കേരളത്തിന് 1228 കോടി രൂപയുടെ വായ്പ അനുവദിച്ച് ലോകബാങ്ക്; സഹായം പ്രകൃതിദുരന്തങ്ങളും പകർച്ചവ്യാധികളും നേരിടാൻ

0
126

പ്രകൃതി ദുരന്തങ്ങളും പകര്‍ച്ചവ്യാധികളും കാലാവസ്ഥ വ്യതിയാനം മൂലമുള്ള പ്രത്യാഘാതങ്ങളും നേരിടാനായി കേരളത്തിന് 1228 കോടി രൂപ വായ്പ അനുവദിച്ച് ലോകബാങ്ക്. നേരത്തെ സംസ്ഥാനത്തിന് അനുവദിച്ച 1023 കോടിയുടെ ധനസഹായം കൂടാതെയാണിത്. തീരദേശ ശോഷണം തടയല്‍, ജലവിഭവ പരിപാലനം തുടങ്ങിയ മേഖലകളില്‍ ലോകബാങ്ക് സഹായം സംസ്ഥാനത്തിന് പ്രയോജനപ്പെടുത്താനാകും. വായ്പയ്ക്ക് ആറു വര്‍ഷത്തെ ഗ്രേസ് പിരീഡ് ഉള്‍പ്പെടെ 14 വര്‍ഷത്തെ കാലാവധിയുണ്ട്.

വിവിധ പദ്ധതികള്‍ വഴി സംസ്ഥാനത്തെ 50 ലക്ഷത്തോളം പേര്‍ക്ക് വെള്ളപ്പൊക്ക കെടുതികളില്‍നിന്ന് സംരക്ഷണം ലഭ്യമാക്കാനാകുമെന്നും സംസ്ഥാന സർക്കാർ പ്രതീക്ഷിക്കുന്നു. കേരളത്തില്‍ പ്രകൃതിദുരന്തങ്ങളും കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങളും ഉണ്ടാകാന്‍ സാധ്യത കൂടുതലാണെന്ന് ലോകബാങ്ക് വിലയിരുത്തി.

2021ലെ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും സംസ്ഥാനത്ത് ഒട്ടേറെപ്പേരുടെ മരണത്തിന് ഇടയാക്കി. 819 കോടിയിലധികം രൂപയുടെ നാശനഷ്ടമുണ്ടായി. ഇത്തരം ദുരന്തങ്ങള്‍ സ്ത്രീകളും കര്‍ഷകരും ഉള്‍പ്പെടെയുള്ളവരുടെ ജീവിതത്തെ പ്രതികൂലമായി ബാധിച്ചതായും ലോകബാങ്ക് വിലയിരുത്തി.

കേരളത്തിന്റെ 580 കിലോമീറ്റര്‍ തീരപ്രദേശത്തിന്റെ 45 ശതമാനവും നശിക്കുന്നതായി വായ്പ അനുവദിച്ചുകൊണ്ടുള്ള ലോകബാങ്ക് റിപ്പോർട്ടിൽ പറയുന്നു. പമ്പാ നദീതടത്തിലെ ഉയര്‍ന്ന പ്രദേശങ്ങളിലും നദികളിലും കനത്ത മഴ നാശം വിതയ്ക്കുന്നു. 1925 നും 2012നും ഇടയില്‍ വനവിസ്തൃതി 44 ശതമാനത്തിലധികം കുറഞ്ഞതായും പഠനങ്ങള്‍ വ്യക്തമാക്കുന്നുണ്ടെന്ന് ലോകബാങ്ക് വിലയിരുത്തി.

കാലാവസ്ഥാ വ്യതിയാനത്തിനെതിരായ പ്രതിരോധം വര്‍ധിപ്പിക്കാന്‍ കേരളത്തെ പിന്തുണയ്ക്കുന്നത് തുടരുമെന്ന് ലോകബാങ്കിന്റെ ഇന്ത്യ ഡയറക്ടര്‍ അഗസ്റ്റെ ടാനോ കൗമേ പറഞ്ഞു. കഴിഞ്ഞ ദിവസം അമേരിക്കയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയനും സംഘവും ലോകബാങ്ക് മാനേജിങ് ഡയറക്ടര്‍ അന്ന വെര്‍ദയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.