വിനിഷ്യസ് ജൂനിയറിന് പിന്തുണയുമായി ബാഴ്സലോണ താരം റാഫിഞ്ഞ

0
170

മൈതാനത്ത് വംശശീയ അധിക്ഷേപം നേരിട്ട റയൽ മാഡ്രിഡിന്റെ ബ്രസീലിയൻ താരം വിനിഷ്യസ് ജൂനിയറിന് പിന്തുണയുമായി ബാഴ്സലോണ താരം റാഫിഞ്ഞ. കളിക്കളത്തിലെ സ്ഥിര വൈരികളാണ് ഇരു ക്ലബ്ബുകളും എന്നത് ഈ പിന്തുണയുടെ വ്യാപ്തി വലുതാകുന്നു. നേരത്തെ, നിലവിലെ ബാഴ്സലോണയുടെ മുഖ്യ പരിശീലകനും ഇതിഹാസ താരവുമായിരുന്ന സാവി ഹെർണാണ്ടസ് വിനിഷ്യസിന് പിന്തുണ നൽകി രംഗത്ത് വന്നിരുന്നു. ഇന്ന് റയൽ വല്ലഡോലിഡിനെതിരായ മത്സരത്തിൽ സബ്സ്റ്റിട്യൂട് ചെയ്യപ്പെട്ട് പുറത്തേക്ക് നടക്കുമ്പോൾ താരം ജേഴ്‌സി ഊരി അതിനുള്ളിൽ അണിഞ്ഞ ടി ഷർട്ടിലെ മെസ്സേജ് കാഴ്ചകാരക്ക് മുന്നിൽ ദൃശ്യമാക്കി.

” കണ്ണുകളുടെ തിളക്കത്തെക്കാൾ ചർമ്മത്തിന്റെ നിറത്തിന് പ്രാധാന്യം ഉണ്ടാകുന്നിടത്തോളം ഇവിടെ യുദ്ധം ഉണ്ടാകും.” എന്നായിരുന്നു റാഫിഞ്ഞയണിഞ്ഞ ടി ഷർട്ടിലുണ്ടായിരുന്ന മെസ്സേജ്. വിനിഷ്യസ് തന്റെ ശരീരത്തിൽ പച്ച കുത്തിയ വാക്കുകൾ കൂടിയാണിത്. മത്സരത്തിന് മുന്നോടിയായി ബാഴ്സലോണയുടെയും റയൽ വല്ലഡോലിഡിന്റെയും താരങ്ങൾ സ്പാനിഷിൽ ” വർഗീയ വാദികളെ, കാൽപന്തിന് പുറത്ത് പോകൂ” എന്ന് രേഖപ്പെടുത്തിയ ബാനർ സ്റ്റേഡിയത്തിൽ ഉയർത്തിയിരുന്നു.

ബ്രസീൽ ഫുട്ബോൾ ഇതിഹാസം റൊണാൾഡോ, നെയ്മർ, കിളിയൻ എംബപ്പേ, മുൻ ഫുട്ബോൾ താരം റിയോ ഫെർഡിനാൻഡ്, ഫോർമുല വൺ ഡ്രൈവർ ലൂയിസ് ഹാമിൽട്ടൺ എന്നിവർ താരത്തെ പിന്തുണച്ച് രംഗത്ത് വന്നു. എഫ്‌സി ബാഴ്സലോണയുടെ പരിശീലകൻ സാവി ഹെർണാണ്ടസ്, ഫിഫ പ്രസിഡണ്ട് ഇൻഫന്റിനോ എന്നിവരും വംശീയ അധിക്ഷേപത്തെ അപലപിച്ചു.

കഴിഞ്ഞ ഞായറഴ്ചയായിരുന്നു മെസ്റ്റാല്ല സ്റ്റേഡിയത്തിൽ വലൻസിയയുമായുള്ള മത്സരത്തിനിടെ ഗാലറിയുടെ ഒരുഭാഗത്ത് നിന്നും താരത്തിനെതിരെ അധിക്ഷേപം ഉണ്ടായത്. താരത്തെ തുടർച്ചയായി കുരങ്ങൻ എന്ന് വിളിച്ചായിരുന്നു വാലെൻസിയയുടെ ഒരു വിഭാഗം ആരാധകർ ദേഷ്യം തീർത്തത്. തുടർന്ന്, പത്ത് മിനിറ്റോളം മത്സരം നിർത്തിവെക്കേണ്ടി വന്നു.

മത്സര ശേഷം ‘ക്രിസ്റ്റ്യാനോ റൊണാൾഡോയുടെയും ലയണൽ മെസ്സിയുടെയുടേതുമായിരുന്ന ലാ ലിഗ ഇന്ന് വംശ വെറിയന്മാരുടെതാണെന്ന്’ സാമൂഹിക മാധ്യമങ്ങളിലൂടെ താരം വ്യക്തമാക്കുകയുണ്ടായി. വിഷയത്തിൽ സ്പാനിഷ് പോലീസ് മൂന്നുപേരെ കസ്റ്റഡിയിൽ എടുത്തതായി വലെൻസിയ ക്ലബ് വ്യക്തമാക്കി.