അധ്യാപകർക്കുള്ള അവധിക്കാല അധ്യാപക പരിശീലനങ്ങൾക്ക് അടുത്ത ആഴ്‌ച തുടക്കം

0
142

പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷ കേരളയുടെ നേതൃത്വത്തിൽ പൊതുവിദ്യാലയങ്ങളിലെ എൽ പി , യു പി, എച്ച് എസ് വിഭാഗം അധ്യാപകർക്കുള്ള അവധിക്കാല അധ്യാപക പരിശീലനങ്ങൾ അടുത്ത ആഴ്‌ച ആരംഭിക്കും. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി അധ്യാപക സംഗമത്തിന്റെ സംസ്ഥാനതല ഉദ്‌ഘാടനം നിർവഹിക്കും. അധ്യാപക സംഗമങ്ങൾ സംസ്ഥാന തലത്തിൽ രണ്ടു ഘട്ടമായിട്ടാകും പൂർത്തിയാകുക. അധ്യാപക സംഗമത്തിന് മുന്നോടിയായുള്ള ആശയരൂപീകരണം , മൊഡ്യൂൾ നിർമാണം എന്നിവ എസ് സി ഇ ആർ ടി യുടെ നേതൃത്വത്തിൽ പൂർത്തിയായി കഴിഞ്ഞു. അവധിക്കാല അധ്യാപക സംഗമത്തിൽ പ്രധാനമായും ഊന്നൽ നൽകുന്ന മേഖലകളും തയാറായി കഴിഞ്ഞിട്ടുണ്ട്. കേരളത്തിൽ പാഠ്യപദ്ധതി പരിഷ്കരണം നടക്കുന്ന സാഹചര്യത്തിൽ പഠിതാവിനെ കേന്ദ്രീകരിക്കുന്നതും പ്രവർത്തനാധിഷ്ഠിതവുമായ പഠനബോധന ക്രമം കുട്ടികളുടെ സ്വതന്ത്രമായ അറിവ് നിർമാണത്തിന് സഹായകരമാകുന്ന സാഹചര്യം എങ്ങനെ സൃഷ്ടിക്കാം എന്നതാണ് ഇത്തവണ അധ്യാപക സംഗമങ്ങൾ മുഖ്യമായും ചർച്ച ചെയ്യുന്ന ഊന്നൽ മേഖല.

ഒന്നു മുതൽ നാലു വരെ ക്ലാസ്സുകളിൽ കുട്ടികൾ ഓരോ ഘട്ടത്തിലും ആർജിക്കേണ്ട അടിസ്ഥാനശേഷികൾ ഉറപ്പുവരുത്തുന്നതിന് പ്രാധാന്യം കൊടുക്കുന്നു. ഇതിനായി ക്ലാസ് മികവിലൂടെ വിദ്യാലയ മികവിലേയ്ക്ക് എന്ന ആശയത്തിലൂന്നി വിദ്യാലയാധിഷ്ഠിത വിലയിരുത്തൽ പരിചയപ്പെടുത്തുന്നു.

എൽ പി വിഭാഗത്തിലെ ഒന്ന് ,രണ്ട് ക്ലാസുകളിൽ ഭാഷാ പഠനത്തിനും മൂന്നാം ക്ലാസിൽ ഗണിതത്തിനും നാലാം ക്ലാസിൽ ഇംഗ്ലീഷ് ഭാഷയ്ക്കും പ്രാധാന്യം കൊടുത്തുകൊണ്ടുള്ള പ്രവർത്തനങ്ങളടങ്ങുന്ന മൊഡ്യൂളാണ് പരിശീലനത്തിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്.

ക്ലാസ് റൂം പ്രവർത്തനങ്ങൾക്കുള്ള മെന്ററിംഗ് പോർട്ടലായ ‘സഹിതം’ പോർട്ടലിൻറെ സാധ്യതകളും എൽപി, യുപി ,ഹൈസ്കൂൾ പരിശീലനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

യുപി, ഹൈസ്കൂൾ ക്ലാസുകളിലെ കുട്ടികളുടെ മാനസിക, ശാരീരിക, സാമൂഹിക, വൈകാരിക വികാസത്തെക്കുറിച്ച് ധാരണയുണ്ടാകുന്നതിനും അവരുടെ സമഗ്രമായ വളർച്ചയിൽ പിന്തുണ നൽകുന്നതിനും അധ്യാപകരെ പ്രാപ്തരാക്കുന്ന തരത്തിലാണ് കൗമാര വിദ്യാഭ്യാസം എന്ന മേഖല ഉൾക്കൊള്ളിച്ചിട്ടുള്ളത്.

