Monday
22 December 2025
19.8 C
Kerala
HomeSportsചാമ്പ്യൻസ് ലീഗിൽ ഫൈനലിലേക്കുള്ള ടിക്കറ്റ് ഉറപ്പാക്കി ഇന്റർ മിലാൻ

ചാമ്പ്യൻസ് ലീഗിൽ ഫൈനലിലേക്കുള്ള ടിക്കറ്റ് ഉറപ്പാക്കി ഇന്റർ മിലാൻ

ചാമ്പ്യൻസ് ലീഗിലെ മിലാൻ ഡെർബിയിൽ സാൻസിറൊ സ്റ്റേഡിയത്തിൽ ഇന്ററിന്റെ നീലപ്പടയുടെ ആരവം. ചാമ്പ്യൻസ് ലീഗിൽ സെമി ഫൈനലിന്റെ രണ്ടാം പാദത്തിൽ എസി മിലാനെ മറുപടിയില്ലാത്ത ഒരു ഗോളിന് തകർത്ത ഫൈനലിലേക്കുള്ള ടിക്കറ്റ് ഉറപ്പാക്കി ഇന്റർ മിലാൻ. അർജന്റീനയുടെ മുന്നേറ്റ താരമായ ലൗതാരോ മാർട്ടിനെസാണ് ഇന്ററിന്റെ ഏക ഗോൾ നേടിയത്. വാശിയേറിയ ഡെർബിയിൽ ഇരു പാദങ്ങളിലുമായി ഇന്ററിന്റെ വിജയം മറുപടിയില്ലാത്ത മൂന്നു ഗോളുകൾക്ക്. ആദ്യ പാദത്തിൽ ഡസിക്കോയും മഖ്താര്യനും ഇന്ററിനായി ഗോളുകൾ നേടിയിടുന്നു.

2010 നു ശേഷം ആദ്യമായാണ് ഇന്റർ മിലാൻ ചാമ്പ്യൻസ് ലീഗിന്റെ ഫൈനലിലേക്ക് പ്രവേശിക്കുന്നത്. അന്ന് ജോസെ മൗറിഞ്ഞോയെന്ന ബുദ്ധിരാക്ഷസന്റെ കീഴിൽ ടീം കിരീടമുയർത്തിയിരുന്നു. ഇന്നത്തെ മത്സരത്തിൽ എഴുപത്തി നാലാം മിനുട്ടിൽ ലുക്കാക്കുവും ലൗതാരോ മാർട്ടിനെസ്സും എസി മിലാന്റെ ബോക്സിനുള്ളിൽ നടത്തിയ നീക്കമാണ് ഗോളിൽ കലാശിച്ചത്. മത്സരം തുടങ്ങിയതുമുതൽ ഇന്ററിന്റെ ഷോട്ടുകൾ ഓരോന്നായി തടുത്തിട്ട് ബോക്സിൽ വന്മതിലുയർത്തിയ എസി മിലാൻ ഗോൾകീപ്പർ മൈക്ക് മൈഗനാന് പിഴച്ചതും ആ ഒരു നിമിഷത്തിൽ ആയിരുന്നു. പക്ഷെ, ആദ്യ പാദത്തിൽ വഴങ്ങിയ രണ്ടു ഗോളുകളുടെ കടം എസി മിലാന് നിലനിൽക്കെ ഇന്നത്തെ മത്സരത്തെ ടീം സമീപിച്ച രീതി ചോദ്യങ്ങളുയർത്തുന്നുണ്ട്.

ഇന്ന് രാത്രി 12:30ന് നടക്കാനിരിക്കുന്ന ചാമ്പ്യൻസ് ലീഗിന്റെ രണ്ടാം സെമിയിൽ റയൽ മാഡ്രിഡും മാഞ്ചസ്റ്റർ സിറ്റിയും ഏറ്റുമുട്ടും. ഈ മത്സരത്തിൽ വിജയിക്കുന്നവർക്ക് എതിരെ ജൂൺ അഞ്ചിന് ഇന്റർ മിലാൻ ഇസ്താൻബുളിൽ കലാശ പോരാട്ടത്തിന് ഇറങ്ങും.

RELATED ARTICLES

Most Popular

Recent Comments