ആഭ്യന്തരമന്ത്രിയായശേഷം ഏതു തെരഞ്ഞെടുപ്പിനുമുമ്പും കേന്ദ്രഏജൻസികളെ ഉപയോഗിച്ച് രാഷ്ട്രീയ എതിരാളികളോട് ഏറ്റുമുട്ടുകയാണ് അമിത്‌ഷാ എന്ന് പീപ്പിൾസ് ഡമോക്രസി മുഖപ്രസംഗം.
അമിത്‌ഷാ വ്യത്യസ്‌തനായ ‘ഏറ്റുമുട്ടൽ വിദഗ്‌ധനായി’ മാറിയെന്നും കേരള നിയമസഭാ തെരഞ്ഞെടുപ്പ് രംഗത്ത് ഇഡി, സിബിഐ, കസ്‌റ്റംസ്, എൻഐഎ തുടങ്ങിയ കേന്ദ്രഏജൻസികൾ കക്ഷികളായി വന്നത് ഈ സാഹചര്യത്തിലാണെന്നും മുഖപ്രസംഗം പറയുന്നു.
മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് എൻസിപി അധ്യക്ഷൻ ശരദ്‌പവാറിനെ ഇഡി ചോദ്യംചെയ്യാൻ വിളിപ്പിച്ചു. ഒട്ടേറെ സംസ്ഥാനങ്ങളിൽ രാഷ്ട്രീയനേതാക്കളെ കുടുക്കാൻ ഇഡിയെ ഉപയോഗിച്ചു.
കേരളത്തിൽ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും സംസ്ഥാന സർക്കാർ രൂപീകരിച്ച കിഫ്‌ബിക്കും ഇതര പദ്ധതികൾക്കുംനേരെ നീങ്ങുന്ന വിധത്തിൽ കേന്ദ്രഏജൻസികളുടെ ഇടപെടലുണ്ടായിരിക്കുന്നു. എൽഡിഎഫ് സർക്കാരിനെയും രാഷ്ട്രീയനേതൃത്വത്തെയും തെരഞ്ഞെടുപ്പ് കാലത്ത് അപകീർത്തിപ്പെടുത്താനാണ് ശ്രമം.
കേന്ദ്രധനമന്ത്രി നിർമല സീതാരാമൻ ബിജെപി റാലിയിൽ പങ്കെടുത്ത് കിഫ്‌ബിക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ചു. തൊട്ടടുത്ത ദിവസം ഫെമ നിയമപ്രകാരം ഇഡി കേസെടുത്തു.
സ്വർണകള്ളക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിലെന്നപേരിൽ ഹൈക്കോടതിയിൽ കസ്‌റ്റംസ് നൽകിയ സത്യവാങ്‌മൂലത്തിലെ പരാമർശങ്ങൾക്ക് തെളിവില്ല. മുഖ്യമന്ത്രിക്കെതിരെ പറയാൻ ഇഡി ഉദ്യോഗസ്ഥന്റെ സമ്മർദമുണ്ടായെന്ന പൊലീസ് ഉദ്യോഗസ്ഥയുടെ മൊഴിയും പുറത്തുവന്നിട്ടുണ്ട്.
കേരളത്തിലെ കോൺഗ്രസ് നേതാക്കളും കേന്ദ്രഏജൻസികൾക്കൊപ്പം ചേർന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മാത്രമല്ല, രാഹുൽഗാന്ധിയും ആരോപണങ്ങൾ ഏറ്റുപിടിച്ചു.
രാഹുൽ ഗാന്ധിയും കൂട്ടരും ഇഡിയുടെ തിരക്കഥ അനുസരിച്ച് നീങ്ങുന്നുവെന്നു മാത്രമല്ല, മറ്റ് സംസ്ഥാനങ്ങളിൽ കോൺഗ്രസ് നേതാക്കൾക്കുനേരെ ഇഡി സ്വീകരിക്കുന്ന നടപടികൾക്ക് സാധുതയും നൽകുകയാണ്–-മുഖപ്രസംഗത്തിൽ വ്യക്തമാക്കി.