ഐപിഎല്ലിൽ ഇന്ന് ചെന്നൈ സൂപ്പർ കിംഗ്സ് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നേരിടും

0
40

ഐപിഎല്ലിൽ ഇന്ന് നടക്കുന്ന രണ്ടാം മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്സ് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നേരിടും. ഈഡൻ ഗാർഡൻസിൽ നടന്ന ആദ്യ മത്സരത്തിൽ കെകെആറിനെ ചെന്നൈ പരാജയപ്പെടുത്തിയിരുന്നു. ഈ തോൽവിക്ക് പ്രതികാരം വീട്ടാനാണ് കെകെആർ ഇന്നിറങ്ങുന്നത്. സിഎസ്കെയുടെ ശക്തികേന്ദ്രമായ ചെപ്പോക്കിൽ രാത്രി 7.30 നാണ് മത്സരം.

തുടർ ജയങ്ങളുടെ ആത്മവിശ്വാസത്തിലാണ് ചെന്നൈ സൂപ്പർ കിംഗ്സ്. കഴിഞ്ഞ രണ്ട് കളിയിലും ധോണിയും കൂട്ടരും വിജയിച്ചിരുന്നു. മുംബൈയുടെ സ്വന്തം തട്ടകത്തിൽ 6 വിക്കറ്റിൻ്റെ ജയം നേടിയപ്പോൾ, ചെപ്പോക്കിൽ ഡൽഹി ക്യാപിറ്റൽസിനെ 27 റൺസിന് പരാജയപ്പെടുത്തി. ധോണിയുടെ നേതൃത്വത്തിൽ ടീം ഈ സീസണിൽ മികച്ച പ്രകടനമാണ് നടത്തുന്നത്. ഓപ്പണിംഗ് ജോഡിയായ കോൺവെയും ഗെയ്‌ക്‌വാദും തകർപ്പൻ തുടക്കം സമ്മാനിക്കുന്നു.

മധ്യനിരയിൽ സ്കോറിംഗിന് വേഗത നൽകാൻ കഴിവുള്ളയാളാണ് ശിവം ദുബെ. അജിങ്ക്യ രഹാനെയും മോയിനും നന്നായി കളിക്കുന്നുണ്ട്. ഫിനിഷിംഗ് റോളിയിൽ ജഡേജയും ധോണിയും. ദീപക് ചാഹർ തിരിച്ചെത്തിയതോടെ ബൗളിംഗ് ആക്രമണത്തിന് മൂർച്ച വർധിക്കും. മഷിത പതിരണ ഡെത്ത് ഓവർ സ്പെഷ്യലിസ്റ്റായി ഉയർന്നുവരുന്നു. സ്പിൻ ആക്രമണത്തിൻ്റെ നേതൃത്വം ജഡേജയ്ക്ക്.

മറുവശത്ത്, കെകെആറിന്റെ പ്രകടനം തൃപ്തികരമാണെങ്കിലും സ്ഥിരതയാർന്ന പ്രകടനം നടത്താനാകാത്തത് തിരിച്ചടിയായി. ആദ്യ രണ്ട് മത്സരങ്ങളിലും തുടർച്ചയായി അർധസെഞ്ച്വറി നേടിയ ജേസൺ റോയ് പിന്നീടുള്ള കളിയിൽ പരാജയപ്പെടുകയാണ്. രാജസ്ഥാനെതിരായ മത്സരത്തിൽ അർദ്ധ സെഞ്ച്വറി നേടിയ വെങ്കിടേഷ് ഫോമിലേക്ക് തിരിച്ചെത്തിയത് ആശ്വാസമാണ്. ബൗളിംഗിൽ വരുൺ ചക്രവർത്തി ഒഴികെ മറ്റാരും കാര്യമായി ഒന്നും ചെയ്യുന്നില്ല. മൊത്തത്തിൽ ചെന്നൈ തോൽക്കണമെങ്കിൽ രണ്ട് ഡിപ്പാർട്ട്‌മെന്റുകളും നന്നായി കളിക്കണം.