ദേവാങ്കണം ചാരു ഹരിതം പദ്ധതിക്ക് കേരളത്തിലെ ക്ഷേത്രങ്ങളിൽ തുടക്കമായി

0
49

ക്ഷേത്രാങ്കണങ്ങളും കാവും കുളങ്ങളും സംരക്ഷിച്ച് ഹരിതാഭമാക്കുന്നതിന് ദേവസ്വം വകുപ്പ് നടപ്പാക്കുന്ന ദേവാങ്കണം ചാരു ഹരിതം പദ്ധതിക്ക് കേരളത്തിലെ ക്ഷേത്രങ്ങളിൽ തുടക്കമായി. തിരുവനന്തപുരത്ത് നന്തൻകോട് തിരുവിതാംകൂർ ദേവസ്വം ബോർഡ് ആസ്ഥാനത്ത് വൃക്ഷ തൈ നട്ട് മന്ത്രി കെ രാധാകൃഷ്ണൻ പദ്ധതി ഉദ്ഘാടനം ചെയ്തു.വരുംതലമുറകൾക്ക് അൽപ്പമെങ്കിലും ശുദ്ധമായ ജീവവായു നൽകണമെന്ന് ഓരോ വ്യക്തിക്കും ഉണ്ടാകുന്ന തോന്നലാണ് ദേവാങ്കണം പദ്ധതിയുടെ ഉൾ നാമ്പെന്ന് മന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞു. മനസിലെ മാലിന്യങ്ങൾ നീക്കി പ്രവർത്തിക്കാനായാൽ സമൂഹത്തിലെ മാലിന്യ പ്രശ്നങ്ങളും എളുപ്പത്തിൽ പരിഹരിക്കാൻ കഴിയും. പ്രകൃതി സംരക്ഷണമെന്നത് ജൂൺ 5 ന്റെ ദിനാചരണമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ . കെ അനന്തഗോപൻ ചടങ്ങിൽ അധ്യക്ഷനായി. വി കെ പ്രശാന്ത് എം എൽ എ, കവി വി മധുസൂദനൻ നായർ, തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി സുരേഷ് കുമാർ, ദേവസ്വം സെക്രട്ടറി എം ജി രാജമാണിക്യം, ദേവസ്വം ബോർഡ് അംഗങ്ങളായ ജി സുന്ദരേശൻ തുടങ്ങിയവർ സമ്മേളനത്തിൽ പങ്കെടുത്തു. ചടങ്ങിൽ ദേവാങ്കണം ചാരു ഹരിതം പദ്ധതിയുടെ ലോഗോ പ്രകാശനവും നടന്നു.

കേരളത്തിലെ അഞ്ച് ദേവസ്വം ബോർഡുകളിലെ 3080 ക്ഷേത്രങ്ങളിലും വിവിധ ഹരിതവൽക്കരണ പരിപാടികൾ ഇതിന്റെ ഭാഗമായി നടത്തും.ദേവാങ്കണം ചാരു ഹരിതം. പദ്ധതിയുടെ ഭാഗമായി ദേവസ്വം ബോർഡ് പ്രസിഡൻറ് അഡ്വ.കെ അനന്തഗോപൻ, വട്ടിയൂർക്കാവ് എംഎൽഎ വി.കെ.പ്രശാന്ത്, തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് അഡ്വ.ഡി സുരേഷ്കുമാർ, ദേവസ്വം ബോർഡ് അംഗം ജി.സുന്ദരേശൻ, കവി വി.മധുസുദനൻ നായർ എന്നിവരും ദേവസ്വം ബോർഡ് ആസ്ഥാനത്ത് വൃക്ഷ തൈകൾ നട്ടു.