രക്ഷാപ്രവർത്തനത്തിനിടെ ജീവൻ നഷ്ടപ്പെട്ട ഫയർഫോഴ്സ് ഉദ്യോഗസ്ഥന്റെ വിയോഗത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി

0
89

തുമ്പ കിൻഫ്ര പാർക്കിലെ മരുന്നുസംഭരണ കേന്ദ്രത്തിൽ തീയണക്കാനുള്ള ശ്രമത്തിനിടെ ജീവൻ നഷ്ടപ്പെട്ട ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശി രഞ്ജിത്തിന്റെ വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. കുടുംബാംഗങ്ങളെ മുഖ്യമന്ത്രി അനുശോചനം അറിയിച്ചു.

തിരുവനന്തപുരം കിൻഫ്ര പാർക്കിലുണ്ടായ തീപിടുത്തത്തിൽ അഗ്നിശമന സേനാംഗം രഞ്ജിത് മരിച്ചത് കോൺക്രീറ്റ് ഭാഗം ഇടിഞ്ഞ് ദേഹത്തേക്ക് വീണതുമൂലം. കോൺക്രീറ്റ് ഭാഗങ്ങൾക്കിടയിൽ രഞ്ജിത് കുടുങ്ങിപ്പോകുകയായിരുന്നു. സാരമായി പരുക്കേറ്റ രഞ്ജിത്തിനെ പുറപ്പെട്ട് കിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും പുലർച്ചെ മൂന്നരയോടെ മരിക്കുകയായിരുന്നു. തിരുവനന്തപുരം ചാക്ക യൂണിറ്റിലെ ഫയർമാനാണ് രഞ്ജിത്.

ഇന്ന് പുലർച്ചെ ഏകദേശം 1.30 ന് വലിയ ശബ്ദത്തോടെ ഗോഡൗൺ പൊട്ടിത്തെറിക്കുകയായിരുന്നു. കിൻഫ്രയിലെ മെഡിക്കൽ സർവ്വീസ് കോർപ്പറേഷൻ സംഭരണ കേന്ദ്രത്തിനാണ് തീപിടിച്ചത്. രക്ഷാപ്രവർത്തനത്തിന് ഇടയിലാണ് രഞ്ജിത്തിന്റെ ദേഹത്തേക്ക് കോൺക്രീറ്റ് ഭാഗം ഇടിഞ്ഞുവീണത്.

ബ്ലീച്ചിംഗ് പൗഡറിനാണ് തീപിടിച്ചതെന്നാണ് പ്രാഥമിക വിവരം. മരുന്നുകൾ മറ്റൊരു കെട്ടിടത്തിലായിരുന്നു. സംഭരണ കേന്ദ്രത്തിലെ കെമിക്കലുകൾ സൂക്ഷിച്ചിരുന്ന ചെറിയ കെട്ടിടം പൂർണ്ണമായും കത്തി നശിച്ചു. തീ നിലവിൽ നിയന്ത്രണ വിധേയമാണ്.