ക്ഷേത്രങ്ങളിൽ ഡ്രസ് കോഡ് പാലിക്കാത്തവർക്കെതിരെ നടപടിയെടുക്കുമെന്ന് ‘മഹാനിർവാണി അഖാര’

0
51

ക്ഷേത്രങ്ങളിൽ ഡ്രസ് കോഡ് പാലിക്കാത്തവർക്കെതിരെ നടപടിയെടുക്കുമെന്ന് ‘മഹാനിർവാണി അഖാര’. ഉത്തരാഖണ്ഡിലെ മൂന്ന് പ്രധാന ക്ഷേത്രങ്ങളിൽ സ്ത്രീകൾക്കും പെൺകുട്ടികൾക്കും ഡ്രസ് കോഡ് നടപ്പാക്കിയതിന് പിന്നാലെയാണ് മുന്നറിയിപ്പ്. മാർഗനിർദേശങ്ങൾ പാലിക്കാത്തവർക്കെതിരെ നടപടിയെടുക്കുമെന്ന് മഹാനിർവാണി അഖാര സെക്രട്ടറി അറിയിച്ചു.

ഹരിദ്വാറിലെ കൻഖലിലെ ദക്ഷ പ്രജാപതി ക്ഷേത്രം, പൗരി ജില്ലയിലെ നീലകണ്ഠ മഹാദേവ ക്ഷേത്രം, ഡെറാഡൂണിലെ തപ്‌കേശ്വർ മഹാദേവ് ക്ഷേത്രം എന്നിവടങ്ങളിലെ ക്ഷേത്ര അധികാരികൾ ഉചിതമായ വസ്ത്രം ധരിക്കാത്ത ഭക്തർക്ക് നിരോധനം ഏർപ്പെടുത്തിയത്. സ്ത്രീകളും പെൺകുട്ടികളും നീളം കുറഞ്ഞ വസ്ത്രം ധരിച്ച് ക്ഷേത്രങ്ങളിൽ പ്രവേശിക്കരുതെന്നും 80 ശതമാനം വരെ ശരീരം മറച്ച സ്ത്രീകൾക്ക് മാത്രമേ ക്ഷേത്രങ്ങളിൽ പ്രവേശിക്കാവൂ എന്നുമായിരുന്നു നിർദേശം.

“സ്ത്രീകളോടും പെൺകുട്ടികളോടും മഹാനിർവാണി അഖാര ഒരു അഭ്യർത്ഥന നടത്തിയിട്ടുണ്ട്. അവർ ആരാധനയ്ക്കായി ക്ഷേത്രത്തിൽ വരുകയാണെങ്കിൽ, ഇന്ത്യൻ പാരമ്പര്യമനുസരിച്ച് വസ്ത്രം ധരിക്കണം. എന്നാൽ മാത്രമേ ക്ഷേത്രത്തിൽ പ്രവേശിക്കാൻ അനുവദിക്കൂ. നിരവധി ക്ഷേത്രങ്ങളിൽ ഈ മാർഗ്ഗനിർദ്ദേശം പാലിക്കണമെന്ന് ആവശ്യപ്പെടുന്ന പോസ്റ്ററുകളും ബാനറുകളും സ്ഥാപിച്ചിട്ടുണ്ട്. മാർഗനിർദേശങ്ങൾ പാലിക്കാത്തവർക്കെതിരെ നടപടിയെടുക്കും” – മഹാനിർവാണി അഖാര സെക്രട്ടറിയും അഖില ഭാരതീയ അഖാര പരിഷത്ത് പ്രസിഡന്റുമായ ശ്രീമഹന്ത് രവീന്ദ്ര പുരി എഎൻഐയോട് പറഞ്ഞു.