മണിപ്പൂർ സംഘർഷം: 40 ഓളം ഭീകരരെ വധിച്ചതായി മുഖ്യമന്ത്രി എൻ ബിരേൻ സിംഗ്

0
42

വർഗീയ കലാപം രൂക്ഷമായ മണിപ്പൂരിൽ സുരക്ഷാ സേന 40 ഓളം ഭീകരരെ വധിച്ചതായി സംസ്ഥാന മുഖ്യമന്ത്രി എൻ ബിരേൻ സിംഗ്. ഞായറാഴ്ച മണിപ്പൂരിൽ അര ഡസനിലധികം സ്ഥലങ്ങളിൽ സായുധ സംഘങ്ങളും സുരക്ഷാ സേനയും തമ്മിൽ വീണ്ടും ഏറ്റുമുട്ടലുണ്ടായ പശ്ചാത്തലത്തിലാണ് സിംഗിന്റെ പരാമർശം.

മണിപ്പൂർ പൊലീസ് എട്ട് മണിക്കൂറോളം പലയിടങ്ങളിലായി നടത്തിയ ഓപ്പറേഷനിലാണ് ഇത്രയും പേരെ ഏറ്റുമുട്ടലിൽ വധിച്ചത്. അക്രമ സംഭവങ്ങൾ ഇല്ലാതാക്കാനും സാധരണക്കാർക്കു നേരെയുള്ള അക്രമങ്ങൾ തടയാനും സംസ്ഥാനത്ത് സമാധാനം പുനഃസ്ഥാപിക്കുന്നതിനുമായാണ് നടപടിയെന്ന് മുഖ്യമന്ത്രി അവകാശപ്പെട്ടു. തീവ്രവാദികൾ എം 16, എകെ 47 തോക്കുകൾ, സ്നിപ്പർ ​ഗണ്ണുകൾ എന്നിവ ഉപയോ​ഗിച്ച് സാധാരണക്കാർക്ക് നേരെ വെടിയുതിർക്കുകയാണെന്നും ബിരേൻ സിംഗ് വ്യക്തമാക്കി.

സൈന്യത്തിന്റേയും സുരക്ഷാ സേനയുടേയും സഹായത്തോടെയാണ് നടപടികളുണ്ടായതെന്നും 30 തീവ്രവാദികളെ വധിച്ചതായും നിരവധി പേരെ അറസ്റ്റ് ചെയ്തതായും മുഖ്യമന്ത്രി വ്യക്തമാക്കി. മെയ്തി വിഭാ​ഗക്കാർക്ക് പട്ടിക വർ​ഗ പദവി നൽകുന്നതിൽ പ്രതിഷേധിച്ചാണ് മണിപ്പൂരിൽ സംഘർഷം ഉടലെടുത്തത്. മെയ്തി- കുക്കി വിഭാ​ഗങ്ങൾ തമ്മിലുള്ള സംഘർഷം പിന്നീട് കലാപമായി മാറിയിരുന്നു.