സാമ്പത്തിക തട്ടിപ്പ് കേസിൽ കെ സുധാകരനെ ഇന്ന് ചോദ്യം ചെയ്യും

0
51

മോൺസൺ മാവുങ്കൽ ഒന്നാം പ്രതിയായ സാമ്പത്തിക തട്ടിപ്പ് കേസിൽ രണ്ടാം പ്രതി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകും. കളമശ്ശേരി ക്രൈം ബ്രാഞ്ച് ഓഫീസിൽ രാവിലെ പതിനൊന്നു മണിയോടെ അദ്ദേഹം എത്തുമെന്നാണ് വിവരം. പ്രത്യേകം തയ്യാറാക്കിയ ചോദ്യാവലിയുടെ അടിസ്ഥാനത്തിലായിരിക്കും ചോദ്യം ചെയ്യൽ.

പരാതിക്കാർ നൽകിയ തെളിവുകൾ, മോൺസന്റെയും ജീവനക്കാരുടെയും മൊഴി എന്നിവയാണ് കെ സുധാകരനെതിരെ ക്രൈംബ്രാഞ്ചിന്റെ പക്കലുള്ള തെളിവുകൾ. മോൺസൺ ആവശ്യപെട്ടപ്രകാരം പരാതിക്കാർ 25 ലക്ഷം രൂപ നൽകുകയും അതിൽ പത്ത് ലക്ഷം രൂപ കെ സുധാകരൻ കൈപ്പറ്റിയെന്നുമാണ് കേസ്. എന്നാൽ കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ.

ആദ്യ തവണ ചോദ്യം ചെയ്യലിന് ഹാജരാകാൻ കെ സുധാകരന് നോട്ടീസ് നൽകിയെങ്കിലും എത്തിയില്ല. തുടർന്ന് ഹൈക്കോടതിയെ സമീപിച്ച് മുൻകൂർ ജാമ്യം നേടിയതിന് പിന്നാലെയാണ് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകുന്നത്. രണ്ടാഴ്ചത്തെ ഇടക്കാല മുൻകൂർ ജാമ്യമാണ് കോടതി അനുവദിച്ചത്. സിആർപിസി 41 പ്രകാരം നോട്ടീസ് നൽകിയതിനാൽ കെ സുധാകരന്റെ അറസ്റ്റ് രേഖപെടുത്തുകയാണെങ്കിലും അൻപതിനായിരം രൂപ ബോണ്ടിലും രണ്ടാൾ ജാമ്യത്തിലും വിട്ടയ്ക്കും.