണയാണ്. പ്രത്യേകിച്ചും തെക്കനേഷ്യയുടെ. ലോകകപ്പ് വേളയിൽ കേരളമാകെ നീലക്കടലാക്കുന്ന കാഴ്ച നാം കണ്ടതാണ്. പുഴയോരത്ത് ഉയർത്തിയ മെസിയുടെ കൂറ്റൻ കട്ടൗട്ട് അന്താരാഷ്ട്ര മാധ്യമങ്ങളിൽ വരെ വാർത്തയായി. കളി നേരിൽ കാണാൻ ഖത്തറിലേക്ക് പറന്നവരും ഏറെയായിരുന്നു. ലോകകപ്പ് മത്സരങ്ങൾക്ക് സാക്ഷിയായ മലയാളികളുടെ എണ്ണം സംഘടകരെ അമ്പരപ്പിച്ചു. ഖത്തറിലും ഇങ്ങ് കേരളത്തിലും എല്ലാ ടീമുകളെയും മലയാളികൾ ഒരു പോലെ പ്രോത്സാഹിപ്പിച്ചു. ടീമിനെക്കാളുപരി നല്ല ഫുട്ബോളിനായി എന്നും നിലകൊള്ളുന്നവരാണ് മലയാളികൾ. അതുകൊണ്ടാണ് അർജന്റീനയും ബ്രസീലും മറ്റും അവർക്ക് സ്വന്തം ടീമാകുന്നത്.

ആവേശത്തോടെ കൂടെ നിന്ന ആരാധകർക്ക് ലോകകിരീട നേട്ടത്തിനു പിന്നാലെ അർജന്റീന ഫുട്ബോൾ അസോസിയേഷൻ നന്ദി പറഞ്ഞിരുന്നു. അക്കൂട്ടത്തിൽ അവർ പരാമർശിച്ച ചുരുക്കം പേരുകളിൽ ഒന്നാകാൻ നമ്മുടെ കേരളത്തിനും കഴിഞ്ഞു. വിവിധ രാജ്യങ്ങൾക്കൊപ്പമാണ് കേരളത്തെ പരാമർശിച്ചതെന്നതും എടുത്തു പറയണം. ഫുട്ബോളിനെ നെഞ്ചേറ്റുന്ന ഓരോ മലയാളിയുടെയും അഭിമാനം വാനോളമുയർന്ന സന്ദർഭമാണത്.

ഈ നന്ദി പ്രകാശനത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ കേരളത്തിലെ ഗവൺമെന്റ് അവസരോചിതമായി പ്രതികരിച്ചു. ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയൻ ഡൽഹിയിൽ അർജന്റീന അമ്പാസഡറെ സന്ദർശിച്ചു. കേരളത്തിന്റെ ഫുട്ബോൾ വികസനത്തിനായി അർജന്റിനയുമായി സഹകരിക്കുന്നതിനുള്ള താൽപ്പര്യം അറിയിച്ചു. കായികമന്ത്രി എന്ന നിലയിൽ അർജന്റിന ഫുട്ബോൾ ടീമിനെയും അവരുടെ ഫുട്ബോൾ അസോസിയേഷനെയും അഭിനന്ദിച്ച് കത്തയച്ചു. മെസിയെയും കൂട്ടരെയും കേരളത്തിലേക്ക് ക്ഷണിക്കുകയും ചെയ്തു. ലോകജേതാക്കൾ വരാൻ തയ്യാറായാൽ അത് നമ്മുടെ ഫുട്ബോൾ വളർച്ചയ്ക്ക് നൽകാവുന്ന പ്രോത്സാഹനവും പ്രചോദനവുമായിരുന്നു ഈ ക്ഷണത്തിനു പ്രേരിപ്പിച്ചത്. അർജന്റീന അമ്പാസഡറെ നേരിട്ട് ബന്ധപ്പെടുകയും ഫുട്ബോൾ സഹകരണത്തിനുള്ള താൽപ്പര്യം അറിയിക്കുകയും ചെയ്തു.

മൂന്ന് മാസം മുമ്പ് അർജന്റിന ഇന്ത്യയിൽ കളിക്കാൻ താൽപ്പര്യം പ്രകടിപ്പിച്ച വാർത്ത ഇപ്പോഴാണ് പുറത്തുവന്നത്. എന്നാൽ, അക്കാര്യം ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ നിരാകരിക്കുകയായിരുന്നു. മത്സരത്തിനുള്ള ചെലവ് താങ്ങാൻ കഴിയില്ല എന്നാണ് കാരണം പറഞ്ഞത്. റാങ്കിങ്ങിൽ പിന്നിലുള്ള ഇന്ത്യ അർജന്റീനയോട് കളിച്ചാൽ ഫലം ദയനീയമാകുമോ എന്ന ആശങ്കയും എ ഐ എഫ് എഫ് പങ്കുവെച്ചതായി അറിയുന്നു. ലോകത്തെ മുൻനിര രാജ്യങ്ങൾ പോലും കൊതിക്കുന്ന ഓഫറാണ് ഇന്ത്യ തള്ളിക്കളഞ്ഞത്. ജൂൺ 10 നും 20 നും ഇടയിലാണ് അർജന്റീന ഇന്ത്യയിലും ബംഗ്ലാദേശിലും കളിക്കാൻ സന്നദ്ധത അറിയിച്ചത്. രണ്ടു കൂട്ടരും തയ്യാറായില്ല. തുടർന്ന് ചൈനയും ഇന്തോനേഷ്യയും അവസരം മുതലാക്കി. രണ്ടിടത്തും നല്ല നിലയിൽ കളി പൂർത്തിയാക്കി.

