ആശുപത്രി സംരക്ഷണ നിയമം ഭേദഗതി ചെയ്തുള്ള ഓർഡിനൻസിനെ കെ ജി എം ഒ എ സ്വാഗതം ചെയ്യുന്നു. ഒരു മണിക്കൂറിനുള്ളിൽ എഫ് ഐ ആർ സമർപ്പിക്കുക, രണ്ട് മാസത്തിനുള്ളിൽ ചാർജ് ഷീറ്റ് കോടതിയിൽ സമർപ്പിക്കുക, ഒരു വർഷത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കുക, വിചാരണയ്ക്കായി പ്രത്യേക കോടതികൾ ഏർപ്പെടുത്തുക, തടവുശിക്ഷയും പിഴയും വർദ്ധിപ്പിക്കുക തുടങ്ങിയ നിർദ്ദേശങ്ങൾ ആശുപത്രി ആക്രമണങ്ങൾ തടയാൻ കൂടുതൽ ഫലപ്രദമാകുമെന്നാണ് സംഘടന പ്രതീക്ഷിക്കുന്നത്.
നിലവിലെ ആശുപത്രി സംരക്ഷണനിയമത്തിൽ നിന്നും കാതലായ മാറ്റങ്ങൾ ഉൾക്കൊള്ളുന്ന പുതിയ ഓർഡിനൻസ് രൂപീകരിക്കുന്നതിൽ കെ.ജി.എം.ഒ എ മുന്നോട്ടു വെച്ച നിർദ്ദേശങ്ങളും സ്വാംശീകരിക്കപ്പെട്ടു എന്നതിൽ കെജിഎംഒഎ ക്ക് സന്തോഷമുണ്ട്.
കൂടുതൽ സുരക്ഷിതത്വബോധത്തോടെ, ആത്മവിശ്വാസത്തോടെ സേവനം നൽകാൻ ആരോഗ്യ പ്രവർത്തകരെ പ്രാപ്തരാക്കാൻ പുതിയ ഓർഡിനൻസിന് കഴിയുമെന്ന് പ്രത്യാശിക്കുന്നു. നിയമങ്ങളുടെ അഭാവമല്ല മറിച്ചു കാര്യക്ഷമമായ നടപ്പിലാക്കൽ ആണ് സർവ പ്രധാനം. പ്രസ്തുത ഓർഡിനൻസ് കാര്യക്ഷമമായി നടപ്പാക്കുന്നു എന്ന് സർക്കാർ ഉറപ്പാക്കേണ്ടതുണ്ട്.
അതോടൊപ്പം ആശുപത്രികളിൽ രോഗീ അനുപാദത്തിന് അനുസൃതമായ മാനവ വിഭവ ശേഷി ഉറപ്പു വരുത്തുന്നതിനും, അത്യാഹിത വിഭാഗങ്ങളിൽ ട്രയാജ് സംവിധാനം ഏർപ്പെടുത്തുന്നതിനും , സെക്യൂരിറ്റി സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിനും, കസ്റ്റഡിയിൽ ഉള്ള പ്രതികളുടെ മെഡിക്കൽ പരിശോധനയ്ക്ക് ജയിലുകളിൽ തന്നെ കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിനും കെ.ജി.എം.ഒ എ സമർപ്പിച്ച ക്രിയാത്മക നിർദ്ദേശങ്ങൾ അടിയന്തിരമായി നടപ്പാക്കണമെന്ന് സർക്കാരിനോട് അഭ്യർത്ഥിക്കുകയും ചെയ്യുന്നു.