കേരളത്തിന്റെ കാർബൺ ന്യൂട്രാലിറ്റി പദ്ധതികളിൽ താൽപ്പര്യമറിച്ച് ലോകബാങ്ക്

0
40

2050-ഓടെ കാർബൺ ന്യൂട്രാലിറ്റി കൈവരിക്കുന്നതിന് വേണ്ടി കേരളം നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന വിവിധ പദ്ധതികളിൽ താൽപര്യമറിച്ച് ലോകബാങ്ക് പ്രതിനിധികൾ. മുഖ്യമന്ത്രിയുമായി ഇന്ന് നടത്തിയ കൂടിക്കാഴ്ച്ചയിലാണ് ദീർഘവീക്ഷണത്തോടെ കേരളം നടപ്പിലാക്കാൻ ഉദ്യേശിക്കുന്ന വിവിധ പദ്ധതികളിൽ സഹകരണ സാധ്യതകൾ ആരായും എന്ന് ലോകബാങ്ക് പ്രതിനിധികൾ ഉറപ്പ് നൽകിയത്. ഫ്ലോട്ടിംഗ് സോളാർ പവർ പ്ലാന്റുകളിലൂടെ വൈദ്യുതി ഉൽപ്പാദനം, കൊച്ചിയിലും വിഴിഞ്ഞത്തും ഗ്രീൻ ഹൈഡ്രജൻ വാലികൾ സ്ഥാപിക്കൽ, കൊച്ചിയിൽ ഗ്രീൻ ഹൈഡ്രജൻ ഉത്പാദന- ഉപഭോഗ-കയറ്റുമതി കേന്ദ്രം സ്ഥാപിക്കൽ, ലിഥിയം ടൈറ്റനേറ്റ് ഓക്സൈഡ്, ലിഥിയം അയൺ ഫോസ്ഫേറ്റ് എന്നിവ അടിസ്ഥാനമാക്കിയുള്ള ബാറ്ററി, ഇലക്ട്രിക് ഡ്രൈവ്, ബിഎംഎസ് സിസ്റ്റം, ഗ്രാഫീൻ പാർക്ക് എന്നിവ വികസിപ്പിക്കുന്നതിനുള്ള ഇലക്ട്രിക് വാഹന പാർക്ക്, ഇലക്ട്രിക്, ഫ്യുവൽ സെൽ അധിഷ്ഠിത വാഹനങ്ങൾ സ്വീകരിക്കുന്നതിലൂടെ ഇ-മൊബിലിറ്റി സ്വീകരിക്കുന്നത് തുടങ്ങി ആറ് മുൻഗണനാ പദ്ധതികളിൽ ആണ് ലോകബാങ്ക് താൽപര്യമറിച്ചിരിക്കുന്നത്.

ലോക ബാങ്ക് സൗത്ത് ഏഷ്യൻ വൈസ് പ്രസിഡന്റ് മാർട്ടിൻ റെയ്സർ, ലോക ബാങ്കിന്റെ ഇന്ത്യ ഡയറക്ടർ അഗസ്റ്റി റ്റാനോ കൊയ്മെ എന്നീവരാണ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തിയത്. പദ്ധതികളിൽ ലോക ബാങ്ക് സംഘം താത്പര്യം പ്രകടിപ്പിക്കുകയും പ്രസ്തുത മേഖലകളിൽ സഹകരിച്ച് പ്രവർത്തിക്കുന്നതിന് സാധ്യതകൾ പരിശോധിക്കുമെന്ന് അറിയിക്കുകയും ചെയ്തു.

റീബിൽഡ് കേരള ഇനിഷ്യേറ്റീവിന്റെ ഭാഗമാമായി കേരളത്തിൽ നടപ്പിലാക്കി വരുന്ന വിവിധ വികസന, നയ പരിപാടികൾ അവലോകനം ചെയ്യുന്നതിനായി ലോകബാങ്ക് വൈസ് പ്രസി‍ഡന്റിന്റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം കഴിഞ്ഞ മൂന്ന് ദിവസമായി കേരളത്തിലുണ്ടായിരുന്നു .ലോകബാങ്കുമായുള്ള സംസ്ഥാന പങ്കാളിത്ത ചട്ടക്കൂടിന്റെ ഭാഗമായി രൂപം കൊടുത്തിട്ടുള്ള വിവിധ പരിപാടികൾ/ പ്രോജക്ടുകൾ, തുടർപരിപാടികൾ എന്നിവ സംഘം വിലയിരുത്തി. സന്ദർശനത്തിന്റെ ഭാഗമായി സംഘം കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി സന്ദർശിച്ചു.

റീബിൽഡ് കേരള ഇനിഷ്യേറ്റീവിന്റെ നേതൃത്വത്തിൽ നടക്കുന്ന മുഖ്യ പദ്ധതികളിൽ ഒന്നായ എ.സി (ആലപ്പുഴ- ചങ്ങനാശ്ശേരി) റോഡിന്റെ നിർമാണ പ്രവൃത്തികൾ ലോക ബാങ്ക് സംഘം വിലയിരുത്തി. തുടന്ന് എ.സി റോഡ് നിർമാണ പ്രവൃത്തികൾ സംഘം നേരിട്ടു കണ്ടു. ചങ്ങനാശ്ശേരി പെരുന്നയിലെ പദ്ധതി യാർഡും അവിടത്തെ ലേബർ ക്യാമ്പും സന്ദർശിച്ചു. ഇവിടുത്തെ തൊഴിലാളികളുമായും സംവദിക്കുന്നതിനും സംഘം സമയം കണ്ടെത്തി.

ലോകബാങ്ക് സംഘം നടത്തിയ കൂടിക്കാഴ്ചയിൽ ധനമന്ത്രി, തദ്ദേശവകുപ്പ് മന്ത്രി, വൈദ്യുതി മന്ത്രി, ആരോഗ്യമന്ത്രി, കൃഷിവകുപ്പ് മന്ത്രി എന്നിവരും ചീഫ് സെക്രട്ടറിയും ബന്ധപ്പെട്ട വകുപ്പ് സെക്രട്ടറിമാരും പങ്കെടുത്തു. മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ.കെ.എം. എബ്രഹാം സർക്കാർ വരുംവർഷങ്ങളിൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന പ്രധാന പദ്ധതികളുടെ അവതരണം നടത്തി. തുടർന്ന് മുഖ്യമന്ത്രി ലോകബാങ്ക് വൈസ് പ്രസിഡൻ്റ്, കൺട്രി ഡയറക്ടർ എന്നിവർക്ക് ഉപഹാരം സമർപ്പിച്ചു.