ലോക വീല്‍ചെയര്‍ ബാസ്‌ക്കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് ദുബായില്‍

0
116

ലോക വീല്‍ചെയര്‍ ബാസ്‌ക്കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് ദുബായില്‍ പുരോഗമിക്കുന്നു. ദുബായ് വേള്‍ഡ് ട്രേഡ് സെന്ററില്‍ നടക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ 28 ടീമുകളാണ് പങ്കെടുക്കുന്നത്. ചാമ്പ്യന്‍ഷിപ്പ് ഈ മാസം 20 ന് സമാപിക്കും.

ഓസ്‌ട്രേലിയ, ബ്രസീല്‍, ഇറ്റലി, യുഎസ്, ഇറാന്‍ തുടങ്ങി ലോകത്തിലെ 20 രാജ്യങ്ങളിലെ 350 താരങ്ങളാണ് ദുബായി വേള്‍ഡ് ട്രേഡ് സെന്ററില്‍ നടക്കുന്ന മത്സരത്തില്‍ പങ്കെടുക്കുന്നത്. ഇതാദ്യമായാണ് ദുബായ് ഇത്തരമൊരു ചാമ്പ്യന്‍ഷിപ്പിന് വേദിയാവുന്നത്. ദുബായ് സ്പോര്‍ട്സ് കൗണ്‍സില്‍ ചെയര്‍മാനും നിശ്ചയദാര്‍ഢ്യ വിഭാഗത്തിനായുള്ള ഉന്നതാധികാരി സമിതിയുടെ ചെയര്‍മാനുമായ ഷെയ്ഖ് മന്‍സൂര്‍ ബിന്‍ മുഹമ്മദ് ആല്‍മക്തൂമാണ് ചാമ്പ്യന്‍ഷിപ്പ് ഉദ്ഘാടനം ചെയ്തത്.

ആകെ16 പുരുഷ ടീമുകളും 12 വനിതാ ടീമുകളുമാണ് മത്സരരംഗത്തുള്ളത്. തായ്‌ലന്റ്, തുര്‍ക്കി എന്നിവിടങ്ങളില്‍ നേരത്തെ നടന്ന മത്സരങ്ങളില്‍ യുഎഇ മികച്ചപ്രകടനം കാഴ്ച വച്ചിരുന്നതായും ഈ ആത്മവിശ്വാസവുമായാണ് മത്സരരംഗത്ത് സജീവമാവുന്നതെന്ന് യുഎഇ കോച്ച് അബ്ബാസ് പറഞ്ഞു.

നിശ്ചയദാര്‍ഢ്യവിഭാഗക്കാരുടെ എല്ലാതരത്തിലുമുളള ഉന്നമനത്തിനായുളള യുഎഇയുടെ പ്രതിബന്ധതയാണ് മത്സരം സംഘടിപ്പിക്കുന്നതിലൂടെ വെളിവാവുന്നതെന്നും അധികൃതര്‍ പറഞ്ഞു. ചാമ്പ്യന്‍ഷിപ്പ് ഈ മാസം 20 നാണ് സമാപിക്കുക.