ഹൃദ്രോഗികള്‍ക്ക് സൗജന്യ സര്‍ജറി, രാജ്യത്തിന് മാതൃകയായി എറണാകുളം ജനറല്‍ ആശുപത്രി

0
137

എറണാകുളം ജനറല്‍ ആശുപത്രിയില്‍ ഹൃദ്രോഗികള്‍ക്ക് സൗജന്യ മിനിമലി ഇന്‍വേസീവ് കാര്‍ഡിയാക് സര്‍ജറി (MICS) പദ്ധതി ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പരാമ്പരാഗത ഹൃദയ ശസ്ത്രക്രിയയെ അപേക്ഷിച്ച് സവിശേഷമായ നിരവധി ഗുണങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് നൂതന മിനിമലി ഇന്‍വേസീവ് കാര്‍ഡിയാക് സര്‍ജറി. രാജ്യത്ത് ആദ്യമായി ജില്ലാതല ആശുപത്രിയില്‍ ഹൃദയ ശസ്ത്രക്രിയയും ഹൃദയം തുറക്കാതെ വാല്‍വ് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയും നടന്നത് എറണാകുളം ജനറല്‍ ആശുപത്രിയിലാണ്. പ്രധാന മെഡിക്കല്‍ കോളേജുകള്‍ക്ക് പുറമേ ആദ്യമായാണ് ജില്ലാതല ആശുപത്രിയില്‍ സങ്കീര്‍ണമായ മിനിമലി ഇന്‍വേസീവ് കാര്‍ഡിയാക് സര്‍ജറി ആരംഭിച്ചത്. ഇതിനകം ബൈപ്പാസും, വാല്‍വ് മാറ്റി വയ്ക്കലും ഉള്‍പ്പെടെ 5 മിനിമലി ഇന്‍വേസീവ് കാര്‍ഡിയാക് സര്‍ജറികളാണ് വിജയകരമായി പൂര്‍ത്തിയാക്കിയത്. ഇതിന് നേതൃത്വം നല്‍കിയ മുഴുവന്‍ ടീമിനേയും മന്ത്രി അഭിനന്ദിച്ചു.

മിനിമലി ഇന്‍വേസീവ് കാര്‍ഡിയാക് സര്‍ജറി പതിവായി നടത്താനുള്ള സൗകര്യം എറണാകുളം ജനറല്‍ ആശുപത്രിയില്‍ ഒരുക്കിയിട്ടുണ്ട്. ഇന്ത്യയില്‍ 3 മുതല്‍ 6 ശതമാനം ആശുപത്രികളില്‍ മാത്രമേ പതിവായി മിനിമലി ഇന്‍വേസീവ് കാര്‍ഡിയാക് സര്‍ജറി നടത്തുന്നുള്ളൂ. പൊതുമേഖല ആശുപത്രികളില്‍ ഇത്തരം ഹൃദയ ശസ്ത്രക്രിയ ചെയ്യുന്നത് വളരെ വിരളമാണ്. പരമ്പരാഗത ഓപ്പണ്‍ ഹാര്‍ട്ട് സര്‍ജറികളെ അപേക്ഷിച്ച് കുറഞ്ഞ വേദന, മെച്ചപ്പെട്ട ശ്വാസകോശ പ്രവര്‍ത്തനം, വേഗത്തിലുള്ള സുഖം പ്രാപിക്കല്‍ എന്നിവയാണ് മിനിമലി ഇന്‍സീവ് കാര്‍ഡിയാക് സര്‍ജറിയുടെ പ്രത്യേകത. സാധാരണക്കാരന് ഇത്തരത്തിലുള്ള ഹൃദയശസ്ത്രക്രിയയ്ക്ക് ശേഷം വളരെ നേരത്തെ ദേഹാധ്വാനമുള്ള ജോലികളിലേക്ക് തിരികെ പ്രവേശിക്കാന്‍ സാധിക്കുന്നു.