തങ്ങൾക്ക് ലഭിച്ച അതിഗംഭീര പിന്തുണയ്ക്ക് പകരം മെസിയും സംഘവും നൽകുന്ന സമ്മാനമായിരുന്നു സൗഹൃദ മത്സരം. ഇന്ത്യൻ ഫുട്ബോളിന് അതു പകരുന്ന ഉത്തേജനത്തിന്റെ തോത് അളക്കാൻ പോലും കഴിയുമായിരുന്നില്ല. അത്തരത്തിലാരു സുവർണാവസരമാണ് തട്ടിക്കളഞ്ഞത്.

2011 ൽ മെസി ഉൾപ്പെടുന്ന അർജന്റീന ടീം കൊൽക്കത്തയിൽ കളിച്ചിട്ടുണ്ട്. അർജന്റീന – വെനസ്വേല മത്സരം കാണാൻ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ എൺപത്തയ്യായിരം പേരാണ് എത്തിയത്. ഇത്തവണ കളിച്ചിരുന്നെങ്കിൽ കാണികൾ അതിൽ കൂടുമെന്നുറപ്പായിരുന്നു. 1984 ലെ നെഹ്റു കപ്പിൽ അർജന്റീന അവസാന നിമിഷ ഗോളിൽ ഇന്ത്യയെ കീഴടക്കിയ (1-0) ചരിത്രവുമുണ്ട്.

2011 ലെ ടീമല്ല അർജന്റീന. ഖത്തർ ലോകകപ്പിലെ മാസ്മരിക പ്രകടനം അവരെ ലോകത്തിന്റെ നെറുകയിൽ എത്തിച്ചു. നീലപ്പടയെ നെഞ്ചേറ്റുന്നവരുടെ എണ്ണവും പതിന്മടങ്ങായി. അങ്ങനെയൊരു ടീമിനെയാണ് അവഗണിച്ചത്. ഇത്തരത്തിൽ ഒരു മത്സരത്തിന് പണം കണ്ടെത്തുക എന്നതാണോ പ്രധാനം. മെസിയും കൂട്ടരും വരുമെന്ന് അറിഞ്ഞാൽ സ്പോൺസർമാരുടെ

വലിയ ക്യൂ തന്നെ ഉണ്ടായേനെ. പണത്തിനും അപ്പുറം നമ്മുടെ ഫുട്ബോളിനുള്ള ഗുണഫലം ആരും കാണാൻ തയ്യാറായില്ല.ഇന്ന് ഫിഫ റാങ്കിങ്ങിൽ 101 ആണ് ഇന്ത്യയുടെ സ്ഥാനം. ഫുട്ബോൾ ഏറെ പ്രഫഷണലായി മാറിയ കാലമാണിത്. അതിനൊപ്പം നിൽക്കാൻ കഴിഞ്ഞില്ലെങ്കിൽ പിന്നോട്ടു പോക്കായിരിക്കും ഫലം.

ഐ എസ് എൽ പോലൊരു ശരാശരി ലീഗും അണ്ടർ 17 ലോകകപ്പും കേരള ഫുട്ബോളിനു നൽകിയ ആവേശം നാം കണ്ടതാണ്. അപ്പോൾ ലോകത്തെ ഒന്നാം നമ്പർ ടീമായ അർജന്റീനയുടെ സാന്നിധ്യം നൽകുന്ന പ്രചോദനം എത്രയായിരിക്കും. നമ്മുടെ കളിക്കാർക്കും വളർന്നു വരുന്ന താരങ്ങൾക്കും അതൊരു ആവേശാനുഭവമായേനെ. വലിയ ടീമുകളുമായി കളിക്കുന്നത് ഇന്ത്യൻ താരങ്ങളുടെ നിലവാരമുയർത്തും. ഫുട്ബോളിലേക്ക് കൂടുതൽ കുട്ടികൾ കടന്നുവരാനും കൂടുതൽ മേഖലകളിലേക്ക് കളി പ്രചരിക്കാനും ഇതു വഴിയൊരുക്കുമായിരുന്നു.

ഫുട്ബോളിനായി എല്ലാം സമർപ്പിക്കുന്ന നമ്മുടെ നാട്ടിലെ ആരാധകർക്കും വലിയ വിരുന്നാകുമായിരുന്നു മത്സരം. ഈ ആരാധനയും ആവേശവും കാണാൻ ദൂരെ ലാറ്റിനമേരിക്കയിലുള്ളവർക്ക് കഴിഞ്ഞു. നമ്മുടെ സ്വന്തമാളുകൾ കാണാത്തതോ, കണ്ടില്ലെന്ന് നടിക്കുന്നതോ? നമ്മുടെ ഫുട്ബോൾ ഭരണക്കാർ കുറേക്കൂടി ക്രിയാത്മകമായി ചിന്തിച്ചു തുടങ്ങേണ്ടിയിരിക്കുന്നു. ഇല്ലെങ്കിൽ ഫിഫ റാങ്കിങ്ങിലെ നൂറ്റിയൊന്നാം സ്ഥാനത്തിന് ചെറിയ മാറ്റം പോലും വരാനിടയില്ല.
അർജന്റീനയെ കേരളം എന്നും ഹൃദയപൂർവ്വം സ്വാഗതം ചെയ്യും. മത്സരം ഏറ്റെടുത്ത് നടത്താനും തയ്യാറാകും. അതു തന്നെയാണ് നമ്മുടെ ഫുട്ബോളിന് നൽകാവുന്ന ഏറ്റവും വലിയ സമ്മാനം.