മണിപ്പൂരിൽ വീണ്ടും ഉണ്ടായ സംഘർഷത്തിൽ മൂന്നുപേർ കൊല്ലപ്പെട്ടു. രണ്ടുപേർക്ക് പരിക്ക്. ഒരു സ്ത്രീ അടക്കമുള്ളവരാണ് കൊല്ലപ്പെട്ടത്. ഖോക്കൻ ഗ്രാമത്തിലാണ് വെടിവെപ്പ് ഉണ്ടായത്. മണിപ്പൂർ കലാപം അന്വേഷിക്കാൻ സിബിഐ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. കലാപത്തിലെ ഗൂഢാലോചന അന്വേഷിക്കും. കലാപവുമായി ബന്ധപ്പെട്ട് ആറ് കേസുകളും സിബിഐ രജിസ്റ്റർ ചെയ്തു. ഡിഐജി റാങ്കിലുള്ള ഉദ്യോഗസ്ഥൻ അന്വേഷണത്തിന് നേതൃത്വം നല്‍കും. ഗൂഢാലോചന അന്വേഷിക്കാന്‍ സംസ്ഥാന സർക്കാർ സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്തിരുന്നു.
അതേ സമയം മണിപ്പൂർ സംഘർഷത്തിൽ മരണം 98 ആയെന്ന് റിപ്പോർട്ട്. 310 പേർക്ക് പരിക്കേറ്റു. തീവച്ചതുമായി ബന്ധപ്പെട്ട് 4014 കേസുകളും രജിസ്റ്റർ ചെയ്തു. ഭൂരിഭാഗം ജില്ലകളിലും തുടർ സംഘർഷങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. 5 ജില്ലകളില്‍ കർഫ്യൂ പിന്‍വലിക്കുകയും 11 ജില്ലകളില്‍ കർഫ്യൂ ഇളവ് നൽകുകയും ചെയ്തു. ആയുധങ്ങൾ താഴെവയ്ക്കണമെന്ന ഷായുടെ അഭ്യർത്ഥനക്ക് പിന്നാലെ 140 പേര്‍ ആയുധങ്ങൾ നൽകിയെന്ന് അധികൃതർ വ്യക്തമാക്കി. അതിനിടെ മണിപ്പൂർ മുഖ്യമന്ത്രി എൻ ബിരേൻ സിംഗിന്റെ ഭാവി തുലാസിലായിരിക്കുകയാണ്. കുകി മെയ്തി വിഭാഗക്കാരായ എംഎൽഎമാരടക്കം മുഖ്യമന്ത്രിക്കെതിരെ അമിത്ഷായ്ക്ക് പരാതി നൽകി. സംഘർഷം തുടരുന്ന പശ്ചാത്തലത്തിൽ മണിപ്പൂരിൽ വിലക്കയറ്റം രൂക്ഷമാണ്.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സംസ്ഥാനത്ത് സന്ദർശനം നടത്തുമ്പോൾ കടുത്ത പ്രതിഷേധം കാരണം ഗോത്ര വർഗ മേഖലകളിൽ ഒപ്പം പോകാൻപോലും മുഖ്യമന്ത്രി ബിരേൻ സിംഗിനായിരുന്നില്ല. കലാപം തടയുന്നതിൽ പരാജയപ്പെട്ട ബിരേൻ സിംഗിനെ സ്ഥാനത്തുനിന്നും നീക്കണമെന്നാവശ്യപ്പെട്ട് രണ്ട് മന്ത്രിമാരുൾപ്പടെ കുകി വിഭാഗത്തിൽനിന്നുള്ള പത്ത് എംഎൽഎമാർ കഴിഞ്ഞ ദിവസം അമിത്ഷായ്ക്ക് നിവേദനവും നൽകി. ഇതിൽ 5 പേർ ബിജെപി എംഎൽഎമാരാണ്.
ബിരേൻ സിംഗ് പരാജയപ്പെട്ടെന്ന് ബിജെപി മണിപ്പൂർ സെക്രട്ടറി പോക്കാം ഹോക്കിപും തുറന്നടിച്ചു. ബിരേൻ സിംഗിനോടുള്ള എതിർപ്പ് പരസ്യമാക്കി നാല‍് ബിജെപി എംഎൽഎമാർ നേരത്തെ വിവിധ സർക്കാർ സ്ഥാനങ്ങളിൽനിന്നും രാജിവച്ചിരുന്നു. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം പൊലീസ് തങ്ങളെ ഏകപക്ഷീയമായി വെടിവച്ചു കൊല്ലുകയാണെന്നും ബിരേൻ സിംഗിനെ സ്ഥാനത്തുനിന്നും നീക്കണമെന്നും കുകി വിഭാഗക്കാർ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. മെയ്തി വിഭാഗക്കാരിൽനിന്നും ബിരേൻ സിംഗിനുള്ള പിന്തുണ നാൾക്കുനാൾ ഇടിയുകയാണ്.