മിനിമലി ഇന്‍വേസീവ് കാര്‍ഡിയാക് സര്‍ജറി ചെയ്യുവാന്‍ വിപുലമായ ശസ്ത്രക്രിയ വൈദഗ്ധ്യം, പ്രത്യേക ഇന്‍സ്ട്രുമെന്റ് സെറ്റുകള്‍, പരിശീലനം ലഭിച്ച വ്യക്തികള്‍ തുടങ്ങിയ എല്ലാ സൗകര്യങ്ങളും ജനറല്‍ ആശുപത്രിയില്‍ സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. ഈ പുതിയ ശസ്ത്രക്രിയ രീതിയില്‍ നെഞ്ചിന്‍കൂട് മുറിക്കാതെ വാരിയെല്ലുകള്‍ക്കിടയിലൂടെ ചെറിയ മുറിവുണ്ടാക്കി വാല്‍വ് മാറ്റിവെക്കലും ബൈപ്പാസ് സര്‍ജറികളും നടത്തുന്നു. ഇതിലൂടെ രോഗികള്‍ക്ക് വേദന കുറയുകയും വേഗത്തിലുള്ള സുഖ പ്രാപ്തിയും കൈവരുന്നു.

ബൈപ്പാസ് സര്‍ജറികള്‍, വാല്‍വ് റിപ്പയര്‍, വാല്‍വ് മാറ്റിവയ്ക്കല്‍, ഹൃദയത്തിലെ സുഷിരങ്ങള്‍ തുടങ്ങി വിവിധ ഓപ്പറേഷനുകള്‍ മിനിമലി ഇന്‍സീവ് കാര്‍ഡിയാക് സര്‍ജറിയിലൂടെ നടത്താന്‍ സാധിക്കും. നെഞ്ചിന്‍കൂട് തുറക്കാതെയുള്ള ഇത്തരം ശസ്ത്രക്രിയകളിലൂടെ 2 മുതല്‍ 3 ആഴ്ചകള്‍ക്കകം രോഗികള്‍ക്ക് സാധാരണ ജീവിതത്തിലേക്ക് മടങ്ങാം. പരമ്പരാഗത ഹൃദയ ശസ്ത്രക്രിയയില്‍ (നെഞ്ചിന്‍കൂട് തുറന്നുള്ള സെറ്റര്‍ നോട്ടമി) സുഖപ്രാപ്തിക്കുള്ള സമയം 12 ആഴ്ചയാണ്. സ്വകാര്യ മേഖലയില്‍ 10 മുതല്‍ 15 ലക്ഷം രൂപ ചെലവു വരുന്ന മിനിമലി ഇന്‍വേസീവ് കാര്‍ഡിയാക് സര്‍ജറിയാണ് സര്‍ക്കാരിന്റെ ചികിത്സാ പാക്കേജില്‍ ഉള്‍പ്പെടുത്തി ചെയ്തുകൊടുക്കുന്നത്.

ആശുപത്രി സൂപ്രണ്ട് ഡോ ഷഹിര്‍ഷായുടെ ഏകോപനത്തില്‍ പ്രമുഖ ഹൃദയ ശസ്ത്രക്രിയ വിദഗ്ധന്‍ ഡോ.ജോര്‍ജ് വാളൂരാന്‍, ഡോ. അഹമ്മദ് അലി, കാര്‍ഡിയാക് അനസ്തറ്റിസ്റ്റ് ഡോ. ദിവ്യ എന്നിവരുടെ നേതൃത്വത്തിലാണ് ഈ ആശുപത്രിയിലെ കാര്‍ഡിയോ തൊറാസിക് സര്‍ജറി വിഭാഗം പ്രവര്‍ത്തിക്കുന്നത്. നാളിതുവരെ 383 മൈനര്‍ സര്‍ജറികളും 126 മേജര്‍ സര്‍ജറികളും ഉള്‍പ്പെടെ 509 ശസ്ത്രക്രിയകള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്.