മലപ്പുറം താനൂരിലെ ബോട്ടപകടത്തെ തുടർന്ന് അടിയന്തിര ഇടപെടലിൽ സർക്കാർ

0
65

മലപ്പുറം താനൂരിലെ ബോട്ടപകടത്തെ തുടർന്ന് അടിയന്തിര ഇടപെടലിൽ സർക്കാർ. മുഖ്യമന്ത്രി പിണറായി വിജയൻ താനൂരിലെത്തി. മുഖ്യമന്ത്രിക്കൊപ്പം ചീഫ് സെക്രട്ടറിയും മറ്റ് മന്ത്രിമാരുമുണ്ട്. തിരുവനന്തപുരത്ത് നിന്ന് പ്രത്യേക വിമാനത്തിലാണ് മുഖ്യമന്ത്രി എത്തിയത്. അപകടത്തിൽപ്പെട്ട് തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരെ സന്ദർശിച്ചു. അപകടത്തിൽ മരിച്ചവരുടെ ബന്ധുക്കളെയും മന്ത്രിമാർ സന്ദർശിക്കും.

രക്ഷാപ്രവർത്തനത്തിനാണ് ആദ്യം സർക്കാർ മുൻഗണന നൽകുന്നത് എന്ന് റവന്യു മന്ത്രി കെ രാജൻ പറഞ്ഞു. തുടർന്ന് ഗൗരവത്തോടെ ഈ വിഷയം സർക്കാർ ചർച്ച ചെയ്യും. ഭാവിയിൽ ഇത്തരം അപകടങ്ങൾ ഒഴിവാക്കാനുള്ള നടപടികളും സ്വീകരിക്കും. രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയ പ്രദേശവാസികൾക്ക് മന്ത്രി നന്ദി അറിയിച്ചു.

മരിച്ചവരുടെ പോസ്റ്റ്മോർട്ടം പൂർത്തിയായിട്ടുണ്ട്. ഇന്നലെ രാത്രിയിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ അടിയന്തര യോഗം ചേർന്ന് പോസ്റ്റ്മോർട്ടം നടപടികൾ വേഗത്തിലാക്കാൻ നിർദ്ദേശം നൽകിയിരുന്നു. രാവിലെ 10 മണിക്കുള്ളിൽ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കാനുള്ള ക്രമീകരണങ്ങൾ ഒരുക്കാനും മന്ത്രി നിർദ്ദേശം നൽകുകയായിരുന്നു. തുടർന്ന് 09:30 യോടെ എല്ലാ ആശുപത്രികളിലെയും പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കുകയായിരുന്നു.