കേന്ദ്ര സർക്കാരിൻ്റെ പച്ചക്കൊടി; സാഫ് കപ്പ് കളിക്കാൻ പാകിസ്താൻ ഇന്ത്യയിലെത്തും

0
24

കേന്ദ്ര സർക്കാർ പച്ചക്കൊടി കാട്ടിയതോടെ സാഫ് കപ്പ് കളിക്കാൻ പാകിസ്താൻ ഫുട്ബോൾ ടീം ഇന്ത്യയിലെത്തും. ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ ജനറൽ സെക്രട്ടറി ഷാജി പ്രഭാകരൻ ഇക്കാര്യം അറിയിച്ചു. ജൂൺ 21 മുതൽ ജൂലായ് 4 വരെ ബെംഗളൂരുവിലാണ് സാഫ് കപ്പ്. എട്ട് ടീമുകൾ സാഫ് കപ്പിൽ കളിക്കും.

“ആഭ്യന്തര മന്ത്രാലയവും വിദേശകാര്യ മന്ത്രാലയവും കായിക മന്ത്രാലയവും ഇക്കാര്യം സുഗമമാക്കിയിട്ടുണ്ട്. ഞങ്ങൾ ഞങ്ങളുടെ കാര്യം ചെയ്തു. പാകിസ്താനെ സ്വാഗതം ചെയ്യുന്നു. എല്ലാ രാജ്യക്കാർക്കും വീസ ക്ലിയറൻസ് ലഭിച്ചു. ഇനി അവരുടെ ഭാഗത്തുനിന്നുള്ള കാര്യങ്ങൾ ചെയ്യണം.”- ഷാജി പ്രഭാകരൻ പറഞ്ഞു.

ഇന്ത്യയും പാകിസ്താനും ഒരു ഗ്രൂപ്പിലാണ് ഉൾപ്പെട്ടിരിക്കുന്നത്. ജൂൺ 21ന് ഇരു ടീമുകളും ഏറ്റുമുട്ടും. അഞ്ച് വർഷത്തിൽ ഇത് ആദ്യമായാണ് ഇന്ത്യയും പാകിസ്താനും തമ്മിൽ ഏറ്റുമുട്ടുന്നത്. 2018 സാഫ് ചാമ്പ്യൻഷിപ്പ് സെമിയിലാണ് അവസാനമായി ഇരു ടീമുകളും പോരടിച്ചപ്പോൾ ഇന്ത്യ 3-1നു വിജയിച്ചിരുന്നു.