മെയ് 23ന് നടക്കുന്ന പ്രത്യേക ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ 97 പുതിയ സ്കൂൾ കെട്ടിടങ്ങൾ ഉദ്ഘാടനം ചെയ്യും. കണ്ണൂർ ധർമ്മടം ജിഎച്ച്എസ്എസ് മുഴപ്പിലങ്ങാട് വെച്ചാണ് സംസ്ഥാന തല ഉദ്ഘാടന ചടങ്ങ് നടക്കുന്നത്. പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി ചടങ്ങിൽ അധ്യക്ഷനാകും. ഈ ചടങ്ങിൽ വച്ച് മൂന്ന് ടിങ്കറിംഗ് ലാബുകൾ കൂടി ഉദ്ഘാടനം ചെയ്യപ്പെടും. ഈ ചടങ്ങിൽ വച്ച് തന്നെ 12 പുതിയ സ്കൂൾ കെട്ടിടങ്ങൾക്ക് തറക്കല്ലിടും.
ഇതിനെല്ലാം കൂടി 182 കോടി രൂപ മതിപ്പ് ചെലവ് വരും. ഭൗതീക സൗകര്യവികസനത്തിനായി 2016 മുതൽ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെയും അതിന്റെ തുടർച്ചയായ വിദ്യാകരണം മിഷന്റെയും ഭാഗമായി 3800 കോടിയിലധികം രൂപയുടെ നിക്ഷേപം കിഫ്ബി പദ്ധതി, പ്ലാൻ ഫണ്ട്, മറ്റ് ഇതര ഫണ്ടുകൾ വഴി നടത്തിയിട്ടുണ്ട്.
ഇതുവരെ കിഫ്‌ബി ഫണ്ടിൽ മാത്രം അഞ്ചു കോടി രൂപ നിരക്കിൽ 126 സ്കൂൾ കെട്ടിടങ്ങളും മൂന്നു കോടി രൂപ നിരക്കിൽ 153 സ്കൂൾ കെട്ടിടങ്ങളും ഒരു കോടി രൂപ നിരക്കിൽ 98 സ്കൂൾ കെട്ടിടങ്ങളും പൂർത്തിയാക്കിയിട്ടുണ്ട്. ഇതിനു പുറമേയാണ് 97 സ്കൂൾ കെട്ടിടങ്ങൾ ഉദ്ഘാടനം ചെയ്യപ്പെടുന്നതും 12 സ്കൂൾ കെട്ടിടങ്ങൾക്ക് തറക്കല്ലിടുന്നതും.
ഇത് കൂടാതെ പ്ലാൻ ഫണ്ട്, നബാർഡ് ഫണ്ട്, മറ്റ് ഇതര ഫണ്ടുകൾ തുടങ്ങിയവ ഉപയോഗിച്ച് നിർമ്മിച്ച നിരവധി കെട്ടിടങ്ങൾ ഇതിനകം ഉദ്ഘാടനം ചെയ്യപ്പെട്ടിട്ടുണ്ട്.