എൽപി, യുപി, ഹൈസ്കൂൾ പരിശീലന മൊഡ്യൂളിൽ കുട്ടികൾ നേരിടുന്ന വിവിധ തരം പ്രശ്നങ്ങളെ കണ്ടെത്താനും പോക്സോ പോലുള്ള നിയമങ്ങളുടെ വിവിധ സാധ്യതകൾ മനസ്സിലാക്കി പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിനും അധ്യാപകരെ ശാക്തീകരിക്കുന്നതിനും ഊന്നൽ നൽകുന്ന സെഷനും പരിശീലനത്തിന്റെ പ്രത്യേകതയാണ്.

ആധുനിക ശാസ്ത്ര സാങ്കേതിക സാധ്യതകളെ കുറിച്ചുള്ള വെർച്വൽ റിയാലിറ്റി, ഓഗ്മൻറ് റിയാലിറ്റി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തുടങ്ങിയ വ ഡിജിറ്റൽ കാലഘട്ടത്തിനനുസരിച്ച് ക്ലാസ് റൂം വിനിമയത്തിനും പഠന പ്രവർത്തനങ്ങളിലും സമന്വയിപ്പിച്ച് കുട്ടികൾക്ക് ആസ്വാദ്യകരമായ പഠനാനുഭവം നൽകുന്നതിനുള്ള ധാരണ പരിശീലനത്തിലൂടെ അധ്യാപകർക്ക് നൽകുന്നു.

അക്കാദമിക മാസ്റ്റർ പ്ലാൻ വിദ്യാലയത്തിന്റെ പ്രത്യേകതക്കനുസരിച്ച് തയാറാക്കുന്നതിനും മികച്ച രീതിയിൽ നടപ്പിലാക്കുന്നതിനും അധ്യാപകരെ സജ്ജരാക്കുന്നതിനുമുള്ള പദ്ധതിയും അധ്യാപക പരിശീലനത്തിന്റെ മുഖ്യമായ ലക്ഷ്യമാണ്.

ഓരോ കുട്ടിയെയും അക്കാദമികമായി പരിഗണിക്കണമെന്ന കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിൽ ഭിന്ന ശേഷിക്കാരായ കുട്ടികളെ അക്കാദമികമായി ഉൾചേർക്കുന്നതിനുള്ള നൂതനാശയങ്ങൾ മോഡ്യൂളിൽ പൂർണ്ണ ദിന പ്രവർത്തനമായി ഉൾപ്പെടുത്തിയിട്ടുണ്ട്.

പാർശ്വവൽകൃത മേഖലയിലെ കുട്ടികളുടേയും ഔട്ട് ഓഫ് സ്കൂൾ കുട്ടികളുടേയും മുന്നേറ്റത്തിനായി നടപ്പിലാക്കേണ്ട പ്രത്യേക പരിപാടികളും പരിശീലനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

സംസ്ഥാനതല റിസോഴ്സ്‌ അധ്യാപകരുടെ പരിശീലനങ്ങളും ഇതിനോടകം പൂർത്തിയാക്കിയിട്ടുണ്ട്. കുട്ടികളുടെ നിലവാരം മനസ്സിലാക്കി നൂതനമായ വിവരസാങ്കേതിക വിദ്യകൾ ഉൾക്കൊണ്ടുകൊണ്ട് അധ്യാപകർ ക്ലാസ് മുറികളെ രൂപപ്പെടുത്തണമെന്നും കൃത്യമായ ലക്ഷ്യബോധത്തോടെ പഠന പാക്കേജുകൾ തയ്യാറാക്കലുമാണ് അധ്യാപക പരിശീലനത്തിന്റെ മുഖ്യ ലക്ഷ്യം. ജൂൺ മാസം മുതൽ ക്‌ളാസ്സുകളിൽ കൃത്യമായ പഠന പാക്കേജുകളും പദ്ധതികളും രൂപപ്പെടുത്തും . ജില്ലാതല പരിശീലനങ്ങളായ ഡി ആർ ജി കളും പൂർത്തിയാക്കി സംസ്ഥാനത്തെ മുഴുവൻ പൊതുവിദ്യാലയങ്ങളിലെ അധ്യാപകർക്കും മെയ് പകുതിയോടെ പരിശീലനങ്ങൾ ആരംഭിച്ച് സമയബന്ധിതമായി പൂർത്തിയാക്കാൻ കഴിയുന്ന തരത്തിലാണ് അധ്യാപക സംഗമങ്ങൾ ക്രമീകരിച്ചിരിക്കുന്നതെന്ന് സമഗ്ര ശിക്ഷ കേരളം ഡയറക്ടർ ഡോ. സുപ്രിയ എ ആർ അറിയിച്ചു.